
ദില്ലി: പുതിയ ജിഎസ്ടി പരിഷ്കരണ പ്രകാരം ഉത്പന്നങ്ങളുടെ വില കുറയ്ക്കുമെന്ന് കേന്ദ്ര സർക്കാരിനെ അറിയിച്ച് പ്രധാന കമ്പനികൾ. ജിഎസ്ടി ഇളവിന്‍റെ ഗുണം ഉപഭോക്താക്കൾക്ക് നൽകും. ഉത്സവ സീസണിൽ വില താഴുമെന്ന് എസി, ടിവി നിർമ്മാതാക്കൾ അറിയിച്ചു. കോൾഗേറ്റും എച്ച്‍യുഎല്ലും അമുലും ബ്രിട്ടാനിയയും സോണിയും വിലക്കുറവ് ഉറപ്പ് നൽകിയിട്ടുണ്ട്. ജിഎസ്ടി പരിഷ്കരണത്തിന്‍റെ ഗുണം ഉപഭോക്താക്കളിലേക്ക് എത്തിക്കുമെന്ന് ഉറപ്പ് നൽകുന്നതായി വ്യവസായികളുടെ സംഘടനയായ സിഐഐ വ്യക്തമാക്കിയിരുന്നു.
ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കും നികുതി കുറച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദിയറിയിച്ചുകൊണ്ട് ദിനപത്രങ്ങളിൽ കോൺഫഡേറഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി നൽകിയ പരസ്യത്തിലാണ് ഈ പ്രതിജ്ഞയെടുത്തതായി അറിയിച്ചത്. നടപടി രാജ്യത്തെ വ്യവസായങ്ങളെ ശക്തിപ്പെടുത്തുമെന്നും സിഐഐ പറയുന്നു. അതിനിടെ രാജ്യത്ത് പണപ്പെരുപ്പ നിരക്ക് അരമുതൽ ഒരു ശതമാനം വരെ കുറഞ്ഞേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. നിരക്ക് കുറയ്ക്കുന്നിതിന്‍റെ ഫലം ജനങ്ങളിലേക്കെത്തുമോയെന്നത് സംശയമാണെന്നും, ഇതിനായി സർക്കാർ കർശന നടപടിയെടുക്കണമെന്നും കേരള ധനമന്ത്രിയടക്കം വിമർശനം ഉന്നയിച്ചിരുന്നു.
ജിഎസ്ടി പരിഷ്കരണം കോടിക്കണക്കിന് ആളുകളെ സഹായിക്കാൻ വേണ്ടിയാണെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാനാണ് ജിഎസ്ടിയില്‍ പരിഷ്കരണം കൊണ്ടുവന്നതെന്നും ഇതോടെ നികുതിയിൽ വൻ ഇളവുകൾ വന്നു, കോൺഗ്രസ് സർക്കാർ ജനങ്ങൾക്ക് മേൽ നിരവധി നികുതികൾ ചുമത്തി എന്നാല്‍ എൻഡിഎ സർക്കാർ നിത്യോപയോഗ സാധനങ്ങൾക്ക് നികുതി കുറച്ചു. ജിഎസ്ടി പരിഷ്കരണം സാധാരണക്കാർക്ക് ഗുണകരമാകും. ആരോഗ്യ ഇൻഷുറൻസ് നികുതി കുറച്ചു. ജിഎസ്ടി പരിഷ്കരണത്തോടെ ജനങ്ങളുടെ ജീവിത നിലവാരം വർദ്ധിക്കും. രാജ്യത്ത് ഉപഭോഗവും വളർച്ചയും കൂടും, വികസിത ഭാരതത്തിനായി കോര്‍പ്പറേറ്റീവ് ഫെഡറലിസം കൂടുതൽ ശക്തി പ്രാപിക്കും. ജിഎസ്ടി മാത്രമല്ല എൻഡിഎ സർക്കാർ ആദായനികുതിയും കുറച്ചു എന്നും മോദി പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group