video
play-sharp-fill

ഗാന്ധിനഗറിൽ വീണ്ടും ക്വട്ടേഷൻ ആക്രമണം: ക്രിസ്മസ് ദിനത്തിൽ രണ്ടു യുവാക്കളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ക്വട്ടേഷൻ സംഘാംഗങ്ങൾ അറസ്റ്റിൽ; പിടിയിലായത് അതിരമ്പുഴയിൽ പൊലീസിനെ ബോംബെറിഞ്ഞ സംഘാംഗങ്ങൾ

ഗാന്ധിനഗറിൽ വീണ്ടും ക്വട്ടേഷൻ ആക്രമണം: ക്രിസ്മസ് ദിനത്തിൽ രണ്ടു യുവാക്കളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ക്വട്ടേഷൻ സംഘാംഗങ്ങൾ അറസ്റ്റിൽ; പിടിയിലായത് അതിരമ്പുഴയിൽ പൊലീസിനെ ബോംബെറിഞ്ഞ സംഘാംഗങ്ങൾ

Spread the love

ക്രൈം ഡെസ്‌ക്

കോട്ടയം: ക്രിസ്മസ് ദിനത്തിൽ അടിച്ചിറയിൽ രണ്ടു യുവാക്കളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ക്വട്ടേഷൻ സംഘത്തിലെ മൂന്നംഗങ്ങൾ പൊലീസ് പിടിയിലായി. ഏറ്റുമാനൂർ സ്വദേശിയായ യുവ വ്യവസായി ബിജു വട്ടമലയുടെ ക്വട്ടേഷൻ ഏറ്റെടുത്തെത്തിയ ഗുണ്ടാ സംഘമാണ് ആക്രമണം നടത്തിയത്. ക്രിസ്മസ് ദിനത്തിൽ രാത്രിയിൽ അടിച്ചിറ റെയിൽവേ ഗേറ്റിനു സമീപത്ത് സംശയാസ്പദമായി കണ്ട ബിജുവിനെ നാട്ടുകാർ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് ക്വട്ടേഷൻ സംഘം ആക്രമണം നടത്തിയത്.

പേരൂർ കൈതക്കുളങ്ങറ കാലാപ്പള്ളിൽ വീട്ടിൽ വിനോദ് (38), സുഹൃത്ത് അതിരമ്പുഴ മുടിയൂർക്കകര പെരുമ്പുകാലായിൽ ബിനിൽ (31) എന്നിവരെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. ക്രിസ്മസ് ദിനത്തിൽ രാത്രി ഒൻപത് മണിയോടെ ബിജുവിനെ ചോദ്യം ചെയ്ത സംഘത്തെ രണ്ടു മണിക്കൂറിനു ശേഷം ക്വട്ടേഷൻ സംഘം ആക്രമിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്വട്ടേഷന് യുവാക്കളെ അറേഞ്ച് ചെയ്തു നൽകിയ ബിജുവിന്റെ ഡ്രൈവർ കടുത്തുരുത്തി മങ്ങാട്ട് സ്‌റ്റെബിൻ ജോൺ (23) , ഏറ്റുമാനൂർ മങ്ങാട്ട് ഇണ്ടത്തിൽ ജിസ് തോമസ് (39), അതിരമ്പുഴ കാക്കടിയിൽ ലിബിൻ (32) എന്നിവരെയാണ് ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ എസ്.ഐ ടി.എസ് റെനീഷും സംഘവും അറസ്റ്റ് ചെയ്തത്.

ക്രിസ്മസ് ദിനത്തിൽ രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം. ഏറ്റുമാനൂരിലെ വ്യവസായിയായ ബിജു രാത്രിയിൽ കാണക്കാരി റെയിൽവേ ഗേറ്റിനു സമീപം എത്തുകയായിരുന്നു. ഈ സമയം വഴിയിലിരുന്ന യുവാക്കളുടെ സംഘം ബിജുവിനെ ചോദ്യം ചെയ്തു. ഇതേത്തുടർന്നു യുവാക്കളുടെ സംഘവും ബിജുവും തമ്മിൽ വാക്കേറ്റവും നേരിയ തോതിൽ കയ്യാങ്കളിയും ഉണ്ടായി.

ഇവിടെ നിന്നും മടങ്ങിയ ബിജു നേരെ എത്തിയത് അതിരമ്പുഴയിലെ കോട്ടമുറി കോളനിയിലേയ്ക്കാണ്. ഇവിടെ എത്തിയ ബിജു മുൻപ് നിരവധി ക്രിമിനൽക്കേസുകളിൽ പ്രതികളായിരുന്നവരെ വിളിച്ചു കൂട്ടി. തുടർന്ന് തന്നെ അപമാനിച്ചവർക്കെതിരെ പ്രതികാരം തീർക്കാൻ ഒരുങ്ങുകയായിരുന്നു.

അതിരമ്പുഴ കോട്ടമുറി കോളനിയിൽ പൊലീസിനു നേരെ പെട്രോൾ ബോംബ് എറിയുകയും, കടുത്തുരുത്തിൽ എക്‌സൈസ് സംഘത്തിനു നേരെ ആക്രമണം നടത്തുകയും ചെയ്ത കേസിലെ പ്രതികളെയാണ് ക്വട്ടേഷൻ സംഘത്തിനായി ഒപ്പം കൂട്ടിയത്. തുടർന്ന വടിവാളും മാരകായുധങ്ങളുമായി അടിച്ചിറ റെയിൽവേ ഗേറ്റിനു സമീപം പ്രതികൾ എത്തി. രാത്രി പത്തരയോടെ എത്തിയ ക്വട്ടേഷൻ സംഘം വിനോദിനെയും, ബിനിലിനെയും വെട്ടി.

വെട്ടേറ്റ് ബിനിലിന്റെ തല പിളർന്നു. വടിവാൾ ഉപയോഗിച്ചാണ് തലയ്ക്കു വെട്ടിയത്. വിനോദിനെ കമ്പും വടിയും മാരകായുധങ്ങളും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഇരുവരും വെട്ടേറ്റ് രക്തത്തിൽ കുളിച്ച് വീണതോടെ അക്രമി സംഘം സ്ംഭവ സ്ഥലത്തു നിന്നും ഓടിരക്ഷപെട്ടു. നാട്ടുകാരും വിനോദിന്റെയും ബിനിലിന്റെയും സുഹൃത്തുക്കളും ചേർന്നാണ് ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്.

സംഭവത്തിനു ശേഷം പ്രതികൾ എറണാകുളം ഭാഗത്തേയ്ക്കു രക്ഷപെട്ടതായി ജില്ലാ പൊലീസ് മേധാവി പി.എസ് സാബുവിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് ഡിവൈ.എസ്.പി ആർ.ശ്രീകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ അന്വേഷണത്തിനായി നിയോഗിക്കുകയായിരുന്നു. എസ്.ഐ ടി.എസ് റെനീഷ്, അഡീഷണൽ എസ്.ഐ ടി.കെ സജിമോൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ രാജേഷ് ഖന്ന, സിവിൽ പൊലീസ് ഓഫിസർമാരായ ഗിരീഷ്, അജിത്ത്, ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ജില്ലയ്ക്കു പുറത്തേയ്ക്കു കടക്കാൻ ശ്രമിച്ച പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

കേസിൽ പിടിയിലായവരെല്ലാം സ്ഥിരം ക്വട്ടേഷൻ ഗുണ്ടാ ആക്രമണക്കേസ് പ്രതികളാണ്. എല്ലാവരും കഞ്ചാവിന് അടിമകളുമാണെന്ന് പൊലീസ് പറഞ്ഞു.