video
play-sharp-fill

മുതിർന്ന സിപിഎം നേതാവ് ജി.സുധാകരനെ പുറത്താക്കാൻ പിണറായിയും എം.വി.ഗോവിന്ദനും കരുക്കൾ നീക്കി തുടങ്ങി: അങ്ങനെ വന്നാൽ കെആര്‍ ഗൗരിയമ്മയ്ക്ക് ശേഷം ആലപ്പുഴയില്‍ പാര്‍ട്ടിക്കു പുറത്താകാന്‍ പോകുന്ന പ്രമുഖന്‍ എന്ന നിലയില്‍ അതൊരു ചരിത്ര സംഭവമാവും: പോസ്റ്റൽ ബാലറ്റ് തിരുത്തിയെന്ന സുധാകരന്റെ വെളിപ്പെടുത്തൽ പാർട്ടിയെ വെട്ടിലാക്കിയിരിക്കുകയാണ്.

Spread the love

തിരുവനന്തപുരം: പാര്‍ട്ടിക്ക് തലവേദനയും ഭീഷണിയുമായി മാറിയ ജി സുധാകരനെ സിപിഎം പുറത്താക്കാനൊരുങ്ങുന്നു. സിപിഎമ്മിനെതിരെ കാലങ്ങളായി ഇടഞ്ഞുനില്‍ക്കുന്ന സുധാകരനെ പുറത്താക്കാന്‍ പിണറായി വിജയനും എം.വി. ഗോവിന്ദനും ഏറെക്കുറെ തീരുമാനത്തിലെത്തിക്കഴിഞ്ഞു. പാര്‍ട്ടിസ്ഥാന പദവികളില്‍ നിന്നെല്ലാം തരം താഴ്ത്തി വീട്ടില്‍ ഇരുത്തിയശേഷവും ജി സുധാകരന്‍ സിപിഎമ്മിന് വെല്ലുവിളി ഉയര്‍ത്തുന്നതില്‍ പ്രതിഷേധിച്ചാണ് സഖാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നത്. കെആര്‍ ഗൗരിയമ്മയ്ക്ക് ശേഷം ആലപ്പുഴയില്‍ പാര്‍ട്ടിക്കു പുറത്താകാന്‍ പോകുന്ന പ്രമുഖന്‍ എന്ന നിലയില്‍ അതൊരു ചരിത്ര സംഭവമാവുകയും ചെയ്യും.

കോണ്‍ഗ്രസില്‍ നിന്ന് ചാടി സിപിഎമ്മിലെത്തിയ കെവി തോമസിന് ശമ്പളവും കിംബളവും കൊടുത്ത് ഡല്‍ഹിയില്‍ വാഴിച്ചതിനെ ഉള്‍പ്പെടെ വിമര്‍ശിച്ചശേഷമാണ് ബാലറ്റ് പൊട്ടി പൊട്ടിച്ച്‌ പോസ്റ്റല്‍ വോട്ടില്‍ തിരുത്തലുകള്‍ വരുത്തിയതായി സുധാകരന്‍ പരസ്യമായി പറഞ്ഞത്. സിപിഎമ്മിന്റെ വഴിവിട്ട പോക്കിനെ എക്കാലത്തും വിമര്‍ശിക്കുന്നയാള്‍ എന്ന നിലയില്‍ പിണാറായി ലോബിക്കു വലിയ ഭാരമായിരിക്കുന്നു സുധാകരന്‍. കരിമണല്‍ കര്‍ത്തയില്‍ നിന്ന് വീണ വിജയന്‍ മാസപ്പടി പറ്റിയതിനെയും സുധാകരന്‍ അടുത്തയിടെ പരസ്യമായി വിമര്‍ശിച്ചിരുന്നു.

പറഞ്ഞതൊക്കെ ഭാവനയായിരുന്നുവെന്ന് പറഞ്ഞ സുധാകരന്‍ തലയൂരിയെങ്കിലും വെളിപ്പെടുത്തല്‍ പാര്‍ട്ടിക്കുണ്ടായ മാനക്കേട് ചെറുതല്ല. കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കുകയും കഴിഞ്ഞ കാലത്തെ വിവിധ ഇലക്ഷന്‍ പ്രചാരണങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തതുള്‍പ്പെടെ സുധാകരന്‍ പാര്‍ട്ടിയെ തുടരെ വെല്ലുവിളിക്കുകയാണ്. 78കാരനായ സുധാകരന്‍ തുടരെ വെളിവുകേടുകളും വെളിപാടുകളും വിവരക്കേടുകളും പലപ്പോഴും നടത്താറുണ്ടെങ്കിലും പിണറായി വിജയനെ പരസ്യമായി വെല്ലുവിളിക്കുന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു കൊളളി ഇനി പാര്‍ട്ടിയില്‍ വേണ്ടൈന്നുള്ള തീരുമാനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുന്‍ സര്‍ക്കാരില്‍ മന്ത്രിയായിരുന്ന കാലത്ത് പിണറായി ലോബിയുടെ അഴിമതിക്ക് കൂട്ടുനില്‍ക്കാതിരുന്നതു മുതല്‍ സുധാകരനെ പിണറായിയും പാര്‍ട്ടിയും ഒതുക്കിക്കൊണ്ടിരിക്കുകയാണ്.അടുത്ത പാര്‍ട്ടി സെക്രട്ടറിയേറ്റിലും പോളിറ്റ് ബ്യൂറോയിലും ഇക്കാര്യം ചര്‍ച്ച ചെയ്ത് സുധാകരന്‍ സഖാവിന് പാര്‍ട്ടിയില്‍ നിന്ന് വീട്ടിലേക്ക് എന്നേക്കുമായി സ്ഥലംമാറ്റം കൊടുക്കാനുള്ള നീക്കത്തിലാണ് സിപിഎം.തെരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ ബാലറ്റ് പൊട്ടിച്ച്‌ തിരുത്തിയിട്ടുണ്ടെന്ന പ്രസംഗത്തില്‍ ഉറച്ചുനിന്ന ജി സുധാകരനെ ഗോവിന്ദന്‍ നേരില്‍ വിളിച്ചു വിരട്ടിയെന്നാണ് കഥകള്‍ പ്രചരിക്കുന്നത്. മുതിര്‍ന്ന നേതാവില്‍നിന്ന് ഇത്തരമൊരു നിയമനിഷേധം പാര്‍ട്ടിക്കുണ്ടായ കളങ്കം ചെറുതായിരുന്നില്ല.

തനിക്ക് ഭയമില്ലെന്നും കൊലക്കുറ്റമൊന്നും ചെയ്തിട്ടില്ലെന്നുമാണ് സുധാകരന്‍ ചൊവ്വാഴ്ച പറഞ്ഞത്.1989ല്‍ നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കൃത്രിമത്വം കാട്ടിയെന്നായിരുന്നു സുധാകരന്റെ വിഖ്യാതമായ വെളിപ്പെടുത്തല്‍. എന്‍ജിഒ യൂണിയന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുചടങ്ങില്‍ വച്ചാണ് പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കിയ ഈ പ്രസംഗം നടത്തിയത്. സിപിഎമ്മിന്റെ സര്‍വീസ് സംഘടനയായ കെ എസ് ടി എയുടെ നേതാവായിരുന്ന കെ.വി. ദേവദാസ് ആലപ്പുഴയില്‍ മത്സരിച്ചപ്പോള്‍ ഇലക്ഷന്‍ കമ്മിറ്റി സെക്രട്ടറിയായിരുന്നു താനെന്നും ജില്ലാ കമ്മിറ്റി ഓഫീസില്‍ വച്ച്‌ താന്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് പോസ്റ്റല്‍ വോട്ടുകള്‍ പൊട്ടിച്ച്‌
തിരുത്തിയിട്ടുണ്ടെന്നുമായിരുന്നു സുധാകരന്റെ വെളിപ്പെടുത്തല്‍.

അന്ന് സിപിഎം സര്‍വീസ് സംഘടനകളിലെ അംഗങ്ങളുടെ വോട്ടില്‍ 15 ശതമാനം ദേവദാസിന് എതിരായിരുന്നുവെന്നും അത് തിരുത്തിയെന്നുമൊക്കെയാണ് സുധാകരന്‍ സഖാവ് പറഞ്ഞത്. പോസ്റ്റല്‍ വോട്ട് ഒട്ടിച്ച്‌ തന്നാല്‍ ഞങ്ങള്‍ അത് പൊട്ടിക്കുമെന്നും ഈ സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ കേസെടുത്താലും കുഴപ്പമില്ലെന്നുമായിരുന്നു ജി സുധാകരന്റെ വെളിപ്പെടുത്തല്‍.1989ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വക്കം പുരുഷോത്തമന് എതിരെയായിരുന്നു ദേവദാസ് മത്സരിച്ചത്. കാല്‍ ലക്ഷത്തില്‍പ്പരം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വക്കം പുരുഷോത്തമനായിരുന്നു അന്ന് വിജയി.

