ഗോപൻ സ്വാമി മരിച്ചതല്ല, സമാധിയാണന്ന് കുടുംബം: സംശയമുണ്ടെന്ന് നാട്ടുകാർ: അന്തിമ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചില്ല: ആന്തരികാവയവ പരിശോധനാ ഫലം വരാനുണ്ട്: ഇതിനിടെ മരണ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് ഗോപൻ സ്വാമിയുടെ മകൻ

Spread the love

തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപന്റെ മരണ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് കുടുംബം അധികൃതരെ സമീപിച്ചു. സമാധി വിവാദങ്ങളില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഗോപന്റെ മരണ സർട്ടിഫിക്കറ്റിനായി കുടുംബം നഗരസഭയെ സമീപിച്ചത്.
എന്നാല്‍, തത്ക്കാലം മരണ സർട്ടിഫിക്കറ്റ് നല്‍കാനാകില്ലെന്നാണ് കുടുംബത്തിന് അധികൃതർ നല്‍കിയ മറുപടി.

മരണത്തിലെ ദുരൂഹതയില്‍ പൊലീസ് അന്വേഷണം തുടരുന്നത് ചൂണ്ടിക്കാട്ടിയാണ് നഗരസഭ മരണസർട്ടിഫിക്കറ്റ് തടഞ്ഞുവച്ചിരിക്കുന്നത്. ഗോപൻ മരിച്ചതല്ല സമാധിയായതാണ് എന്നായിരുന്നു കുടുംബത്തിന്റെ അവകാശവാദം.

ഗോപൻ സമാധിയായെന്ന കുടുംബത്തിന്റെ അവകാശവാദം വലിയ വിവാദത്തിലേക്ക് നീങ്ങിയിരുന്നു. മരണത്തിലെ ദുരൂഹത ഉന്നയിച്ചുള്ള നാട്ടുകാരുടെ പരാതിയില്‍ പൊലിസ് അന്വേഷണം നടക്കുന്നതിനിടെയാണ് കുടുംബം മരണ സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നത്. ഇളയ മകൻ രാജസേനൻ മരണ സർട്ടിഫിറ്റ് വേണമെന്ന അപേക്ഷയുമായി കഴിഞ്ഞ ദിവസം നെയ്യാറ്റിൻകര നഗരസഭയിലെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുടുംബം നല്‍കിയ കേസ് പരിഗണിക്കവെ ഹൈക്കോടതിയും മരണ സർട്ടിഫിക്കറ്റ് എവിടെയെന്ന് ചോദിച്ചിരുന്നു. പക്ഷെ ഗോപൻ മരിച്ചതല്ലെന്ന നിലപാടിലായിരുന്നു അന്ന് കുടുംബം. ഇതിനിടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുുമോർട്ടം നടത്തി. മരണ കാരണം ഇനിയും വ്യക്തമായിട്ടുമില്ല. ആന്തരിക അവയവങ്ങളുടെ രാസ പരിശോധന ഫലം വന്നാല്‍ മാത്രമേ മരണ കാരണം വ്യക്തമാവുകയുള്ളൂ. പോസ്റ്റ്മോർട്ടം പരിശോധനകള്‍ക്ക് ശേഷം ഗോപനെ വീണ്ടും സംസ്കരിക്കുകയും ചെയ്തു.

എന്നാല്‍ മരണത്തിലെ ദുരൂഹതയെ കുറിച്ചുള്ള അന്വേഷണം അവസാനിക്കാത്തതിനാല്‍ മരണ സർട്ടിഫിക്കറ്റിനുള്ള അപേക്ഷ നഗരസഭ അധികൃതർ സ്വീകരിച്ചില്ല. പൊലിസ് റിപ്പോർട്ട് വന്നതിന് ശേഷം മരണ സർഫിക്കറ്റ് സംബന്ധിച്ച തീരുമാനമെടുക്കാമെന്നാണ് നഗരസഭ അധികൃതർ പറയുന്നത്. ഗോപന് ഹൃദ്രോഗവും പ്രമേഹ രോഗവും ഉണ്ടായിരുന്നുവെന്ന പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർമാർ അറിയിച്ചിരുന്നു.

പിതാവ് സമാധിയായെന്ന് മക്കള്‍ വീടിനു മുമ്പില്‍ പോസ്റ്റർ സ്ഥാപിച്ചതോടെയാണ് ഗോപന്റെ മരണം മാധ്യമ ശ്രദ്ധ നേടിയത്. കഴിഞ്ഞ 16-ാം തിയതിയാണ് കല്ലറയുടെ സ്ലാബ് മാറ്റി ഗോപൻ്റെ മൃതദേഹം പുറത്തെടുത്തത്. ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. നെഞ്ച് വരെ പൂജാദ്രവ്യങ്ങള്‍ മൂടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോർട്ടത്തിന് ശേഷം ഗോപൻ സ്വാമിയുടെ മൃതദേഹം ആചാര വിധികളോടെ സന്യാസിമാരുടെ സാന്നിധ്യത്തില്‍ വീണ്ടും സംസ്കരിച്ചിരുന്നു.

സമാധി വിവാദത്തെ തുടർന്ന് നെയ്യാറ്റിൻകരയില്‍ കല്ലറ തുറന്ന് പുറത്തെടുത്ത ഗോപൻ്റെ പോസ്റ്റു മോർട്ടം റിപ്പോർട്ട് പുറത്ത് വന്നിരുന്നു. ഹൃദയ വാല്‍വില്‍ രണ്ട് ബ്ലോക്കുണ്ടായിരുന്നുവെന്നും പ്രമേഹം ബാധിച്ച്‌ കാലുകളില്‍ മുറിവുണ്ടായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്. വാർധക്യ സഹജമായ രോഗങ്ങള്‍ ഉണ്ടായിരുന്നു. ഗോപൻ കിടപ്പു രോഗിയാണെന്ന് തന്നെയാണ് പോസ്റ്റ്മോർട്ടത്തിലെ വിവരം.

എന്നാല്‍, ഗോപൻ സ്വയം എഴുന്നേറ്റ് സമാധി സ്ഥലത്തേക്ക് പോയെന്നായിരുന്നു കുടുംബത്തിന്റെ മൊഴി. അസുഖങ്ങള്‍ മരണ കാരണമായോയെന്ന് വ്യക്തമാകണമെങ്കില്‍ ആന്തരിക പരിശോധഫലം കൂടി പുറത്തു വരണം. പോലീസ് ഇതിനായുള്ള നടപടികള്‍ വേഗത്തിലാക്കിയിട്ടുണ്ട്. പ്രാഥമിക റിപ്പോർട്ട് പ്രകാരം മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് കണ്ടെത്തിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി കുടുംബത്തിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തും.