ഗോവിന്ദ ചാമി ജയില്‍ ചാടിയ സംഭവം; കണ്ണൂര്‍ സെൻട്രല്‍ ജയിലില്‍ ഗുരുതര സുരക്ഷാ വീഴ്ച; നാടെങ്ങും വ്യാപക തിരച്ചില്‍; ഗോവിന്ദ ചാമിയെ ജയിലില്‍ എത്തി കണ്ടവരുടെ വിവരങ്ങളും പരിശോധിക്കുന്നു

Spread the love

കണ്ണൂർ: കോളിളക്കം സൃഷ്ടിച്ച ബലാത്സംഗ കൊലപാതക കേസിലെ പ്രതി ഗോവിന്ദച്ചാമി ജയില്‍ ചാടിയ സംഭവത്തില്‍ കണ്ണൂർ സെൻട്രല്‍ ജയിലില്‍ ഗുരുതര സുരക്ഷാ വീഴ്ച.

രാത്രി 1 .15 ഓടു കൂടിയാണ് ഇയാള്‍ ജയില്‍ ചാടിയെന്നാണ് വിവരം. ജയില്‍ സെല്ലിലെ കമ്പികള്‍ വളച്ചാണ് ഇയാള്‍ പുറത്തിറങ്ങിയത്. അതീവ സുരക്ഷയുള്ള ജയിലിലെ മതില്‍കെട്ടിന് സമീപത്തേക്ക് ഇയാള്‍ നടന്നു നീങ്ങുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ വ്യക്തമാണ്.

പത്താം ബ്ലോക്കിലാണ് ഇയാള്‍ കഴിഞ്ഞിരുന്നത്. സുരക്ഷ കണക്കിലെടുത്ത് ഇയാളെ ഒറ്റക്ക് ആണ് സെല്ലില്‍ പാർപ്പിച്ചിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാത്രി 1 .15 ന് രക്ഷപെട്ട ഗോവിന്ദ ചാമി സെല്ലില്‍ ഇല്ലെന്ന് പോലീസ് അറിയുന്നത് രാവിലെ 7 മണിക്കാണ്. ഇയാള്‍ക്ക് ഒരു കൈ മാത്രമേയുള്ളൂ. അതേസമയം ഇയാള്‍ അതീവ സുരക്ഷയുള്ള കണ്ണൂർ സെൻട്രല്‍ ജയിലില്‍ നിന്ന് എങ്ങനെ രക്ഷപ്പെട്ടെന്ന് വ്യക്തമല്ല.

പ്രതിക്കായി പൊലീസ് സംസ്ഥാന വ്യാപകമായി തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്. സംസ്ഥാനത്തെ റെയില്‍വേസ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും ഉള്‍പ്പെടെ വ്യാപകമായ പരിശോധനയാണ് നടത്തുന്നത്.

അടുത്ത ദിവസങ്ങളില്‍ ഗോവിന്ദ ചാമിയെ ജയിലില്‍ എത്തി കണ്ടവരുടെ വിവരങ്ങള്‍ പോലീസ് പരിശോധിച്ച്‌ വരികയാണ്. ഇയാള്‍ക്ക് പുറത്തുനിന്നുള്ള സഹായം ലഭ്യമായിട്ടുണ്ടെന്നാണ് സൂചന. അലക്കാനിട്ട വസ്ത്രങ്ങള്‍ കൂട്ടികെട്ടിയാണ് ഇയാള്‍ വളരെ ഉയരമുള്ള ജയിലിന്റെ മതില്‍ ചാടിയത്.