
കോട്ടയം : വൈവിദ്ധ്യമാർന്ന ഗ്രാമഫോണുകളുടെയും റെക്കാർഡുകളുടെയും കലവറയാണ് തലപ്പലം പ്ലാശനാല്‍കുന്നേല്‍പ്പുരയിടത്തില്‍ സണ്ണി മാത്യുവിന്റെ വീട്.
പുതുതലമുറയ്ക്ക് അന്യമായ സംഗീതാസ്വാദക ഉപകരണങ്ങള്‍, പുരാവസ്തുക്കള്‍ ഉള്‍പ്പെടെ മ്യൂസിയത്തിലുണ്ട്.
തിയേറ്ററുക ളിലെ കോളാമ്പിയിലൂടെ പാട്ടുകേട്ട കുട്ടിക്കാലാനുഭവമാണ് സണ്ണിയെ ഗ്രാമഫോണുകളുടെ കൂട്ടുകാരനാക്കിയത്. നാലുപതിറ്റാണ്ടുകള്‍ക്ക് മുൻപ് തുടങ്ങിയ വിനോദം പാട്ടുപോലെ തുടരുന്നു. വനംവികസന കോർപ്പറേഷനില്‍ ഡിവിഷണല്‍ മാനേജരായിരുന്നു സണ്ണി . വിരമിച്ചതോടെയാണ് വീട്ടകം മ്യൂസിയമാക്കിയത്. 2015ല്‍ സണ്ണീസ് ഡിസ്‌ക് ആൻഡ് മെഷീൻസ് ഗ്രാമഫോണ്‍ മ്യൂസിയം ആൻഡ് റെക്കാർഡ് ആർക്കീവ് എന്ന സ്വപ്‌നം യാഥാർത്ഥ്യമാക്കി.
വിദേശികളടക്കമുള്ളവർ മ്യൂസിയത്തിലെത്തി പാട്ട് കേട്ട് സംതൃപ്തിയോടെ മടങ്ങുന്നു. മുംബയ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്രാമഫോണ്‍ സൊസൈറ്റി അംഗമാണ്. വിവിധ രാജ്യങ്ങളില്‍ പ്രബന്ധവും അവതരിപ്പിച്ചിട്ടുണ്ട്. മ്യൂസിയം കാണുന്നതിനും സെമിനാർ നടത്താനും ഗവേഷകർക്ക് താമസിച്ച് പഠിക്കുന്നതിനുള്ള സൗകര്യവുമുണ്ട്. നിലവില്‍ ഓണ്‍ലൈൻ പ്രസന്റേഷനാണ്. ഭാര്യ ജോസിയ റിട്ട. എസ്.ബി.ഐ ഉദ്യോഗസ്ഥയാണ്. ഏകമകൻ : മാത്യൂസ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ചരിത്രം നിറയുമിടം
ഗ്രാമഫോണ്‍ കണ്ടുപിടിച്ച എമില്‍ ബർലിനർ കമ്പനി 1898ല്‍ ഇറക്കിയ ഒരുവശത്ത് മാത്രമുള്ള റെക്കാർഡിംഗ്, 1911ല്‍ മലയാളത്തില്‍ നാരായണി അമ്മാള്‍ പാടിയ റെക്കാർഡ്, 1905 മുതല്‍ റെക്കാർഡ് ചെയ്ത വിവിധ ഭാഷയിലുള്ള പാട്ടുകള്‍, സുഭാഷ് ചന്ദ്രബോസ്, ടാഗോർ, മഹാത്മാ ഗാന്ധി, ഇന്ദിരാഗാന്ധി തുടങ്ങിയവരുടെ
പ്രസംഗങ്ങള്‍, നാടകങ്ങള്‍ എന്നിവ ശേഖരത്തിലുണ്ട്. ബ്രിട്ടീഷ് കമ്പനിയായ ദി ഗ്രാമഫോണ്‍ കമ്പനിയുടെ ആദ്യകാല റെക്കാർഡുകള്‍, പാലാ മഹാറാണിയിലെ പ്രോജക്ടർ, 120 വർഷം പഴക്കമുള്ള തയ്യല്‍ മെഷീനുകള്‍, റേഡിയോ, കാസെറ്റ്, 1933 മോഡല്‍ ഓസ്റ്റിൻ, 1951 മോഡല്‍ മോറിസ്, 1956, 1962 മോഡല്‍ ഫിയറ്റ് വിന്റേജ് കാറുകള്‍, ജാവാ ബൈക്കുകളും ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്നു.
പ്രത്യേകതകള്‍
സിലിണ്ടർ മോഡല്‍, ഡിസ്‌ക് ഗ്രാമഫോണ്‍, റെക്കാർഡ് പ്ലെയർ, ടോയ് ഗ്രാമഫോണ്‍, വാക്ക്മാൻ ഗ്രാമഫോണ്‍, ടേബിള്‍ ടൈപ്പ്, സ്യൂട്ട് കേസ് മോഡല്‍, കാബിനറ്റ് മോഡല്‍ എന്നിങ്ങനെ നീളുന്നു ശേഖരം. നാല് സിലിണ്ടർ പ്ലെയർ, 300 ഓളം ഗ്രാമഫോണുകള്‍, ഒരു ലക്ഷത്തില്‍പ്പരം റെക്കോർഡ്‌സുകളും ഇവിടെയുണ്ട്.



