
വാഷിംഗ്‌ടണ്‍: സ്വകാര്യതാ കേസിൽപ്പെട്ട് ടെക് ഭീമനായ ഗൂഗിൾ വീണ്ടും വിവാദത്തിൽ. സ്വകാര്യതാ നിയമങ്ങൾ ലംഘിച്ചതിന് ഗൂഗിൾ കുറ്റക്കാരനാണെന്ന് യുഎസ് കോടതി കണ്ടെത്തുകയും കമ്പനിക്ക് വമ്പൻ പിഴ ചുമത്തുകയും ചെയ്തു. ഗൂഗിളിനെതിരെ 425 മില്യൺ ഡോളർ ആണ് പിഴ ചുമത്തിയത്. ഉപയോക്താക്കളുടെ ഡാറ്റ ട്രാക്ക് ചെയ്‌തതായും അവരുടെ അനുമതിയില്ലാതെ അവരുടെ ഓൺലൈൻ പ്രവർത്തനങ്ങൾ ഗൂഗിള്‍ രേഖപ്പെടുത്തിയതായും ആരോപണമുണ്ട്.
ട്രാക്കിംഗ് ഓഫാക്കിയതിന് ശേഷവും ഉപയോക്താക്കളുടെ ഓൺലൈൻ പ്രവർത്തനങ്ങൾ ഗൂഗിൾ റെക്കോർഡ് ചെയ്യുന്നത് തുടർന്നതായി കോടതി കണ്ടെത്തി. 2020ൽ ആണ് ഈ കേസ് ഫയൽ ചെയ്‌തത്. വെബ്, ആപ്പ് പ്രവർത്തന സെറ്റിംഗ്‍സുകളിൽ നൽകിയിരിക്കുന്ന സ്വകാര്യതാ നിയമങ്ങൾ ഗൂഗിൾ പാലിച്ചിട്ടില്ലെന്ന് ഹർജിക്കാർ അവകാശപ്പെട്ടു. ഏകദേശം 9.8 കോടി ഉപയോക്താക്കളെയും 17.4 കോടി ഡിവൈസുകളെയും ബാധിച്ചു എന്നാണ് റിപ്പോർട്ടുകൾ. തുടക്കത്തിൽ, ഹർജിക്കാർ ഗൂഗിളിൽ നിന്ന് 31 ബില്യൺ ഡോളറിലധികം നഷ്‍ടപരിഹാരം ആവശ്യപ്പെട്ടിരുന്നു. ഈ കേസിൽ മൂന്നിൽ രണ്ട് സ്വകാര്യതാ നിയമങ്ങളും ഗൂഗിൾ ലംഘിച്ചുവെന്ന് യുഎസ് ഫെഡറൽ കോടതി വിധിയിൽ പറഞ്ഞു. എങ്കിലും കമ്പനി മനഃപൂർവ്വം അങ്ങനെ ചെയ്‌തിട്ടില്ലെന്ന് കോടതി പറഞ്ഞു. പക്ഷേ ഉപയോക്താക്കൾക്ക് നൽകിയ വാഗ്‍ദാനങ്ങൾക്ക് വിരുദ്ധമായിരുന്നു കമ്പനിയുടെ പ്രവർത്തനങ്ങളെന്നും കോടതി വ്യക്തമാക്കി.
ഗൂഗിളിന്‍റെ ഈ ട്രാക്കിംഗ് പ്ലാറ്റ്‌ഫോമിൽ മാത്രം ഒതുങ്ങുന്നില്ല. മറിച്ച് യൂബർ, ലിഫ്റ്റ്, ആമസോൺ, അലിബാബ, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ വൻകിട കമ്പനികളുടെ ആപ്പുകളിലേക്കും വ്യാപിച്ചു. ഗൂഗിൾ അനലിറ്റിക്‌സ് ഉപയോഗിക്കുന്ന ബിസിനസ് ഉപയോക്താക്കളുടെ ഡാറ്റ പോലും ട്രാക്ക് ചെയ്യപ്പെട്ടു. അതേസമയം ഈ ഡാറ്റ വ്യക്തിഗത ഐഡന്റിറ്റിയുമായി ബന്ധിപ്പിച്ചിട്ടില്ലെന്നും പക്ഷേ ഉപയോക്താക്കൾ തെറ്റിദ്ധരിക്കപ്പെട്ടു എന്നുമാണ് ഗൂഗിൾ അവകാശപ്പെടുന്നത്. ഈ വിധിക്കെതിരെ കമ്പനി അപ്പീൽ നൽകുമെന്ന് ഗൂഗിൾ വക്താവ് പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, ഈ കേസ് മാത്രമല്ല ഗൂഗിളിന് തലവേദന സൃഷ്‍ടിക്കുന്നത്. ക്രോം ബ്രൗസർ, ആഡ്-ടെക് മോണോപൊളി എന്നിവയുമായി ബന്ധപ്പെട്ട ആന്‍റിട്രസ്റ്റ് കേസ് കമ്പനി ഇതിനകം നേരിടുന്നുണ്ട്. എങ്കിലും, സമീപകാല കോടതി വിധികളിൽ ഗൂഗിളിന് ഭാഗികമായി ആശ്വാസം ലഭിച്ചു. കമ്പനിക്ക് അവരുടെ ക്രോം ബ്രൗസർ ഉപയോഗിക്കാൻ കഴിയുമെന്നും എന്നാൽ അവരുടെ സെർച്ചിംഗ് ഡാറ്റ എതിരാളികളുമായി പങ്കിടേണ്ടിവരുമെന്നും അടുത്തിടെ കോടതി പറഞ്ഞിരുന്നു.
എന്തായാലും വരുംകാലങ്ങളിൽ ഗൂഗിളിനു മേലുള്ള നിയമപരമായ സമ്മർദ്ദം കൂടുതൽ വർധിച്ചേക്കാമെന്ന് വ്യക്തമാണ്. കൂടാതെ ഉപയോക്താക്കളുടെ സ്വകാര്യത സംബന്ധിച്ച് കമ്പനി കൂടുതൽ സുതാര്യത കാണിക്കേണ്ടിവരും. ഗൂഗിളിന് ചുമത്തിയ ഈ ഭീമമായ പിഴ, ടെക് കമ്പനികൾ ഉപയോക്താക്കളുടെ ഡാറ്റയും സ്വകാര്യതയും എത്രത്തോളം ഗൗരവമായി കാണുന്നു എന്ന ചോദ്യം വീണ്ടും ഉയർത്തുന്നു. സ്വകാര്യതാ ലംഘനങ്ങൾ ടെക് കമ്പനികള സംബന്ധിച്ച് വളരെ ചെലവേറിയതായിരിക്കുമെന്ന ശക്തമായ സന്ദേശം കൂടിയാണിത്.