പാട്ടുപാടുന്നതിനിടെ മൊബൈൽ ബെല്ലടിച്ചു: ബിയർ ബോട്ടിൽ പൊട്ടിച്ച് പട്ടാളക്കാരനെ അലോട്ടി ബാറിനുള്ളിൽ കുത്തി വീഴ്ത്തി: അലോട്ടിയും ഗുണ്ടകളും വീണ്ടും പിടിയിൽ; പിടിയിലാകുന്നത് പുറത്തിറങ്ങി രണ്ടു മാസത്തിനകം
സ്വന്തം ലേഖകൻ
കോട്ടയം: മദ്യപിച്ച് പാട്ടുപാടുന്നതിനിടെ മൊബൈൽ ഫോൺ ബെല്ലടിച്ചതിൽ ക്ഷുഭിതനായ ഗുണ്ടാ നേതാവ് അലോട്ടി ബിയർ ബോട്ടിൽ പൊട്ടിച്ച് സമീപത്തിരുന്ന പട്ടാളക്കാരനെ കുത്തി വീഴ്ത്തി. കുത്തേറ്റ പട്ടാളക്കാരനെ നിലത്തിട്ട് ചവിട്ടിയ ശേഷം അക്രമി സംഘം രക്ഷപെട്ടു.
കൊലപാതകം അടക്കം നിരവധി കേസുകളിൽ പ്രതിയായ ആർപ്പൂക്കര പനമ്പാലം കൊപ്രായിൽ ജെയിസ് മോൻ (അലോട്ടി – 24), ആർപ്പൂക്കര കോലോട്ടമ്പലം ഉമ്പുകാട്ട് വീട്ടിൽ ജീമോൻ (24), പാലത്തൂർ വീട്ടിൽ ടോമി ജോസഫ് (22), പുല്ലരിക്കുന്ന് കൂട്ടത്തിൽ വീട്ടിൽ ജിത്തു ജോസഫ് (24) എന്നിവരെയാണ് ഗാന്ധിനഗർ എസ്.ഐ അനൂപ് ജോസ് അറസ്റ്റ് ചെയ്തത്. മെഡിക്കൽ കോളേജിനു സമീപം ഗാന്ധിനഗറിലെ നിത്യ ബാറിൽ വച്ചാണ് പട്ടാളക്കാരനും ആർപ്പൂക്കര സ്വദേശിയുമായ വിഷ്ണുവിനെ അക്രമി സംഘം കുത്തി വീഴ്ത്തിയത്. കുത്തേറ്റ് വയർ പിളർന്ന വിഷ്ണു മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ബാറിനുള്ളിൽ തൊട്ടടുത്ത സീറ്റുകളിലാണ് രണ്ടു സംഘങ്ങളും ഇരുന്നിരുന്നത്. ഇതിനിടെ അലോട്ടിയുടെ സംഘത്തിലെ യുവാവ് പാട്ട പാടി. പാട്ട് പാടുന്നതിനിടെ തൊട്ടപ്പുറത്തെ സീറ്റിലിരുന്ന വിഷ്ണുവിന്റെ മൊബൈൽ ഫോൺ ബെല്ലടിച്ചു. ഇതേച്ചൊല്ലി ഇരുസംഘങ്ങളും തമ്മിൽ വാക്ക് തർക്കമുണ്ടായി. ഇതിനിടെ അ്‌ലോട്ടി മേശപ്പുറത്തിരുന്ന ബിയർ കുപ്പി പൊട്ടിച്ച് വിഷ്ണുവിന്റെ വയറ്റിൽ കുത്തുകയായിരുന്നു. കുത്തേറ്റ് പിന്നിലേയ്ക്ക് മറിഞ്ഞു വീണു വിഷ്ണു.
കുത്തേറ്റ് വീണ വിഷ്ണുവിനെ ഉപേക്ഷിച്ച് നാലു പേരും ബാറിൽ നിന്നു രക്ഷപെട്ടു. പരിക്കേറ്റ് കിടന്ന വിഷ്ണുവിനെ ബാർ ജീവനക്കാർ ചേർന്നാണ് മെഡിക്കൽ കോളേജ് ആശുപത്രിൽ എത്തിച്ചത്.
സംഭവത്തിനു ശേഷം രക്ഷപെട്ട പ്രതികൾ ആർപ്പൂക്കര ഭാഗത്ത് ആൾത്താമസമില്ലാത്ത വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു. പ്രതികൾ ഇവിടെ ഒളിവിൽ കഴിയുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ എസ്.ഐയുടെ നേതൃത്വത്തിൽ എ.എസ്.ഐമാരായ സജിമോൻ, സജി, സിവിൽ പൊലീസ് ഓഫിസർമാരായ ഷൈനു, ഷൈൻ എന്നിവരുടെ നേതൃത്വത്തിൽ വീട് വളഞ്ഞ് പൊലീസ് സംഘം പ്രതികളെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കൊലപാതകവും, എക്സൈസ് സംഘത്തെ ആക്രമിച്ചതും അടക്കം നിരവധി കേസുകളിൽ പ്രതിയാണ് അലോട്ടി.
നഗരമധ്യത്തിലെ ലോഡ്ജ് മാനേജരെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അലോട്ടി. ഇതുകൂടാതെ വീട്ടിൽ പരിശോധനയ്ക്ക് എത്തിയ എക്‌സൈസ് സംഘത്തിനു നേരെ കുരുമുളക് ്‌സ്േ്രപ പ്രയോഗിച്ച കേസിലും നിരവധി വധശ്രമക്കേസുകളിലും പ്രതിയാണ് ജെയ്‌സ്‌മോൻ എന്ന അലോട്ടി.