തൊഴിൽ നികുതി ഒക്ടോബർ ഒന്നുമുതൽ കുത്തനെ ഉയർത്താൻ സർക്കാർ ഉത്തരവ്; ഓരോ ആറുമാസവും കുറയുന്നത് വലിയ തുക, അർദ്ധവാർഷിക തൊഴിൽ നികുതി സ്ലാബുകൾ പരിഷ്‌കരിച്ച് പട്ടിക പുറത്തിറക്കി

Spread the love

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളുടെ പ്രധാന വരുമാന സ്രോതസുകളിലൊന്നായ തൊഴിൽ നികുതി ഒക്ടോബർ ഒന്നുമുതൽ കുത്തനെ ഉയർത്താൻ സർക്കാർ ഉത്തരവിറക്കി.

ആറാം ധനകാര്യകമ്മിഷൻ ശുപാർശയനുസരിച്ചാണ് തീരുമാനം. ഉത്തരവിനൊപ്പം ഗ്രാമ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും അർദ്ധവാർഷിക തൊഴിൽ നികുതി സ്ലാബുകൾ പരിഷ്‌കരിച്ച് പട്ടിക പുറത്തിറക്കിയിട്ടുണ്ട്.

ആറ് മാസത്തെ ശമ്പളം അടിസ്ഥാനമാക്കിയാണ് തൊഴിൽ നികുതി ഈടാക്കുന്നത്. 6 മാസത്തെ ശമ്പളം 11,999 വരെ ഉള്ളവർക്ക് തൊഴിൽ നികുതി നിരക്കിൽ മാറ്റമില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

12,000 മുതൽ 17,999 വരെ ശമ്പളം ഉള്ളവരുടെ നികുതി നിരക്ക് 120ൽ നിന്ന് 320 രൂപയാക്കി. 18,000 മുതൽ 29,999 ഉള്ളവരുടെ പുതിയ നികുതി 450 രൂപയാണ്. നേരത്തെ 180 രൂപയായിരുന്നു. 300രൂപയായിരുന്ന 30,000 മുതൽ 44,999 വരെ ശമ്പളം ഉള്ള ആളുകളുടെ തൊഴിൽ നികുതി ഇനി മുതൽ 600 രൂപയാണ്.

45,000 മുതൽ 99,999 വരെ ഉള്ളവർക്ക് 750 രൂപയാക്കി. നേരത്തെ 450 രൂപയായിരുന്നു.1,00,000 മുതൽ 1,24,999 വരെ ഉള്ളവർക്കും 1,25,000 വരെ ഉള്ളവർക്കും തൊഴിൽ നികുതിയിൽ മാറ്റമില്ല. യഥാക്രമം 1000 രൂപയും 1250 രൂപയുമാണിത്.

ഓരോ സാമ്പത്തികവർഷവും രണ്ട് തവണയായാണ് സർക്കാർ ഉദ്യോഗസ്ഥരിൽ നിന്നും അംഗീകൃത തൊഴിലാളികളിൽ നിന്നും തൊഴിൽ നികുതി സ്വീകരിക്കുക. നികുതിപിരിക്കുന്നതിനുള്ള അധികാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കാണ്.