സർക്കാരും പ്രതിപക്ഷവും കൂട്ടു നിന്നു: തിരുവനന്തപുരത്തിന്റെ ആകാശത്ത് നിയമങ്ങൾ കാറ്റിൽ പറത്തി ലുലുമാൾ ഉയരുന്നു; മാളിനെതിരെ സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കേരളത്തിലെയും ഇന്ത്യയിലെയും ഏറ്റവും വലിയ പ്രവാസി മലയാളി വ്യവസായി ആരെന്ന ചോദ്യത്തിന് ഒറ്റ ഉത്തരം മാത്രമേ ഉളളൂ – ലുലുഗ്രൂപ്പിന്റെ ഉടമ എം.എ യൂസഫലി. രാഷ്ട്രീയം ഏതായാലും യൂസഫ് അലിയുടെ ഇടപെടലും സ്വാധീനവും കഴിഞ്ഞേ എന്തുമുള്ളൂ. ഇത് ത്‌ന്നെയാണ് എല്ലാ നിയമങ്ങളും കാറ്റിൽപ്പറത്തി തിരുവനന്തപുരത്ത് ബൈപ്പാസിൽ പടുകൂറ്റൻ മാൾ നിർമ്മിക്കാൻ യൂസഫ അലിയ്ക്ക് തുണയായതും. മാധ്യമങ്ങൾ അടക്കം സമ്പൂർണ മൗനം പാലിച്ചതോടെ ഏറ്റവും ഒടുവിൽ ഹൈക്കോടതിയ്ക്ക് പ്രശ്‌നത്തിൽ ഇടപെടേണ്ടി വന്നു.
തിരുവനന്തപുത്ത് ലുലു ഗ്രൂപ്പ് നിർമ്മിക്കുന്ന മാളിന്റെ നിർമ്മാണത്തിനെതിരെ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടിയതോടെയാണ് മാളിന്റെ നിയമലംഘനങ്ങൾ ചർച്ചയിലെത്തിയത്. അതീവ പരിസ്ഥിതി പ്രാധാന്യമുള്ള വിഷയമായതിനാൽ തിങ്കളാഴ്ച്ചക്കകം വിശദീകരണം നൽകണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. നിയമങ്ങൾ ലംഘിച്ചു കൊണ്ടാണ് മാളിന്റെ നിർമ്മാണ പ്രവർത്തനം നടക്കുന്നത് എന്നു ചൂണ്ടിക്കാട്ടി ഒരു പൊതുപ്രവർത്തകൻ സമർപ്പിച്ച ഹർജിയിലാണ് വിശദാംശങ്ങൾ ഹൈക്കോടതി തേടിയത്. കേസ് തിങ്കളാഴ്ച്ച വീണ്ടും പരിഗണിക്കും.
ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ബെഞ്ചാണ് മാളിനെതിരായ ആരോപണങ്ങൾ അടങ്ങിയ ഹർജി പരിഗണിച്ചത്. പരിസ്ഥിതി നിയമങ്ങൾ കാറ്റിൽപ്പറത്തിയാണ് മാൾ നിർമ്മാണം നടക്കുന്നതെന്നാണ് ഉയർന്ന ആരോപണം. ഈ ആക്ഷേപം അടങ്ങുന്ന ഹർജി പരിഗണിച്ച കോടതി മാളിന് പാരിസ്ഥിതികാനുമതി എങ്ങനെ ലഭിച്ചുവെന്ന് മാൾ ഉടമസ്ഥർ വിശദീകരിക്കണമെന്ന് വ്യക്തമാക്കി. കേസിൽ വിശദീകരണം നൽകാൻ മാളിന്റെ അഭിഭാഷകർ പത്ത് ദിവസത്തെ സാവകാശം തേടിയെങ്കിലും കോടതി അതിന് അനുവദിച്ചില്ല. പാരിസ്ഥിതിക പ്രാധാന്യമുള്ള അതീവ ഗൗരവുള്ള വിഷയമാണിതെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ചൂണ്ടിക്കാട്ടി. പാരിസ്ഥിതികാനുമതി ലഭിച്ചതിലെ നിയമപരമായ വിവരങ്ങൾ കോടതിക്ക് അറിയേണ്ടതുണ്ടന്ന് ഡിവിഷൻ ബഞ്ച് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംസ്ഥാന പരിസ്ഥിതിക ആഘാത സമിതിക്ക് അനുമതി നൽകാൻ സാധിക്കുന്നതിനേക്കാൾ കൂടുതൽ വിസ്തർണം നിർമ്മാണത്തിൽ ഇരിക്കുന്ന മാളിനുണ്ടെന്നാണ് ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയത്. എങ്കിൽ എങ്ങനെയാണ് മാളിന് അനുമതി ലഭിച്ചതെന്ന് വ്യക്തമാക്കണം എന്നാണ് ഹൈക്കോടതി ചോദിച്ചത്. ഈ വിഷയത്തിൽ കേന്ദ്ര സർക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകൻ ജോസഫ് റോണി ജോസും സാവകാശം തേടി. മാൾ അധികൃതർ പത്തു ദിവസത്തെ സാവകാശം ഈ വിഷയത്തിൽ തേടിയെങ്കിലും അതിന് സാധിക്കില്ലെന്നാണ് കോടതി പറഞ്ഞത്. മാൾ നിർമ്മാണം എത്രത്തോളമായി എന്ന ചോദ്യവും കോടതി ഉന്നയിച്ചു. പുരോഗമിക്കുന്നു എന്ന ചോദ്യം ഉയർന്നപ്പോൾ പാരിസ്ഥിതക അനുമതിയുടെ കാര്യത്തിൽ വ്യക്തത വേണമെന്നും ഇക്കാര്യം നീട്ടിക്കൊണ്ടു പോവാനാവില്ലെന്നും കോടതി വാക്കാൽ പരാമർശിച്ചു.
നിയമലംഘനം ഉണ്ടെങ്കിൽ എങ്ങനെ മാൾ നിർമ്മാണം മുന്നോട്ടു കൊണ്ടുപോകുമെന്നും ഹൈക്കോടതി ചോദിച്ചു. കൊല്ലം സ്വദേശിയായ എം കെ സലീം എന്ന പൊതുപ്രവർത്തകനാണ് മാൾ വിഷയം പൊതുതാൽപര്യ ഹർജിയായി ഉന്നയിച്ചത്. ചതുപ്പു സ്ഥലത്താണ് മാളിന്റെ നിർമ്മാണം നടക്കുന്നതെന്നും പ്രദേശത്ത് കുടിവെള്ള ക്ഷാമമുണ്ടന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നു. തിരുവനന്തപുരത്തെ മാളിന് കാറ്റഗറി ബിയിൽ പെടുത്തി അനുമതി നൽകുകയായിരുന്നു എന്ന വിഷയമാണ് ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയത്. മാളിന്റെ ചുറ്റളവിൽ സുരക്ഷാ പ്രാധാന്യമുള്ള കേന്ദ്രസർക്കാർ സ്ഥാപനങ്ങൾ ഉണ്ടെന്നത് അടക്കമുള്ള കാര്യങ്ങൾ മറച്ചുവച്ചാണ് മാൾ അധികൃതർ മറ്റ് അനുമതി തേടിയതെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടുകയുണ്ടായി.
ഈ കേസ് ഈമാസം 20ാം തീയ്യതി പരിഗണിക്കവേ മാളിന് അനുമതി നൽകിയ വിഷയത്തിൽ പരിസ്ഥിതി ആഘാത സമിതിക്കും സംസ്ഥാന സർക്കാറിനും നോട്ടിസ് അയ്ക്കാൻ ഉത്തരവിട്ടിരുന്നു. ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ്, ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ എന്നിവർ അടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.