സംസ്ഥാന സര്‍ക്കാര്‍ 1000 ദിനാഘോഷം , വേറിട്ട കാഴ്ചകളുമായി ഉത്പന്ന- പ്രദര്‍ശന- വിപണന മേള
സ്വന്തംലേഖകൻ
കോട്ടയം : സംസ്ഥാന സര്‍ക്കാരിന്റെ 1000 ദിനത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന ഉത്പന്ന-പ്രദര്‍ശന-സേവന- വിപണന മേള ശ്രദ്ധേയമാകുന്നു. സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ ഉത്പന്ന-സേവന- വിപണന പ്രദര്‍ശനമാണ് മേളയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വകുപ്പുകളുടെ 86 സ്റ്റാളുകളാണ് കോട്ടയം നാഗമ്പടം മൈതാനത്ത് സജ്ജീകരിച്ചിരിക്കുന്നത്. ആയുര്‍വേദം, അലോപ്പതി, ഹോമിയോപ്പതി വിഭാഗങ്ങളുടെ മെഡിക്കല്‍ ചെക്കപ്പിനായി നാലു പ്രത്യേക സ്റ്റാളുകളും ക്രമീകരിച്ചിട്ടുണ്ട്.
ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍ വകുപ്പിന്റെ സ്റ്റാളാണ് ആദ്യമായി സജ്ജീകരിച്ചിരിക്കുന്നത്. ഇതോടൊപ്പം ചരിത്ര നിമിഷങ്ങള്‍ കോര്‍ത്തിണക്കിയ ചിത്രങ്ങളുടെ പ്രദര്‍ശനവും വകുപ്പ് പുറത്തിറക്കുന്ന പുസ്തകങ്ങളുടെ വില്‍പനയും ഐ ആന്റ് പി. ആര്‍. ഡി വകുപ്പ് സജ്ജീകരിച്ചിട്ടുണ്ട്. സര്‍ക്കാര്‍ പദ്ധതികളായ ഹരിത കേരളം, ലൈഫ്, ആര്‍ദ്രം, പൊതുവിദ്യാഭ്യാസം എന്നിവയുടെ സ്റ്റാളുകളാണ് തുടര്‍ന്ന് പ്രദര്‍ശന നഗരിയില്‍ വരവേല്‍ക്കുന്നത്. ലൈഫ് പദ്ധതിയില്‍ വീട് നിര്‍മ്മാണത്തിനായി അംഗീകരിച്ച 12 മോഡലുകളില്‍ നാല് എണ്ണത്തിന്റെ പ്രദര്‍ശനം ലൈഫ് സ്റ്റാളില്‍ ഒരുക്കിയിട്ടുണ്ട്.
കൃഷി വകുപ്പിന്റെ സ്റ്റാളില്‍ കര്‍ഷകരുടെ ഉല്പന്നങ്ങള്‍, അസോള, ജൈവവളങ്ങള്‍, കാര്‍ഷിക നേഴ്‌സറിയിലെയും ഫാമിലെയും ഫലവൃക്ഷ തൈകള്‍, വിദേശീ ഫലങ്ങളായ ഡ്രാഗണ്‍ ഫ്രൂട്ട്, ബിയര്‍ ഫ്രൂട്ട്, മിറക്കിള്‍ ഫ്രൂട്ട്, കിവി ഫ്രൂട്ട്, ദുരിയാന്‍ എന്നിവയോടൊപ്പം നാടന്‍ പഴങ്ങളായ മുള്ളാത്ത, വരിക്ക ചക്ക കൂടാതെ നാടന്‍ ചുരക്ക എന്നിവയും സ്റ്റാളില്‍ ഒരുക്കിയിട്ടുണ്ട്.
ലഹരി വിരുദ്ധ സന്ദേശങ്ങളടങ്ങിയ എക്‌സൈസ് വകുപ്പ് സ്റ്റാള്‍ കൂടുതല്‍ ശ്രദ്ധ ആര്‍ജ്ജിക്കുന്നതാണ്. ലഹരിക്കെതിരെ സ്‌പോര്‍ട്‌സ് എന്ന സന്ദേശവുമായി സൂചി ഏറ്, ബാസ്‌ക്കറ്റ് ബോള്‍ എന്നീ കായിക വിനോദങ്ങളും എക്‌സൈസ് സ്റ്റാളിനോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. കൂടാതെ ക്വിസ് മത്സരങ്ങളും ലഹരിക്കെതിരെ ഉപന്യാസ രചനാ മത്സരവും സ്റ്റാളില്‍ ക്രമീകരിച്ചിട്ടുണ്ട്. മത്സര വിജയികള്‍ക്ക് തല്‍സമയ സമ്മാനദാനവും ഉണ്ടായിരിക്കും. സര്‍ക്കാര്‍ വനിത-ശിശു വികസന വകുപ്പിന്റെ ഗവ.ചില്‍ഡ്രന്‍സ് ഹോം സ്റ്റാള്‍ ശ്രദ്ധേമാകുന്നത് കുട്ടികളുടെ കലാമികവിന്റെ നീണ്ട സമ്മാനനിര കൊണ്ടാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group