ലോക്‌സഭാ തിരഞ്ഞെടുപ്പ് , ഹരിതചട്ടം ഉറപ്പാക്കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ സഹകരിക്കണം: ജില്ലാ കളക്ടര്‍
സ്വന്തംലേഖകൻ
കോട്ടയം : ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ തുടക്കം മുതല്‍ അവസാനം വരെ ഹരിതചട്ടം ഉറപ്പാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സഹകരിക്കണമെന്ന് ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു ആവശ്യപ്പെട്ടു . കളക്‌ട്രേറ്റില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഫ്ലക്സ് നിര്‍മ്മിത ബോര്‍ഡുകള്‍, ബാനറുകള്‍, തോരണങ്ങള്‍ എന്നിവയ്ക്ക് പകരം പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കണം. യോഗങ്ങളും മറ്റും ചേരുമ്പോള്‍ ഡിസ്‌പോസിബിള്‍ ഗ്ലാസ്, പ്ലെയിറ്റ്, പ്ലാസ്റ്റിക് കുപ്പികള്‍ എന്നിവ ഒഴിവാക്കണം. പകരം പുനരുപയോഗ സാധ്യതയുളള വസ്തുക്കള്‍ ഉപയോഗിക്കണം. തിരഞ്ഞെടുപ്പില്‍ ജില്ലാ ഭരണകൂടവും പ്ലാസ്റ്റിക് നിര്‍മ്മിത വസ്തുക്കള്‍ പൂര്‍ണ്ണമായും ഒഴിവാക്കും. ഇലക്ഷന്‍ സാമഗ്രികള്‍ പൊതിയുന്നതിന് പ്ലാസ്റ്റിക്കിനു പകരം തുണിപോലുളള വസ്തുക്കള്‍ ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് വാഴയിലയിലോ സ്റ്റീല്‍ പാത്രങ്ങളിലോ ഭക്ഷണം ലഭ്യമാക്കുന്നതിന് കുടുംബശ്രീയെ ചുമതലപ്പെടുത്തും. കൗണ്ടിംഗ് ഏജന്റുമാര്‍, ഇലക്ഷന്‍ ഏജന്റുമാര്‍,ചീഫ് ഏജന്റുമാര്‍, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കുളള തിരിച്ചറിയല്‍ കാര്‍ഡും പ്രകൃതി സൗഹൃദമാക്കും. തിരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് വിവിധ സാമഗ്രികളും സൗകര്യങ്ങളും ഒരുക്കുന്നതിനുളള ഏകീകൃത നിരക്ക് സംബന്ധിച്ചു യോഗം ചര്‍ച്ച ചെയ്തു. പന്തല്‍ നിര്‍മ്മാണം, മൈക്ക് അനൗണ്‍സ്‌മെന്റ്, നോട്ടീസ്-ബാനര്‍ – പോസ്റ്റര്‍ അച്ചടിക്കല്‍, വാഹന വാടക തുടങ്ങിയ 45ഓളം നിരക്കുകള്‍ യോഗത്തില്‍ അംഗീകരിച്ചു. കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ എ.ആര്‍ ഒ മാര്‍ക്കും ഇ ആര്‍ ഒ മാര്‍ക്കും കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. സബ് കളക്ടര്‍ ഈഷ പ്രിയ, എഡിഎം സി. അജിത കുമാര്‍, ഇലക്ഷന്‍ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ എം.വി സുരേഷ് കുമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.