എല്ലാവരിൽ നിന്നും അവഗണന ; ദുഃഖം സഹിക്ക വയ്യാതെ ഫ്യൂസൂരി ട്രാൻസ്‌ഫോമറിൽ കയറി പ്രതിഷേധം
സ്വന്തം ലേഖിക
നെടുങ്കണ്ടം : നാട്ടുകാരെ മുഴുവൻ പോസ്റ്റാക്കി കമ്പംമെട്ട് സ്വദേശി ഗോപിനാഥൻ നായർ (75) വൈദ്യുത പോസ്റ്റിൽ കയറിയിരുന്നതു 2 മണിക്കൂർ.
രാവിലെ പത്തിനാണ് നാട്ടുകാരെ മുഴുവൻ മുൾമുനയിൽ നിർത്തി ഗോപിനാഥൻ നായർ പോസ്റ്റിൽ കയറിയത്. ട്രാൻസ്‌ഫോമറിലെ ഫ്യൂസ് ഊരിയ ശേഷമാണ് ഇയാൾ പോസ്റ്റിൽ കയറിയത്. ഇതോടെ 2 മണിക്കൂർ വൈദ്യുതി തടസ്സപ്പെട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവത്തെക്കുറിച്ച് കമ്പംമെട്ട് പൊലീസ് പറയുന്നത് ഇങ്ങനെ,
ഗോപിനാഥൻ നായർ ഭാര്യയും മക്കളുമായി പിണങ്ങി കഴിയുകയാണ്.കമ്പംമെട്ട് ആശാൻ കടയിലാണു താമസം. സമീപത്തുള്ള വൈദ്യുത പോസ്റ്റിൽ രാവിലെ 10നു കയറിയ ശേഷം ഇറങ്ങാൻ കൂട്ടാക്കിയില്ല. ‘എന്നെ നിങ്ങൾ പരിഗണിക്കണം’ എന്നതു മാത്രമാണ് ഇയാൾ ഉന്നയിച്ച ആവശ്യം. ഇതിനിടെ അയൽക്കാരെ കുറിച്ചും പരാതികൾ പറയുന്നുണ്ടായിരുന്നു.
ഗോപിനാഥൻ നായർ കഴിഞ്ഞ ഒരാഴ്ചയായി സമീപത്തുള്ള പല വീടുകളിലെയും വൈദ്യുതി ബന്ധം വിഛേദിക്കുകയും ഫ്യൂസ് ഊരി വയ്ക്കുകയും ചെയ്തിരുന്നു.
കമ്പംമെട്ട് സിഐ ജി.സുനിൽ കുമാറിന്റെ നേതൃത്വത്തിൽ ഉള്ള പൊലീസ് സംഘവും നെടുങ്കണ്ടം ഫയർഫോഴ്‌സും ഉടുമ്പൻചോല തഹസിൽദാർ നിജു കുര്യൻ, കരുണാപുരം പഞ്ചായത്ത് പ്രസിഡന്റ് ടോമി പ്ലാവുവച്ചതിൽ, കെഎസ്ഇബി ഉദ്യോഗസ്ഥർ എന്നിവരും എത്തി അനുനയിപ്പിച്ചാണ് ഗോപിനാഥൻ നായരെ താഴെയിറക്കിയത്. സംഭവത്തിൽ ആരും പരാതി നൽകാത്തതിനാൽ പൊലീസ് കേസെടുത്തിട്ടില്ല.