ആദ്യരാത്രി മണിയറയില്‍ ചെലവഴിച്ച ശേഷം നവവധുവിന്റെ ആഭരണവും സ്വര്‍ണവുമായി പുയ്യാപ്ല പോയത് ആദ്യഭാര്യയുടെ അടുത്തേക്ക്; പൊലീസ് തന്ത്രപൂര്‍വം വിളിച്ചു വരുത്തി അകത്താക്കി; കല്യാണവീരനെ പൊലീസ് സ്റ്റേഷനിൽ കയറി പഞ്ഞിക്കിട്ട്  സ്വന്തം സഹോദരന്‍ അടക്കമുള്ള ബന്ധുക്കൾ

ആദ്യരാത്രി മണിയറയില്‍ ചെലവഴിച്ച ശേഷം നവവധുവിന്റെ ആഭരണവും സ്വര്‍ണവുമായി പുയ്യാപ്ല പോയത് ആദ്യഭാര്യയുടെ അടുത്തേക്ക്; പൊലീസ് തന്ത്രപൂര്‍വം വിളിച്ചു വരുത്തി അകത്താക്കി; കല്യാണവീരനെ പൊലീസ് സ്റ്റേഷനിൽ കയറി പഞ്ഞിക്കിട്ട് സ്വന്തം സഹോദരന്‍ അടക്കമുള്ള ബന്ധുക്കൾ

സ്വന്തം ലേഖിക

അടൂര്‍: ആദ്യരാത്രി മണിയറയിൽ ചെലവഴിച്ച ശേഷം ഭാര്യയുടെ സ്വര്‍ണവും പണവുമായി മുങ്ങിയ നവവരനെ പൊലീസ് തന്ത്രപൂര്‍വം വിളിച്ചു വരുത്തി അറസ്റ്റ് ചെയ്തു.

പൊലീസ് കസ്റ്റഡിയിലിരുന്ന പുയ്യാപ്ലയെ സ്വന്തം സഹോദരന്‍ അടക്കമുള്ളവര്‍ കയറി പഞ്ഞിക്കിട്ടു. കായംകുളം എം.എസ്.എച്ച്‌എസ്.എസിന് സമീപം തെക്കേടത്ത് തറയില്‍ അസറുദ്ദീന്‍ റഷീദ്(30) ആണ് അറസ്റ്റിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചേപ്പാടുള്ള ആദ്യഭാര്യയുടെ വീട്ടിലേക്ക് പോയ അസറുദ്ദീനെ പൊലീസ് തന്ത്രപൂര്‍വം അടൂരിലേക്ക് വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുകയായരുന്നു. പഴകുളം സ്വദേശിയായ നവവധുവിന്റെ പിതാവിന്റെ പരാതിയില്‍ പൊലീസ് വിശ്വാസ വഞ്ചനയ്ക്ക് കേസെടുത്തിരുന്നു.

ജനുവരി 30ന് ആദിക്കാട്ടുകുളങ്ങര എസ്,എച്ച്‌ ഓഡിറ്റോറിയത്തില്‍ വെച്ചായിരുന്നു അസറുദ്ദീനും പഴകുളം സ്വദേശിനിയുമായുള്ള വിവാഹം മതാചാര പ്രകാരം നടന്നത്. തുടര്‍ന്ന് ആദ്യരാത്രിക്കായി വധുവും വരനും വധുവിന്റെ വീട്ടിലെത്തി. അന്ന് രാത്രി ഭാര്യയ്ക്കൊപ്പം ചെലവഴിച്ച അസര്‍ പിറ്റേന്ന് പുലര്‍ച്ചെ മൂന്നു മണിയോടെ സുഹൃത്തിന് ഒരു അപകടം പറ്റിയെന്നും താന്‍ ചെന്ന് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകണമെന്നും പറഞ്ഞാണ് വധൂഗൃഹത്തില്‍ നിന്നും ബൊലീറോ ജീപ്പില്‍ മുങ്ങിയത്.

ഇയാള്‍ പോയിക്കഴിഞ്ഞ് മൊബൈല്‍ ഫോണിലേക്ക് വിളിച്ചപ്പോള്‍ ആദ്യം എടുത്തു. താന്‍ ആശുപത്രിയിലേക്ക് പോവുകയാണെന്ന് അറിയിച്ചു. പിന്നീട് ഫോണ്‍ സ്വിച്ച്‌ഡ് ഓഫായിരുന്നു. തുടര്‍ന്ന് സംശയം തോന്നിയ വീട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് വധുവിന്റെ 30 പവന്റെ ആഭരണങ്ങളില്‍ പകുതിയും വിവാഹത്തിന് നാട്ടുകാര്‍ സംഭാവന നല്‍കിയ 2.75 ലക്ഷം രൂപയും കാണാനില്ലെന്ന് മനസിലായത്.

വധുവിന്റെ പിതാവ് വരന്റെ വീട്ടുകാരെ വിവരം അറിയിച്ച ശേഷം, അടൂര്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് വിശ്വാസ വഞ്ചനക്ക് കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചു. പൊലീസ് അന്വേഷണത്തില്‍ അസറുദ്ദീന്‍ രണ്ട് വര്‍ഷം മുന്‍പ് ആലപ്പുഴ ചേപ്പാട് സ്വദേശിനിയെ വിവാഹം കഴിച്ചിട്ടുള്ളതായി പൊലീസിന് മനസിലായി.

ഹൈന്ദവ സമുദായത്തില്‍പ്പെട്ടയാളാണ് ആദ്യ ഭാര്യ. പ്രതി ചേപ്പാടുള്ള ആദ്യ ഭാര്യയുടെ വീട്ടിലാണെന്ന് മനസ്സിലാക്കിയ പൊലീസ് പ്രതിയെ തന്ത്രപൂർവം വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

രണ്ടു വര്‍ഷം മുന്‍പ് അസറുദ്ദീന്‍ വിവാഹം കഴിച്ച വിവരം അറിയില്ലായിരുന്നുവെന്നാണ് ഇയാളുടെ ബന്ധുക്കള്‍ പറയുന്നത്. പൊലീസ് ഈ വാദം മുഖവിലയ്ക്ക് എടുത്തിട്ടില്ല. സ്റ്റേഷനില്‍ എത്തിച്ച പ്രതിയെ നാലംഗ സംഘം ഇവിടെ വച്ച്‌ മര്‍ദിച്ചു. അസറുദ്ദീന്റെ സ്വന്തം സഹോദരനാണ് മര്‍ദനത്തിന് നേതൃത്വം നല്‍കിയത്. ഇവര്‍ക്കെതിരേയും പൊലീസ് കേസെടുത്തു.

ജില്ലാ പൊലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്റെ നിര്‍ദ്ദേശ പ്രകാരം അടൂര്‍ ഡിവൈ.എസ്‌പി ആര്‍.ബിനുവിന്റെ മേല്‍നോട്ടത്തില്‍ രൂപീകരിച്ച അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരായ ഇന്‍സ്‌പെക്ടര്‍ പ്രജീഷ് ടി.ഡി, എസ്‌ഐ വിമല്‍ രംഗനാഥ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സോളമന്‍ ഡേവിഡ്, സൂരജ്,അമല്‍ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.