
കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ നേട്ടങ്ങൾക്ക് എല്ലാം പിന്നിൽ കെ.എം മാണിയുടെ കൈയ്യൊപ്പ്: ഉമ്മൻ ചാണ്ടി
സ്വന്തംലേഖകൻ
കോട്ടയം: കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ നേട്ടങ്ങൾക്ക് എല്ലാം പിന്നിൽ കെ.എം മാണി എന്ന ധനകാര്യ മന്ത്രിയുടെയും രാഷ്ട്രീയ നേതാവിന്റെയും കയ്യൊപ്പ് ഉണ്ടെന്ന് മുൻ മുഖ്യമന്ത്രി എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി എം.എൽ.എ. കേരള കോൺഗ്രസ് എം ജില്ലാ കമ്മിറ്റിയുടെയും കോട്ടയം പൗരാവലിയുടെയും നേതൃത്വത്തിൽ നടന്ന കെ.എം മാണി അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് സർക്കാരിന്റെ ഏറ്റവും വലിയ മുദ്രാവാക്യമായിരുന്നു വികസനവും കരുതലും. വികസന പദ്ധതികൾക്ക് ഒരിക്കലും പണമില്ല എന്ന് കെ.എം മാണി കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഒരിക്കലും പറഞ്ഞിട്ടില്ല. കൊച്ചി മെട്രോ അടക്കമുള്ള വൻകിട പദ്ധതികൾക്ക് പോലും കൃത്യമായ ഇടപെടൽ കെ.എം മാണി നടത്തിയിട്ടുണ്ട്. സർക്കാരിന്റെ രണ്ടാമത്തെ കരുതൽ എന്ന മുദ്രാവാക്യത്തിൽ ആയിരുന്നു. ലോട്ടറി വിറ്റ് കിട്ടുന്ന തുക കൊണ്ട് സാധാരണക്കാർക്ക് ചികിത്സ ഉറപ്പാക്കുന്ന കാരുണ്യ പദ്ധതി. മാണിസാറിന്റെ കാലത്ത് ഒരു ദിവസം പോലും ട്രഷറി പൂട്ടേണ്ടി വന്നിട്ടില്ല. അത് ഒരു അത്ഭുതമായാണ് തോന്നിയത്. മനുഷത്വം ഉള്ള രാഷ്ട്രീയ നേതാവ് ഭരണാധികാരി എന്ന പേരിലാവും കെ.എം മാണി ജനങ്ങളുടെ മനസിൽ നിറഞ്ഞ് നിൽക്കുകയെന്നും അദ്ദേഹം പറഞ്ഞു.
കെ.എം മാണിയുടെ പരിഷ്കാരങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് കാരുണ്യ പദ്ധതിയാണെന്ന് കേരള കോൺഗ്രസ് എം വർക്കിംഗ് ചെയർമാൻ പി.ജെ ജോസഫ് പറഞ്ഞു. കെ.എം മാണി അനുസ്മരണ സമ്മേളനത്തിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വികസന കാര്യങ്ങളിൽ വ്യത്യസ്തമായ സമീപനമാണ് കെ.എം മാണി സ്വീകരിച്ചിരുന്നത്. സാധാരണക്കാരെ മുന്നിൽ കണ്ടാണ് കെ.എം മാണിയുടെ ഓരോ തീരുമാനങ്ങളും വന്നിരുന്നത്. മാണി സാറിന്റെ പരിഷ്കാരങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് കാരുണ്യ പദ്ധതി തന്നെയാണ്. മന്ത്രിയായിട്ടും ഉയരങ്ങളിൽ എത്തിയിട്ടും പാലാ മണ്ഡലത്തെയും അവിടുത്തെ ജനങ്ങളെയും അദ്ദേഹം മറന്നില്ല. പാലായിലെ ജനങ്ങളെ പേരെടുത്ത് പറയാൻ കഴിയുന്ന അദേഹത്തിന്റെ കഴിവ് തന്നെയാണ് പാലായെ 52 വർഷം പ്രതിനിധാനം ചെയ്യാൻ അവസരം നൽകിയതെന്നും അദ്ദേഹം പറഞ്ഞു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം സ്വാഗതം ആശംസിച്ചു. കണിശക്കാരനും കൃത്യനിഷ്ടയുള്ള ആളായിരുന്നതിനാലാണ് കെ.എം മാണിയെ മാണി സർ എന്ന് വിശേഷിപ്പിച്ചിരുന്നത് എന്ന് എം.കെ മുനീർ പറഞ്ഞു. ഡോ.എം.കെ മുനീർ എം.എൽ.എ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദേഹം. അദ്ധ്യാപകനെ പോലെ താൻ പറയുന്നത് എല്ലാവരും മനസിലാക്കണം എന്ന് നിഷ്കർഷയുള്ള ആളായിരുന്നു കെ.എം മാണി. അത് കൊണ്ടു തന്നെയാണ് കെ.എം മാണിയെ മാണി സർ എന്ന് വിളിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ജോസ് കെ.മാണി എംപി, എം.എൽ.എമാരായ മാത്യു ടി.തോമസ് , സി.എഫ് തോമസ് , സുരേഷ് കുറുപ്പ് , കെ.സി ജോസഫ് , അനുപ് ജേക്കബ് , റോഷി അഗസ്റ്റിൻ , മോൻസ് ജോസഫ് , എൻ.ജയരാജ് , മുൻ എംപി ജോയി എബ്രഹാം , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സണ്ണി പാമ്പാടി , നഗരസഭ അദ്ധ്യക്ഷ ഡോ.പി.ആർ സോന , ബി.ജെ.പി ജില്ലാ പ്രസിഡന്റ് എൻ.ഹരി , ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോഷി ഫിലിപ്പ് , വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ വി.എൻ വാസവൻ , വി.ബി ബിനു , സി.പി ജോൺ , ജി.ദേവരാജൻ , സ്കറിയ തോമസ് , ജോസഫ് വാഴയ്ക്കൻ , ജോസഫ് ചാവറ , കാണക്കാരി അരവിന്ദാക്ഷൻ , ഫ്രാൻസിസ് തോമസ് , തോമസ് ചാഴികാടൻ , ജോസി സെബാസ്റ്റ്യൻ , ജോസഫ് ചാമക്കാല , മുൻ എംഎൽഎ പി.എം മാത്യു , ആർ.എസ്.പി ജില്ലാ സെക്രട്ടറി അരുൺ എന്നിവർ പ്രസംഗിച്ചു.
Third Eye News Live
0