
ആശുപത്രിയിലെ സിസിടിവി സെർവർ ഹാക്ക് ചെയ്യപ്പെട്ടുവെന്ന് അധികൃതർ; ഗൈനക്കോളജി ഡിപ്പാർട്ട്മെൻ്റിൽ സ്ത്രീകളെ പരിശോധിക്കുന്നതിന്റെ നിരവധി വീഡിയോകൾ പുറത്ത്; ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്
രാജ്കോട്ട്: ഗുജറാത്തിലെ ഒരു ആശുപത്രിയിൽ ഗൈനക്കോളജി ഡിപ്പാർട്ട്മെന്‍റിൽ സ്ത്രീകളെ പരിശോധിക്കുന്നതിന്റെ നിരവധി വീഡിയോകൾ പുറത്ത്. സ്ത്രീ സുരക്ഷയും സ്വകാര്യതയും അപകടത്തിലാക്കുന്ന വിധത്തിൽ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ പൊലീസ് അന്വേഷണം തുടങ്ങി.
മുൻപ് ഹോട്ടലുകളിൽ നിന്നും മാളുകളിൽ നിന്നും ഒളിക്യാമറ ദൃശ്യങ്ങൾ പുറത്തുവന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്. എന്നാൽ രാജ്‌കോട്ടിലെ പായൽ മെറ്റേണിറ്റി ഹോമിൽ സ്ത്രീകളെ പരിശോധിക്കുന്നതിന്‍റെയും കുത്തിവയ്പ്പ് നൽകുന്നതിന്‍റെയും മറ്റും സിസിടിവി ദൃശ്യങ്ങളാണ് ഓൺലൈനിൽ എത്തിയത്. ഇക്കാര്യം അഹമ്മദാബാദ് സൈബർ ക്രൈം പൊലീസിന്‍റെ ശ്രദ്ധയിൽപ്പെട്ടു.
ആശുപത്രി ഡയറക്ടറെ ചോദ്യംചെയ്തപ്പോൾ സിസിടിവി സെർവർ ഹാക്ക് ചെയ്യപ്പെട്ടു എന്നാണ് പറഞ്ഞത്. ആശുപത്രി വീഡിയോകൾ എങ്ങനെയാണ് വൈറലായതെന്ന് തനിക്കറിയില്ല എന്നാണ് ഡോ. അമിത് അക്ബരി പറഞ്ഞത്. സിസിടിവി സെർവർ ഹാക്ക് ചെയ്യപ്പെട്ടെന്ന് തോന്നുന്നു. എന്തുകൊണ്ടാണ് ഇത് സംഭവിച്ചതെന്ന് അറിയില്ല. പൊലീസിൽ പരാതി നൽകും. പൊലീസ് അന്വേഷണവുമായി സഹകരിക്കും എന്നാണ് ഡോക്ടർ പറഞ്ഞത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജ്കോട്ട് സൈബർ ക്രൈം പൊലീസ് കേസെടുത്തിട്ടുണ്ട്. ഡോക്ടർമാർ ഉൾപ്പെടെ മുഴുവൻ ആശുപത്രി ജീവനക്കാരെയും പൊലീസ് സംഘം ചോദ്യം ചെയ്തുവരികയാണ്.
ആരാണ് ഈ വീഡിയോകൾ എടുത്തതെന്നും എന്തിന് വേണ്ടിയാണെന്നും അന്വേഷിക്കുകയാണെന്നും സൈബർ ക്രൈം ഐടി ആക്‌ട് സെക്ഷൻ 66ഇ, 67 പ്രകാരം കേസെടുക്കുമെന്നും പൊലീസ് പറഞ്ഞു.