
കാലിഫോര്‍ണിയ: വരാനിരിക്കുന്ന ഗൂഗിൾ പിക്സൽ 10 സ്‍മാർട്ട്ഫോണിന്‍റെ വിലകൾ ചോർന്നു. ഒരു ചൈനീസ് ടിപ്‍സ്റ്റർ പുറത്തുവിട്ട വില വിവരങ്ങൾ സ്‍മാർട്ട്‌ഫോൺ ലോകത്ത് കോളിളക്കം സൃക്കുന്നതായാണ് റിപ്പോർട്ടുകൾ. വരാനിരിക്കുന്ന ഗൂഗിൾ സ്‍മാർട്ട്‌ഫോൺ സീരീസിൽ പിക്സൽ 10, പിക്സൽ 10 പ്രോ, പിക്സൽ 10 പ്രോ എക്സ്എൽ, പിക്സൽ 10 പ്രോ ഫോൾഡ് എന്നീ ഹാന്‍ഡ്‌സെറ്റ് മോഡലുകൾ ഉൾപ്പെടുമെന്നാണ് സൂചന. ഇപ്പോൾ ഒരു ടിപ്സ്റ്റർ ഈ മോഡലുകളുടെയെല്ലാം വിലകൾ ചോർത്തി. ഇവ യൂറോപ്പിലെ വിലകൾ ആണെങ്കിലും ഇതിൽ നിന്ന് ഈ ഫോണുകൾ വാങ്ങാൻ എത്ര ബജറ്റ് വേണ്ടി വരുമെന്ന് തീർച്ചയായും ഊഹിക്കാം.
യൂറോപ്പില്‍ ഗൂഗിൾ പിക്സൽ സീരീസിന്‍റെ വില കമ്പനി മുന്‍ മോഡലുകള്‍ക്ക് സമാനമായി നിലനിർത്തുമെന്ന് ടിപ്സ്റ്റർ സൂചിപ്പിക്കുന്നു. മുഴുവൻ പിക്സൽ 10 ലൈനപ്പിനും യൂറോപ്പില്‍ പിക്സൽ 9 സീരീസിന് തുല്യമായ വിലയായിരിക്കും എന്നാണ് വിൻഫ്യൂച്ചറിലെ ടിപ്സ്റ്ററായ റോളണ്ട് ക്വാണ്ട്റ്റിന്‍റ് പറയുന്നത്. ആപ്പിളുമായും വരാനിരിക്കുന്ന ഐഫോൺ 17 ലൈനപ്പുമായും ഗൂഗിൾ വലിയ മത്സരത്തിന് തയ്യാറെടുക്കുകയാണ്. ആപ്പിളിന്‍റെ ഉയര്‍ന്ന പ്രീമിയം സ്‌മാര്‍ട്ട്‌ഫോണുകള്‍ക്കുള്ള വിലകൾ നൽകാൻ താൽപ്പര്യമില്ലാത്തവരും, എന്നാൽ മികച്ച ഒരു സ്‍മാർട്ട്‌ഫോൺ ആഗ്രഹിക്കുന്നവരുമായ ഉപഭോക്താക്കൾക്ക് ഗൂഗിൾ പിക്സൽ 10 മികച്ച ഓപ്ഷനായിരിക്കും.
ഈ സ്‍മാർട്ട്‌ഫോൺ സീരീസിൽ കഴിഞ്ഞ വർഷത്തെ വിലകൾ അതേപടി നിലനിർത്തുക എന്ന ലളിതമായ പദ്ധതിയാണ് ഗൂഗിളിന്‍റെ മനസിൽ ഇപ്പോള്‍ എന്നാണ് ടിപ്സ്റ്ററായ റോളണ്ട് ക്വാണ്ട്റ്റിന്‍റ് നൽകുന്ന സൂചന. അതുവഴി പുതിയ ഫ്ലാഗ്ഷിപ്പ് ഫോൺ തിരയുന്നവർക്ക് പിക്സൽ 10 വിശ്വസനീയവും ഉയർന്ന മൂല്യമുള്ളതുമായ ഓപ്ഷനായി മാറുമെന്ന് കമ്പനി കണക്കുകൂട്ടിയേക്കാം. വില കൂട്ടാതെ നിലവിലെ വിലയ്ക്ക് ശക്തമായ ക്യാമറകളും എഐ സവിശേഷതകളും നൽകുന്നതിൽ ഗൂഗിൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ചോർന്ന റിപ്പോർട്ട് പ്രകാരം വ്യത്യസ്‍ത പിക്‌സല്‍ 10 മോഡലുകളുടെ വിലകൾ താഴെപ്പറയുന്നത് പോലെ ആയിരിക്കാൻ സാധ്യതയുണ്ട്. ഗൂഗിൾ പിക്സൽ 10 പ്രോ ഫോൾഡിന്‍റെ വില 256 ജിബി വേരിയന്‍റിന് 1,899 യൂറോയിൽ (ഏകദേശം 1,72,000 രൂപ) ആരംഭിച്ച് 1 ടിബി പതിപ്പിന് 2,289 യൂറോ (ഏകദേശം 2,07,500 രൂപ) വരെ ഉയരാം.
