
ചണ്ഡീഗഡ്: ഐപിഎല്ലിൽ ഇന്ന് എലിമിനേറ്റർ പോരാട്ടം. രണ്ടാം ക്വാളിഫയർ ലക്ഷ്യമിട്ട് മുംബൈ ഇന്ത്യൻസും ഗുജറാത്ത് ടൈറ്റൻസും ഏറ്റുമുട്ടും. മുള്ളൻപൂരിലെ മഹാരാജ യാദവീന്ദ്ര സിംഗ് സ്റ്റേഡിയത്തില്‍ രാത്രി ഏഴരയ്ക്കാണ് മത്സരം തുടങ്ങുക.
ഇന്ന് തോല്‍ക്കുന്നവര്‍ക്ക് മോഹഭാരത്തോടെ മടങ്ങാം. ജയിക്കുന്നവർക്ക് ഫൈനൽ ലക്ഷ്യമിട്ട് ഞായറാഴ്ച രണ്ടാം ക്വാളിഫയറിൽ പഞ്ചാബിനെ നേരിടാം. പോയന്‍റ് പട്ടികയിലെ മൂന്നും നാലും സ്ഥാനക്കാരാണ് ഗുജറാത്ത് ടൈറ്റൻസും മുംബൈ ഇന്ത്യൻസും. സീസണിൽ രണ്ടുതവണ ഏറ്റുമുട്ടിയപ്പോഴും ജയം ശുഭ്മൻ ഗില്ലിന്‍റെ ടൈറ്റൻസിനൊപ്പമായിരുന്നു.
മധ്യനിരയിലെ ബാറ്റിംഗ് നെടന്തൂണായ ജോസ് ബട്‍ലറില്ലാതെയാണ് ഗുജറാത്ത് മുംബൈക്കെതിരെ ഇറങ്ങുന്നത്. ഇതോടെ ഗിൽ, സായ് സുദർശൻ ഓപ്പണിംഗ് ജോഡിയുടെ ഉത്തരവാദിത്തം ഇരട്ടിയാവും. 538 റൺസെടുത്ത ബട്‍ലറിന്‍റെ അഭാവം നികത്താൻ കുശാൽ മെൻഡിസിന് കഴിയുമോയെന്നാണ് ആകാംക്ഷ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗിൽ, സായ്, ജോസ് ത്രയം പതറിയപ്പോഴൊന്നും ടൈറ്റൻസ് മധ്യനിരയ്ക്ക് ടീമിനെ താങ്ങാൻ കഴിഞ്ഞിട്ടില്ല എന്നതാണ് പ്രതിസന്ധി.
റാഷിദ് ഖാന്‍റെ മങ്ങിയ ഫോം ആശങ്കയായി തുടരുന്നു. സായ് കിഷോർ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവരിലാണ് ഗില്ലിന്‍റെ ബൗളിംഗ് പ്രതീക്ഷ. മുംബൈയുടെ ഗതി നിശ്ചയിക്കുക ജസ്പ്രീത് ബുമ്ര, ട്രെന്‍റ് ബോൾട്ട്, മിച്ചൽ സാന്‍റ്നർ ബൗളിംഗ് ത്രയവും സൂര്യകുമാർ യാദവിന്‍റെ ബാറ്റിംഗുമാവും. രോഹിത് ശർമ്മയും തിലക് വർമ്മയും ക്യാപ്റ്റൻ ഹാർദിക് പണ്ഡ്യയുമുണ്ടെങ്കിലും മുംബൈ റൺസിനായി സൂര്യയെ അമിതമായി ആശ്രയിക്കുന്നു.
നാട്ടിലേക്ക് മടങ്ങിയ റയാൻ റിക്കിൾട്ടന് പകരം മുംബൈ നിരയിൽ ജോണി ബെയ്ർസ്റ്റോ ഇറങ്ങുമെന്നാണ് കരുതുന്നത്. മുംബൈയും ഗുജറാത്തും ഇതുവരെ നേർക്കുനേർ വന്നത് ഒൻപത് കളിയിൽ. ഏഴ് മത്സരത്തിൽ ജയിച്ച ഗുജറാത്തിന് വ്യക്തമായ ആധിപത്യം. മുംബൈ ജയിച്ചത് രണ്ട് കളിയിൽ മാത്രം.