പാര്‍ട്ടിതലത്തിലും നിയമതലത്തിലും നടപടി ഉണ്ടാകുമെന്ന് ഉറപ്പായതോടെയാണ് സുധാകരന്‍ ഇന്നലെ പ്ലേറ്റ് തിരിച്ച്‌ വാക്കുകള്‍ വിഴുങ്ങിയത്. ബാലറ്റ് തുറന്നുനോക്കിയിട്ടില്ലെന്നും കള്ളവോട്ട് ചെയ്യുകയോ ചെയ്യിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും കാര്യങ്ങള്‍ അല്പം ഭാവന കലര്‍ത്തിപ്പറയുകയാണ് ചെയ്തതെന്നും പറഞ്ഞ് തലയൂരാന്‍ ശ്രമം നടത്തി.ഒരു ബാലറ്റും ആരും തിരുത്തുകയോ തുറന്നുനോക്കുകയോ ചെയ്തിട്ടില്ലെന്നും ഇന്നുവരെ കള്ളവോട്ട് ചെയ്തിട്ടുമില്ലെന്നും കള്ളവോട്ട് ചെയ്യാന്‍ ആര്‍ക്കും പണം നല്‍കിയിട്ടില്ലെന്നുമൊക്കെ പറഞ്ഞ് സുധാകരന്‍ രക്ഷപ്പെടാന്‍ ശ്രമം നടത്തിയിരുന്നു.

1989 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബാലറ്റില്‍ കൃത്രിമം കാട്ടിയെന്ന ജി സുധാകരന്റെ വിവാദ പ്രസംഗത്തില്‍ സുധാകരനെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് വരണാധികാരികൂടിയായ ജില്ലാ കലക്ടര്‍ പോലീസിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍ കേസുണ്ടായാലും 1989 ല്‍ നടന്ന സംഭവത്തില്‍ തെളിവ് കണ്ടെത്തുക പ്രായോഗികമാവില്ല. ആ നിലയില്‍ സുധാകരന് തല്‍ക്കാലും തടിതപ്പാമെങ്കിലും പാര്‍ട്ടിയെ സുധാകരന്‍ വെട്ടിലാക്കുക തന്നെ ചെയ്തു.തപാല്‍ വോട്ടില്‍ കൃത്രിമത്വം നടത്തി തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കുവാന്‍ ശ്രമിച്ചതായുള്ള വെളിപ്പെടുത്തലിന്മേല്‍ കേസ് എടുക്കാനും വിശദമായ അന്വേഷണം നടത്താനും
അടിയന്തര നടപടി സ്വീകരിക്കാനും ആലപ്പുഴ ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു. ഖേല്‍ക്കറാണ് നിര്‍ദേശം നല്‍കിയിരുന്നു.

സ്വതന്ത്രവും നീതിയുക്തവും സുതാര്യവുമായാണ് രാജ്യത്ത് ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തെരഞ്ഞെടുപ്പുകള്‍ നടത്തുന്നതെന്ന് സംഭവത്തെത്തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം നല്‍കിയിരുന്നു. ജനപ്രാതിനിധ്യ നിയമം, തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍, ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ എന്നിവയ്ക്ക് വിധേയമായാണ് തിരഞ്ഞെടുപ്പുകള്‍ നടക്കുന്നത്. എന്നാല്‍ തപാല്‍ വോട്ടുകള്‍ പൊട്ടിച്ച്‌ തിരുത്തല്‍ വരുത്തി എന്നത് 1951-ലെ ജനപ്രാതിനിധ്യ നിയമവും വിവിധ വകുപ്പുകളും അനുസരിച്ച്‌ ഗുരുതര നിയമലംഘനമാണെന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കിയതോടെ സുധാകരന് ഏറെക്കാലം കോടതി കയറേണ്ടിവരും