play-sharp-fill
ആപ്പ് ഉച്ചയോടെ പ്ലേസ്‌റ്റോറിൽ എത്തും: സംസ്ഥാനത്ത് മദ്യവിൽപ്പന നാളെ മുതൽ: എക്‌സൈസ് മന്ത്രിയുടെ പത്രസമ്മേളനം മൂന്നരയ്ക്ക്

ആപ്പ് ഉച്ചയോടെ പ്ലേസ്‌റ്റോറിൽ എത്തും: സംസ്ഥാനത്ത് മദ്യവിൽപ്പന നാളെ മുതൽ: എക്‌സൈസ് മന്ത്രിയുടെ പത്രസമ്മേളനം മൂന്നരയ്ക്ക്

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യ ഉപഭോക്താക്കളുടെ ദിവസങ്ങൾ നീണ്ടു നിന്ന ആകാംഷയ്ക്ക് അവസാനമിട്ട് ഒടുവിൽ ആ പ്രഖ്യാപനം എത്തി. വ്യാഴാഴ്ച മുതൽ സംസ്ഥാനത്ത് മദ്യവിൽപ്പന പുനരാരംഭിക്കും. മദ്യവിൽപ്പനയ്ക്കുള്ള ക്യൂ ബൂക്ക് ചെയ്യുന്നതിനുള്ള ആപ്ലിക്കേഷൻ ഇന്ന് ഉച്ചയോടെ ഗൂഗിളിന്റെ പ്ലേ സ്റ്റോറിൽ ലഭ്യമാകും. ആപ്പ് തയ്യാറാകുന്ന മുറയ്ക്കു മദ്യവിൽപ്പന ആരംഭിക്കുന്നതിനാണ് നീക്കം.

സംസ്ഥാനത്ത് ലോക്ക് ഡൗണിനെ തുടർന്നു രണ്ടു മാസത്തോളമായി മുടങ്ങിക്കിടന്ന മദ്യവിൽപ്പന പുനരാരംഭിക്കുന്നതിനു മന്ത്രി സഭാ യോഗം ബുധനാഴ്ചയാണ് അനുമതി നൽകിയത്. ഈ അനുമതിയുടെ ഭാഗമായി കൂടുതൽ വ്യക്തമായ വിവരങ്ങൾ നൽകുന്നതിനു വേണ്ടിയാണ് ഇപ്പോൾ ബുധനാഴ്ച ഉച്ചയ്ക്കു മൂന്നരയോടെ മാധ്യമങ്ങളെ കാണുന്നതിനു മന്ത്രി ടി.പി രാമകൃഷ്ണൻ നിശ്ചയിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിവറേജസ് കോർപ്പറേഷനു വേണ്ടി കൊച്ചിയിലെ സ്റ്റാർട്ട്അപ്പ് കമ്പനിയായ ഫെയർകോഡ് ടെക്‌നോളജീസ് തയ്യാറാക്കിയ ആപ്ലിക്കേഷൻ ബുധനാഴ്ച ഉച്ചയോടെ തന്നെ ഗൂഗിളിന്റെ പ്ലേ സ്റ്റോറിൽ ലഭ്യമാകും. ഈ ആപ്പ് ഉപയോഗിച്ച് ഉപഭോക്താക്കൾക്കു മദ്യത്തിന്റെ ക്യൂ ബുക്ക് ചെയ്യാൻ സാധിക്കും. തുടർന്നു ആവശ്യമുള്ള ബ്രാൻഡ് മദ്യം ഈ ക്യൂവിന്റെ അടിസ്ഥാനത്തിൽ ബിവറേജസ് കോർപ്പറേഷന്റെ ചില്ലറ വിൽപ്പന ശാലയിൽ എത്തി വാങ്ങാനും സാധിക്കും.

കഴിഞ്ഞ ശനിയാഴ്ചയാണ് ആപ്ലിക്കേഷൻ ഗൂഗിളിന്റെ അംഗീകാരത്തിനായി എത്തിയത്. ഇതിനു ശേഷം ചൊവ്വാഴ്ച രാവിലെ തന്നെ ആപ്പിന് അംഗീകാരവും ലഭിച്ചു. ഇതിനിടെ ആപ്പിന്റെ വ്യാജന്മാരും ഗൂഗിൾ പ്ലേ സ്റ്റോറിൽ ഇറങ്ങിയിട്ടുണ്ട്. രണ്ടു ലക്ഷം രൂപയാണ് ആപ്ലിക്കേഷൻ നിർമ്മിക്കുന്നതിനായി സർക്കാർ കമ്പനിയ്ക്കു കൈമാറിയിരിക്കുന്നത്.

സംസ്ഥാനത്തെ ബാറുകളിൽ മദ്യത്തിന്റെ ചില്ലറ വിൽപ്പന കൗണ്ടറുകൾ ആരംഭിക്കുന്നതിനും, ബിവറേജസ് ഷോപ്പുകൾ വഴി മദ്യം വിൽപ്പുന്നതിനുമുള്ള പദ്ധതിയുമായാണ് ഇപ്പോൾ ബിവ് ക്യൂ എന്ന ആപ്പ് ഒരുങ്ങുന്നത്.