
തിരുവനന്തപുരം: കുടിശ്ശിക തീർക്കാതെ സംസ്ഥാന സർക്കാരിന് കീഴിലുള്ള വകുപ്പുകള്‍ക്ക് ഇന്ധനം കടം നല്‍കാനാവില്ലെന്ന് പമ്പ് ഉടമകള്‍.
കുടിശ്ശിക തുക ഉടൻ തരണമെന്ന് ചൂണ്ടികാണിച്ച് പമ്പ് ഉടമകളുടെ സംഘടന മുഖ്യമന്ത്രിയ്ക്കും, വിവിധ വകുപ്പുകള്‍ക്കും കത്തയച്ചു. 1000 കോടിയുടെ കുടിശ്ശികയാണ് വിവിധ വകുപ്പുകള്‍ നല്‍കാനുള്ളത്. അതില്‍ തന്നെ പൊലീസ് ജീപ്പില്‍ മാത്രമായി ഇന്ധനം അടിച്ചതില്‍ 300- 400 കോടിയോളം രൂപയാണ് പമ്പുകള്‍ക്ക് നല്‍കാനുള്ളത്.
ഇന്ധന പമ്പുകള്‍ക്കുള്ള ക്രെഡിറ്റ് സൗകര്യം എണ്ണക്കമ്പനികള്‍ രണ്ടാഴ്ച മുൻപ് നിർത്തലാക്കിയതിന് പിന്നാലെയാണ് ഡീലർമാരുടെ നടപടി. ക്രെഡിറ്റ് സൗകര്യം എണ്ണക്കമ്പനികള്‍ പിൻവലിച്ചതിനെത്തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ശനിയാഴ്ച മുതല്‍ പമ്പുകളുടെ പ്രവർത്തനസമയം വെട്ടിച്ചുരുക്കാൻ ഓള്‍ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സ് തീരുമാനിച്ചിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, പമ്പുകളിലെ വില്‍പനയ്ക്ക് അനുസരിച്ച് 40 ലക്ഷം മുതല്‍ ഒരുകോടി രൂപ വരെ 18ശതമാനം പലിശയിലാണ് എണ്ണ കമ്പനികള്‍ ഡീലർമാർക്ക് ക്രഡിറ്റ് നല്‍കിയിരുന്നത്. അതുകൊണ്ടുതന്നെ സർക്കാർ വാഹനങ്ങള്‍ക്ക് ഉള്‍പ്പടെ ഒരുമാസത്തെ വരെ ക്രഡിറ്റ് വ്യവസ്‌ഥയില്‍ ഡീലർമാർ ഇന്ധനം നല്‍കിയിരുന്നു . എന്നാല്‍ എണ്ണക്കമ്പനികള്‍ ക്രഡിറ്റ് നിർത്തിയതോടെ മിക്ക ഡീലർമാരും പുതിയ ലോഡ് എടുക്കാൻ കഴിയാത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്.



