ഗവർണറുടെ പ്രവർത്തനങ്ങൾ ബാലിശം; ആര്‍.എൻ രവിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എംകെ സ്റ്റാലിൻ

Spread the love

തമിഴ്‌നാട്: തമിഴ്‌നാട് ഗവർണറുടെ പ്രവർത്തികൾ ബാലിശമെന്ന് മുഖ്യ മന്ത്രി എംകെ സ്റ്റാലിൻ.തമിഴ്‌നാട് കൈവരിച്ച പുരോഗതി ഗവർണർ ആർ.എൻ രവിക്ക് ദഹിക്കുന്നില്ലെന്ന് മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചു.

 

 

ദേശീയ ഗാനം ആലപിക്കാത്തതില്‍ പ്രതിഷേധിച്ച്‌ ഗവർണർ നിയമസഭയില്‍ നിന്നിറങ്ങിപ്പോയ പശ്ചാത്തലത്തിലാണ് സ്റ്റാലിന്റെ പ്രതികരണം. സഭയെ അഭിസംബോധന ചെയ്യില്ലെന്ന ഗവർണറുടെ തീരുമാനം ബാലിശമാണെന്നും സ്റ്റാലിൻ പറഞ്ഞു.

 

സഭാ സമ്മേളനം ആരംഭിക്കുമ്പോള്‍ തമിഴ്‌നാടിന്റെ സംസ്ഥാന ഗീതമായ തമിഴ് തായ് വാഴ്ത്തും സഭ പിരിയുമ്പോള്‍ ദേശീയ ഗാനവും ആലപിക്കുന്നതാണ് പതിവ്. എന്നാല്‍ തുടക്കവും ഒടുക്കവും ദേശീയ ഗാനം ആലപിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗവർണർ സഭ വിട്ടത്. നടപടിയിലൂടെ സംസ്ഥാനത്തെ ജനങ്ങളെ ഗവർണർ തുടർച്ചയായി അവഹേളിക്കുകയാണെന്ന് സ്റ്റാലിൻ ആഞ്ഞടിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

“ഗവർണർ നിയമസഭയില്‍ വന്നെങ്കിലും സഭയെ അഭിസംബോധന ചെയ്യാതെ മടങ്ങിപ്പോകുന്നു. അതുകൊണ്ടാണ് അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങള്‍ ബാലിശമാണെന്ന് ഞാൻ പറഞ്ഞത്. ആസൂത്രിതമായ രീതിയില്‍ നിയമങ്ങള്‍ ലംഘിക്കുന്നതില്‍ അദ്ദേഹത്തിന് താല്‍പ്പര്യമുണ്ടെന്ന് തോന്നുന്നു,” സ്റ്റാലിൻ സഭയില്‍ ചൂണ്ടിക്കാട്ടി.

 

ഭരണഘടനയുടെ ആർട്ടിക്കിള്‍ 176 പ്രകാരം, സമ്മേളനത്തിൻ്റെ തുടക്കത്തില്‍ ഗവർണർ നിയമസഭയെ അഭിസംബോധന ചെയ്യണം. എന്നാല്‍ ഗവർണർ ‘അസംബന്ധ കാരണങ്ങള്‍’ പറഞ്ഞ് പ്രസംഗത്തില്‍ നിന്ന് ഒഴിവാകുകയാണെന്നും സ്റ്റാലിൻ പറഞ്ഞു. ഭരണഘടനാപരമായ ചുമതലകള്‍ നിറവേറ്റാൻ മനസ്സില്ലെങ്കില്‍ ആർ എൻ രവി എന്തിനാണ് ഗവർണർ പദവിയില്‍ തുടരുന്നതെന്നും അദ്ദേഹം ചോദിച്ചു. തമിഴ്നാട് നിയമസഭ ഭരണഘടനയെയും ദേശീയഗാനത്തെയും അപമാനിച്ചുവെന്ന് രാജ്ഭവൻ വിമർശിച്ചിരുന്നു.