
തിരുവനന്തപുരം: വട്ടിയൂർക്കാവ് ഗവ.എൽ.പി. സ്കൂളിലെ പ്രധാന അധ്യാപകന് സസ്പെൻഷൻ. അനധികൃതമായി അവധി നൽകിയതിനാണ് പ്രധാന അധ്യാപകനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. ബുധനാഴ്ചത്തെ പണിമുടക്കിനെ തുടർന്നാണ് സ്കൂൾ അടച്ചിട്ടത്.
ശമ്പളപരിഷ്കരണം അനുവദിക്കുക, ഡിഎ കുടിശ്ശിക തന്നു തീർക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്നു പ്രതിപക്ഷ സംഘടനകളുടെയും സിപിഐയുടെയും തൊഴിലാളി സംഘടനകളുടെയും നേതൃത്വത്തിൽ പണിമുടക്ക് നടത്തിയത്. ഇതിന്റെ ഭാഗമായാണ് ചൊവ്വാഴ്ച വട്ടിയൂർക്കാവ് എൽപി സ്കൂളിന് അവധിയായിരിക്കുമെന്ന് പ്രധാനാധ്യാപകൻ വാട്സാപ്പ് സന്ദേശമിട്ടത്.
തുടർന്ന് ബുധനാഴ്ച പൊതുവിദ്യാഭ്യാസ ഡയറക്ടർ സ്കൂളിലെത്തി അന്വേഷിച്ചപ്പോൾ സ്കൂൾ പൂട്ടിക്കിടക്കുന്നത് കാണുകയും റിപ്പോർട്ട് നൽകുകയുമായിരുന്നു. സംഭവം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി നിർദേശം നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് നടപടി.

Whatsapp Group 1 | Whatsapp Group 2 |Telegram Group