പത്തിവിടർത്തി മൂർഖൻ പാമ്പ് ; വീട്ടമ്മയുടെ ജീവൻ രക്ഷിച്ച് വളർത്തുനായ ; ജൂലി ഇതുവരെ കീഴടക്കിയത് പത്ത് മൂർഖൻ പാമ്പുകളെ 

Spread the love

കോട്ടയം : മൂർഖൻ പാമ്പിൽ നിന്ന് വീട്ടമ്മയുടെ ജീവൻ രക്ഷിച്ച് ജൂലി എന്ന വളർത്തുനായ. ചാന്നാനിക്കാട് പുത്തൻപറമ്പിൽ റിട്ട. ഹോമിയോ ഡിഎംഒ ഡോ.പി.എൻ. രാജപ്പന്റെ വീട്ടിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. ജൂലി പിടികൂടുന്ന പത്താമത്തെ മൂർഖൻ പാമ്പാണിത്.

രാത്രി എട്ടുമണിയോടെ വീട്ടുമുറ്റത്തുനിന്നു ജൂലി എന്ന വളർത്തു നായയുടെ നിർത്താതെയുള്ള കുര കേട്ട് രാജപ്പന്റെ ഭാര്യ എൻ.പി. രാധമ്മ വീടിനുള്ളിൽ നിന്നു പുറത്തേക്ക് വന്നത്. കതക് തുറന്ന് പുറത്തേയ്ക്ക് ഇറങ്ങിയ വീട്ടമ്മ കണ്ടത് പത്തി വിടർത്തി നിൽക്കുന്ന മൂർഖനെ.

സിറ്റൗട്ടിന്റെ കമ്പിയഴിക്കുള്ളിലൂടെ മുൻകാലുകൾ കടത്തി തിണ്ണയിൽ അടിച്ച് ശബ്ദമുണ്ടാക്കിയാണ് നായ കുരച്ചിരുന്നത്. പാമ്പ് പത്തി വിടർത്തി പൂർണമായും നായയുടെ നേരെയായിരുന്നതിനാൽ കടിയേൽക്കാതെ രാധ രക്ഷപ്പെട്ടു. വനം വകുപ്പിൽ വിവരം അറിയിച്ചതിനെ തുടർന്ന് സ്നേക് റസ്ക്യൂവർ ഇല്ലിക്കൽ പ്രശോഭ് എത്തി പാമ്പിനെ പിടികൂ‌ടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

13 വയസ്സുള്ള ലാബ് ഇനത്തിൽപെട്ട നായയാണ് ജൂലി. കഴിഞ്ഞ 2 വർഷത്തിനുള്ളിൽ പറമ്പിൽ കയറിയ 9 മൂർഖൻ പാമ്പുകളെ ജൂലി കടിച്ചു കൊന്നിട്ടുണ്ട്. ചാന്നാനിക്കാട് ഭാഗത്ത് അടുത്തയിടെയായി മൂർഖൻ പാമ്പുകളെ കൂടുതലായി കണ്ടുവരുന്നുണ്ടെന്നു വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

വിഷപ്പാമ്പിനെ കണ്ടാൽ വനം വകുപ്പിനെ വിവരമറിയിക്കാം. ‘സർപ’ എന്ന മൊബൈൽ ആപ്പിൽ പാമ്പിന്റെയോ മാളത്തിന്റെയോ ചിത്രങ്ങൾ പരിസരം ഉൾപ്പെടെ കിട്ടുംവിധം പകർത്തി അപ്‌ലോഡ് ചെയ്യുക. 25 കിലോമീറ്റർ ചുറ്റളവിൽ ഉള്ള റെസ്ക്യൂ ടീം അംഗങ്ങളിൽ ഏറ്റവും അടുത്തുള്ളവർ ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ സ്ഥലത്തെത്തി പാമ്പിനെ പിടിക്കും. സേവനം സൗജന്യമാണ്. ഫോൺ: 8943249386.