പള്ളിക്കത്തോട്ടിൽ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം: ദളിത് വിഭാഗത്തിന് എതിരെ പടക്കം എറിഞ്ഞതായി പരാതി; ബി.ജെ.പിയുടെ നിയുക്ത പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവർക്ക് എതിരെ കേസ്

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: പള്ളിക്കത്തോട്ടിൽ ദളിത് വിഭാഗത്തിൽപ്പെട്ടവർക്ക് എതിരെ പടക്കം എറിഞ്ഞ സംഭവത്തിൽ ബി.ജെ.പിയുടെ നിയുക്ത പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവർക്ക് എതിരെ കേസെടുത്തു. ബി.ജെ.പി പഞ്ചായത്തംഗം ആശാ ഗിരീഷ്, ഭർത്താവ് ഗിരീഷ്, കണ്ടാലറിയാവുന്ന പത്തോളം വരുന്ന പ്രവർത്തകർ എന്നിവർക്ക് എതിരെയാണ് പട്ടികജാതി അക്രമ നിരോധന നിയമപ്രകാരം കേസെടുത്തിരിക്കുന്നത്. പള്ളിക്കത്തോട് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേയ്ക്കു ആശ ഇന്നു മത്സരിക്കാനിരിക്കെയാണ് കേസ്.

പടക്കം പൊട്ടിച്ചതിനെച്ചൊല്ലി കഴിഞ്ഞ ദിവസമാണ് പഞ്ചായത്തിൽ തർക്കമുണ്ടായത്. ക്രിസ്മസ് ദിനത്തിൽ അയൽവാസികൾ തമ്മിലാണ് പടക്കം പൊട്ടിച്ചതിനെച്ചൊല്ലി തർക്കവും സംഘർഷവും ഉണ്ടായത്. ഇതിനിടെ ഒരു വിഭാഗത്തിനെതിരെ ബി.ജെ.പി പ്രവർത്തകർ പടക്കം എറിഞ്ഞതെന്ന് ആരോപണം ഉയർന്നത്. പടക്കം എറിഞ്ഞതിനെ തുടർന്നു പതിപ്പറമ്പിൽ സുഭാഷിനു പരിക്കേറ്റിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എതിർവിഭാഗത്തിൽപ്പെട്ട ആളുകൾ ആക്രമിച്ചതായുള്ള ഗിരീഷിന്റെ പരാതിയിൽ രണ്ടു പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. അക്രമ സംഭവങ്ങൾക്കിടെ പള്ളിക്കത്തോട് സ്വദേശിയായ യുവതി ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. ഈ സംഭവത്തിലും പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അക്രമ സംഭവങ്ങൾ തുടരാതിരിക്കാൻ പള്ളിക്കത്തോട് സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ടി.ആർ ജിജുവിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.