ഗൂഗിൾ പിക്സൽ 10 പ്രോ എക്സ്എല്ലിന്‍റെ വിലയില്‍ ചെറിയൊരു മാറ്റമുണ്ടാകുമെന്ന് റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. പിക്സൽ 9 പ്രോ എക്സ്എല്ലിന്‍റെ വിലയിൽ മാറ്റമൊന്നുമില്ലെങ്കിലും, അടിസ്ഥാന 128 ജിബി മോഡൽ ഗൂഗിൾ നീക്കം ചെയ്തു. ഇപ്പോൾ, പ്രോ എക്സ്എൽ 256 ജിബി വേരിയന്‍റിന് 1,299 യൂറോ (ഏകദേശം 1,17,700 രൂപ), 512 ജിബി വേരിയന്‍റിന് 1,429 യൂറോ (ഏകദേശം 1,29,500 രൂപ), 1 ടിബി വേരിയന്‍റിന് 1,689 യൂറോ (ഏകദേശം 1,53,100 രൂപ) എന്നിങ്ങനെയാണ് വില ആരംഭിക്കുന്നത്.
വ്യത്യസ്ത റാമും സ്റ്റോറേജും അനുസരിച്ച് നാല് വേരിയന്‍റുകളിലാണ് ഗൂഗിൾ പിക്സൽ 10 പ്രോ പുറത്തിറങ്ങുക എന്നാണ് സൂചന. ടിപ്‌സ്റ്റർ പറയുന്നതനുസരിച്ച്, അതിന്‍റെ 128 ജിബി സ്റ്റോറേജ് വേരിയന്‍റിന് 1,099 യൂറോ (ഏകദേശം 99,500 രൂപ), 256 ജിബി സ്റ്റോറേജ് വേരിയന്‍റിന് 1,199 യൂറോ (ഏകദേശം 1,08,500 രൂപ), 512 ജിബി സ്റ്റോറേജ് വേരിയന്‍റിന് 1,329 യൂറോ (ഏകദേശം 1,20,200 രൂപ), ടോപ്പ്-എൻഡ് 1 ടിബി സ്റ്റോറേജ് വേരിയന്‍റിന് 1,589 യൂറോ (ഏകദേശം 1,44,200 രൂപ) എന്നിങ്ങനെയാണ് വില.
സ്റ്റാൻഡേർഡ് ഗൂഗിൾ പിക്സൽ 10 നെക്കുറിച്ച് പറയുകയാണെങ്കിൽ, 128 ജിബി സ്റ്റോറേജിന് 899 യൂറോ (ഏകദേശം 81,500 രൂപ) മുതൽ 256 ജിബി സ്റ്റോറേജിന് 999 യൂറോ (ഏകദേശം 90,600 രൂപ) വരെ വിലയുണ്ട്.
പുതിയ പിക്സൽ ഫോണുകൾ എപ്പോൾ പുറത്തിറങ്ങും?
അതേസമയം, ഗൂഗിൾ പിക്സൽ 10 സീരീസ് ഓഗസ്റ്റ് 20-ന് ആഗോളവ്യാപകമായി ലോഞ്ച് ചെയ്യും. അമേരിക്കയിലും മറ്റ് ആഗോള വിപണികളിലും ഈ ശ്രേണി ഫോണുകളുടെ വിലയിൽ എന്തെങ്കിലും മാറ്റമുണ്ടാകുമോ എന്ന് വ്യക്തമല്ല. ഇന്ത്യൻ വിപണിയിലെ ഈ ഫോണുകളുടെ വില യൂറോപ്യൻ വിപണിക്ക് സമാനമായിരിക്കാമെന്നും പുറത്തുവന്ന ലീക്കുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഇക്കാര്യങ്ങളെല്ലാം ഗൂഗിള്‍ സ്ഥിരീകരിക്കേണ്ടതുണ്ട്.