
പാലക്കാട്: വാളയാറിൽ രാസലഹരിയുമായി അമ്മയും മകനും സുഹൃത്തുക്കളും പിടിയിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തൃശൂർ സ്വദേശി അശ്വതി (46), മകൻ ഷോൺ സണ്ണി (21), കോഴിക്കോട് എലത്തൂർ സ്വദേശികളായ പി മൃദുൽ (29), അശ്വിൻ ലാൽ (26) എന്നിവരാണ് പിടിയിലായത്.
ബംഗളൂരുവിൽ നിന്ന് വിൽപനയ്ക്കായി കാറിൽ കൊണ്ടുവരികയായിരുന്ന 13 ഗ്രാം എംഡിഎംഎയുമായി സംഘത്തെ ഇന്നലെയാണ് എക്സൈസ് പിടികൂടിയത്. പി മൃദുൽ ആണ് കേസിലെ മുഖ്യപ്രതിയെന്ന് പൊലീസ് പറഞ്ഞു. ഇയാളാണ് വീട്ടമ്മയായ അശ്വതിയെ ലഹരി വിൽപനയിലേയ്ക്ക് എത്തിച്ചത്.
അശ്വതി ഏറെക്കാലമായി ഭർത്താവുമായി പിരിഞ്ഞ് ജീവിക്കുകയായിരുന്നു. ഈ സമയത്താണ് മൃദുലിനെ പരിചയപ്പെടുന്നത്. ആദ്യം ലഹരി ഉപയോഗിച്ചുതുടങ്ങിയ അശ്വതി പിന്നീട് വിൽപനയിലേയ്ക്ക് എത്തുകയായിരുന്നു. ഒരുവർഷം മുൻപാണ് ലഹരിക്കടത്ത് തുടങ്ങിയത്. ബംഗളൂരുവിൽ നിന്ന് ലഹരി എത്തിച്ച് എറണാകുളത്ത് ചില്ലറ വിൽപന നടത്തിവരികയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനിടെയാണ് വിൽപനയ്ക്ക് മകനെയും ഒപ്പം കൂട്ടിയത്. പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നാണ് ഇക്കാര്യങ്ങൾ പുറത്തുവന്നത്. പൊലീസിന്റെ പരിശോധനയിൽ പ്രതികളുടെ കാറിൽ നിന്ന് മയക്കുമരുന്ന് ഗുളിക, സിറിഞ്ച്, ത്രാസ് എന്നിങ്ങനെ ഉള്ള സാധനങ്ങളും കണ്ടെടുത്തിട്ടുണ്ട്.
തൃശൂർ സ്വദേശികളായ അശ്വതിയും മകനും എറണാകുളത്താണ് താമസിക്കുന്നത്. എറണാകുളത്ത് വിൽക്കാനാണ് സംഘം എംഡിഎംഎ എത്തിച്ചതെന്നാണ് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നത്. പ്രതികൾ സഞ്ചരിച്ച കാറും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു.