അയർക്കുന്നത്ത് വീട് ആക്രമിച്ച് അർദ്ധരാത്രിയിലെ കൊള്ള: രണ്ടു പ്രതികൾക്ക് 22 വർഷം കഠിന തടവും ഒന്നരലക്ഷം രൂപ പിഴയും; പ്രതികളെ ശിക്ഷിച്ചത് വീഡിയോ കോൺഫറൻസിംങ് വഴി

അയർക്കുന്നത്ത് വീട് ആക്രമിച്ച് അർദ്ധരാത്രിയിലെ കൊള്ള: രണ്ടു പ്രതികൾക്ക് 22 വർഷം കഠിന തടവും ഒന്നരലക്ഷം രൂപ പിഴയും; പ്രതികളെ ശിക്ഷിച്ചത് വീഡിയോ കോൺഫറൻസിംങ് വഴി

ക്രൈം ഡെസ്‌ക്

അയർക്കുന്നം: അയർക്കുന്നത് വീട് ആക്രമിച്ച് അർദ്ധരാത്രി കൊള്ളനടത്തിയ സംഘത്തിലെ തമിഴ്‌നാട് സ്വദേശികളായ രണ്ടു പേർക്ക് 22 വർഷം കഠിന തടവും ഒന്നരലക്ഷം രൂപ പിഴയും. അയർക്കുന്നം നീറിക്കാട് ചേനയ്ക്കൽ ഭാഗത്ത് ഇടപ്പള്ളി കുഞ്ഞുമോന്റെ വീട് ആക്രമിച്ച് കവർച്ച നടത്തിയ മൂന്നംഗസംഘത്തിലെ രണ്ടു പേരെയാണ് കോടതി ശിക്ഷിച്ചത്.

തമിഴ്‌നാട് ശിവഗംഗ സ്വദേശിയായ സെൽവരാജ് (50), രാമനാട് ജില്ലയിൽ മദീനനഗർ കമ്മ ഭാഗത്ത് രാജ്കുമാർ (22) എന്നിവരെയാണ് അഡീഷണൽ സെഷൻസ് കോടതി രണ്ട് ജഡ്ജി ജോൺസൺ ജോൺ ശിക്ഷിച്ചത്. കേസിലെ മറ്റൊരു പ്രതിയായ തമിഴ്‌നാട് സ്വദേശി അരുൺ രാജ് സ്വർണമാലയുമായി രക്ഷപെട്ടിരുന്നു. ഇയാളെ ഇനിയും പിടികൂടാൻ സാധിച്ചിട്ടില്ല. ഐപിസി 450 വകുപ്പ് പ്രകാരം വീട്ടിൽ അതിക്രമിച്ചു കയറി വീട്ടുടമസ്ഥരെ ആക്രമിച്ചതിന് അഞ്ചു വർഷം കഠിനതടവും, അരലക്ഷം രൂപ പിഴയും, ഐപിസി 325 വകുപ്പ് പ്രകാരം ആക്രമിച്ചു പരിക്കേൽപ്പിച്ചതിനു അഞ്ചു വർഷം കഠിനതവും അരലക്ഷം രൂപ പിഴയും,
ഐപിസി 394 പ്രകാരം മോഷണത്തിനിടെ കൊലപ്പെടുത്താൻ വേണ്ടി പരിക്കേൽപ്പിച്ചതിനു അഞ്ചു വർഷം കഠിനതടവും അരലക്ഷം രൂപ പിഴയും, ഐപിസി 397 പ്രകാരം മോഷണത്തിനും കവർച്ചയ്ക്കുമായി ഏഴു വർഷം കഠിനതടവുമാണ് പ്രതികൾക്കു വിധിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2017 ജൂൺ ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം. നീറിക്കാട് ചേനയ്ക്കൽ ഭാഗത്ത് ഇടപ്പള്ളിയിൽ കുഞ്ഞുമോന്റെ വീട്ടിൽ അതിക്രമിച്ചു കയറിയ സംഘം വീട്ടുകാരെ ആക്രമിക്കുകയായിരുന്നു. അർദ്ധരാത്രിയിൽ വീടിനുള്ളിൽ അടുക്കള വാതിൽ തകർത്താണ് പ്രതികൾ പ്രവേശിച്ചത്. ശബ്ദം കേട്ട് ഉണർന്ന കുഞ്ഞുമോനെയും ഭാര്യ ശോഭന കുമാരിയെയും പ്രതികൾ ആക്രമിച്ചു. കുഞ്ഞുമോന്റെ തലയ്ക്കു വെട്ടുകത്തിയ്ക്കു വെട്ടിയ പ്രതികൾ, താഴെ വീണു കിടന്ന കുഞ്ഞുമോനെയും ഭാര്യയെയും ചവിട്ടുകയും ചെയ്തു. ആക്രമണത്തിൽ കുഞ്ഞുമോന്റെ വാരിയെല്ലുകൾ പൊട്ടിയിരുന്നു.

ശോഭനകുമാരിയുടെ കഴുത്തിൽകിടന്നിരുന്ന സ്വർണമാല പ്രതികൾ പൊട്ടിച്ചെടുത്തു. ഇരുവരുടെയും കരച്ചിൽ കേട്ട് അയൽവാസികൾ പുറത്തിറങ്ങിയതോടെ പ്രതികൾ ഓടിരക്ഷപെട്ടു. കുഞ്ഞുമോനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയക്കു വിധേയനാക്കുകയായിരുന്നു.

അയർക്കുന്നം എസ്.ഐ പി.എസ് ഷാജൻ, ഈസ്റ്റ് എസ്.ഐ ആയിരുന്ന യു.ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. അയർക്കുന്നം എസ്.ഐ ആയിരുന്നു വി.എസ് അനിലാണ് പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്. കേസിൽ 11 സാക്ഷികളെ വിസ്തരിച്ചു, 18 പ്രമാണങ്ങളും പ്രതികൾ ഉപയോഗിച്ച വെട്ടുകത്തികളും കണ്ടെത്തി.

ഇതേ ദിവസം തന്നെ പ്രതികൾ നീറിക്കാട് ഭാഗത്തുള്ള റോയിയുടെ വീട്ടിൽ ആക്രമണം നടത്തി ഇയാളുടെ ഭാര്യയുടെ സ്വർണമാല കവർച്ച ചെയ്തിരുന്നു. ഇ കേസിൽ തിരുവനന്തപുരം സെൻട്രൽ ജയിലിൽ പ്രതികൾ ശിക്ഷ അനുഭവിച്ചു വരികയാണ്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ.കെ.ജിതേഷ്, അഭിഭാഷകരായ ജോബിൻ മാത്യു, ലിജോ കുര്യൻ ജോസ്, ആശ രഞ്ജിത്ത് എന്നിവർ കോടതിയിൽ ഹാജരായി.

മാർച്ചിൽ വിചാരണ പൂർത്തിയായ കേസ് ലോക്ക് ഡൗണിനെ തുടർന്നു വിധി പറയുന്നത് നീട്ടിവയ്ക്കുകയായിരുന്നു. ലോക്ക് ഡൗണിനു ശേഷം വീഡിയോ കോൺഫറൻസിംങ് വഴിയാണ് വിചാരണ നടപടികൾ പൂർത്തിയാക്കി കേസിൽ വിധി പറഞ്ഞത്.