
നെടുമ്പാശ്ശേരി: ഇതര സംസ്ഥാനക്കാരനായ മുറുക്കാൻ കട ഉടമയ്ക്ക് സെൻട്രൽ ജിഎസ്ടി വകുപ്പ് 1 കോടി 56 ലക്ഷം രൂപ പിഴ ചുമത്തി നോട്ടീസ് നൽകി. പശ്ചിമ ബംഗാൾ സ്വദേശി ബിദ്യുത് ഷെയ്ഖിന്‍റെ പേരിൽ വിവിധ സംസ്ഥാനങ്ങളിലായി നടത്തിയ പ്ലൈവുഡ് ഇടപാടുകൾക്ക് ജിഎസ്ടി അടച്ചിട്ടില്ലെന്നാരോപിച്ചാണ് നടപടി. എന്നാൽ ഈ ഇടപാടുകളുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും നഷ്ടപ്പെട്ട പാൻ കാർഡ് ആരോ ദുരുപയോഗം ചെയ്തതാണെന്നും യുവാവ് ആരോപിക്കുന്നു.
16 വർഷമായി കേരളത്തിൽ മുറുക്കാൻ കട നടത്തി വരുന്ന ബിദ്യുതിന് രണ്ട് ആഴ്ച മുമ്പാണ് നോട്ടീസ് ലഭിച്ചത്. കൊൽക്കത്തയിലെ വീട്ടിലെത്തിയ നോട്ടീസ് ഭാര്യ വാട്സ്ആപ്പ് വഴി അയച്ചതോടെയാണ് സംഭവം അറിഞ്ഞത്. ആന്ധ്രാപ്രദേശ്, തമിഴ്നാട്, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്ലൈവുഡ് ഇടപാടുകൾക്കാണ് നോട്ടീസിൽ പരാമർശമുള്ളത്.
പാൻ കാർഡ് നഷ്ടപ്പെട്ടതിന് പിന്നാലെ ഡ്യൂപ്ലിക്കേറ്റ് ലഭിക്കാൻ ഒരു ഏജൻസിയെ സമീപിച്ചതായും അവിടെ നിന്നാണ് കാർഡ് ദുരുപയോഗം ചെയ്തതെന്നുമാണ് യുവാവിന്റെ സംശയം. ബാങ്ക് സ്റ്റേറ്റ്മെന്റുകൾ പരിശോധിച്ചപ്പോൾ ഇത്തരം ഇടപാടുകളൊന്നും നടന്നിട്ടില്ലെന്ന് വ്യക്തമായതായും അദ്ദേഹം പറയുന്നു. 2019-ലും സമാന നോട്ടീസ് ലഭിച്ചിരുന്നുവെന്നും അന്ന് തുടർനടപടി ഉണ്ടായിരുന്നില്ലെന്നും ബിദ്യുത് വ്യക്തമാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group


