സ്ത്രീയോട് നല്ല ശരീരഘടനയാണെന്ന് അഭിപ്രായപ്പെടുന്നതും ലൈംഗികച്ചുവയുള്ള സന്ദേശങ്ങൾ അയക്കുന്നതും ലൈംഗികാതിക്രമത്തിൽ ഉൾപ്പെടും; ഉത്തരവുമായി ഹൈക്കോടതി
കൊച്ചി: സ്ത്രീയോട് നല്ല ശരീരഘടനയാണെന്ന് അഭിപ്രായപ്പെടുന്നതും ലൈംഗികച്ചുവയുള്ള സന്ദേശങ്ങൾ അയക്കുന്നതും ലൈംഗികാതിക്രമമാണെന്ന് ഹൈക്കോടതി.
സഹപ്രവർത്തകയുടെ ശരീരഭംഗി മികച്ചതാണെന്ന് പറയുകയും ഫോണിൽ ലൈംഗികച്ചുവയുള്ള സന്ദേശങ്ങൾ അയച്ചതിനും ലൈംഗികാതിക്രമം അടക്കമുള്ള വകുപ്പുകൾ പ്രകാരമെടുത്ത കേസ് റദ്ദാക്കണമെന്ന പ്രതിയുടെ ആവശ്യം തള്ളിയാണ് ഉത്തരവ്. കെ.എസ്.ഇ.ബി.യിൽ ഉദ്യോഗസ്ഥനായിരുന്ന ആർ. രാമചന്ദ്രൻ നായരുടെ ഹർജിയാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ തള്ളിയത്.
ആലുവ പോലീസ് 2017-ൽ രജിസ്റ്റർചെയ്ത കേസ് റദ്ദാക്കണമെന്നായിരുന്നു ആവശ്യം. മികച്ച ബോഡി സ്ട്രക്ചർ എന്ന കമന്റിൽ ലൈംഗികച്ചുവയില്ലെന്നായിരുന്നു ഹർജിക്കാരന്റെ വാദം. ഇതിനെ പരാതിക്കാരി ശക്തമായി എതിർത്തു. മുൻപും തനിക്കെതിരേ സമാനമായ പ്രവൃത്തി ഹർജിക്കാരന്റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഫോൺ ബ്ലോക്ക് ചെയ്തിട്ടും മറ്റ് നമ്പറുകളിൽനിന്ന് ലൈംഗികച്ചുവയുള്ള സന്ദേശങ്ങൾ അയച്ചതും ശ്രദ്ധയിൽപ്പെടുത്തി. കെ.എസ്.ഇ.ബി. വിജിലൻസ് ഓഫീസർക്കടക്കം പരാതി നൽകിയിട്ടും മോശമായ പെരുമാറ്റം തുടർന്നു. സ്ത്രീയുടെ അഭിമാനത്തിന് ക്ഷതമേൽപ്പിച്ചു എന്നതടക്കമുള്ള വകുപ്പുകളും ഹർജിക്കാരനെതിരേ ചുമത്തിയിരുന്നു. ഇതൊന്നും റദ്ദാക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.