
ഗൾഫിലെ ഇന്ത്യക്കാരുടെ സുരക്ഷക്കായി കേന്ദ്രസർക്കാർ ഇടപെടണം ജോസ് കെ.മാണി : കോവിഡ് പ്രതിരോധം ഊർജിതപ്പെടുത്തണം
സ്വന്തം ലേഖകൻ
കോട്ടയം: കോവിഡ് മഹാവ്യാധിയുടെ പശ്ചാത്തലത്തിൽ വിവിധ ഗൾഫ് രാജ്യങ്ങളിലെ പ്രവാസി ഇന്ത്യാക്കാരുടെ സുരക്ഷ ഉറപ്പുവരുത്താൻ കേന്ദ്രവിദേശകാര്യവകുപ്പ് അടിയന്തിരമായി ഇടപെടണമെന്ന് കേരള കോൺഗ്രസ്സ് (എം) ചെയർമാൻ ജോസ് കെ,മാണി എം.പി ആവശ്യപ്പെട്ടു.
കോവിഡ് പ്രതിരോധത്തിനായി ആവശ്യമായ നടപടികൾ സ്വീകരിച്ചതായി അവിടുത്തെ ഭരണകൂടം വ്യക്തമാക്കുന്നുണ്ടെങ്കിലും ആശങ്കാജനകമായ സാഹചര്യമാണ് നിലനിൽക്കുന്നത് എന്നാണ് സമൂഹമാധ്യമങ്ങളിലൂടെ ഉൾപ്പടെ ഈ മേഖലയിൽ നിന്നുള്ള പ്രവാസികൾ പുറംലോകത്തെ അറിയിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാധാരണ തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന മേഖലകളിലും ലേബർക്യാമ്പുകളിലും മതിയായ പ്രതിരോധ സംവിധാനങ്ങളോ സുരക്ഷാമുൻകരുതലുകളോ ലഭ്യമല്ല എന്നാണ് അവരിൽ പലരും അറിയിക്കുന്നത്.
പലർക്കും കൊറോണ സ്ഥിരീകരിച്ചിട്ട് മതിയായ ചികിത്സ ലഭിക്കുന്നില്ല എന്ന വാർത്തകൾ ഉത്കണ്ഠ ഉണ്ടാക്കുന്നതാണ്. സാധാരണ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലകളിൽ ഭക്ഷണത്തിനും മറ്റുമായി വളരെ ബുദ്ധിമുട്ടുകയാണ്.
ഓരോ പ്രവാസിയുടേയും ജീവനും ആരോഗ്യവും രാജ്യത്തെ സംബന്ധിച്ച് വിലപ്പെട്ടതാണ്. അന്താരാഷ്ട്ര വിമാന സർവ്വീസുകൾ ഇല്ലാത്തതിനാൽ ഇവർക്കാർക്കും ഇന്ത്യയിലേക്ക് എത്തിച്ചേരാനുള്ള സാഹചര്യവും നിലവിൽ ഇല്ല. മലയാളികൾ ഉൾപ്പടെയുള്ള ഗൾഫിലെ പ്രവാസി സമൂഹത്തിന്റെ സുരക്ഷ ഉറപ്പുവരുത്താൻ കേന്ദ്രസർക്കാർ ആവശ്യമായ എല്ലാ ഇടപെടലുകളും നടത്തണമെന്നും ജോസ് കെ.മാണി ആവശ്യപ്പെട്ടു.