22 ഗ്രാം സ്വര്‍ണം മോഷ്ടിക്കപ്പെട്ടു; തിരിച്ചുകിട്ടിയത് 21 കൊല്ലത്തിനുശേഷം; പവന് 5,850 രൂപയുള്ളകാലത്ത് നഷ്ടപ്പെട്ട ഉരുപ്പടി തിരിച്ചുകിട്ടുമ്പോള്‍ 80,000 രൂപ കടന്നു;കോട്ടയം സിഎംഎസ് കോളേജ് ജീവനക്കാരൻ ബിജു ഡേവിഡിന് ഇതൊരു വമ്പൻ ലോട്ടറി തന്നെ

Spread the love

കോട്ടയം: ഇതൊരു വമ്പൻ ലോട്ടറിയാണ്.21 വര്‍ഷം മുന്‍പ് മോഷ്ടിക്കപ്പെട്ട സ്വര്‍ണാഭരണങ്ങള്‍ കോടതിവ്യവഹാരം കഴിഞ്ഞ് തിരികെക്കിട്ടിയപ്പോള്‍ പതിന്മടങ്ങ് ലാഭത്തിന്റെ വെട്ടിത്തിളക്കം. അപൂര്‍വമായ ആ അനുഭവവും സംഭവബഹുലമായ അതിന്റെ ചരിത്രവും പറയുകയാണ്, കോട്ടയം സിഎംഎസ് കോളേജ് ജീവനക്കാരന്‍ കായംകുളം കല്ലുംമൂട് വേലശേരി വീട്ടില്‍ ബിജു ഡേവിഡ്.

2004-ലെ ശ്രീകൃഷ്ണജയന്തിദിനം രാത്രിയിലാണ്, വീട്ടില്‍നിന്ന് ആറുമാസം പ്രായമുള്ള മകള്‍ അഞ്ജു എലിസബത്തിന്റെ വളയും കാല്‍ത്തളയും ഒരു മാലയുമടക്കം 22 ഗ്രാം സ്വര്‍ണം കള്ളന്‍ മോഷ്ടിച്ചത്. മഴയുള്ള രാത്രിയില്‍ കള്ളന്‍ വീടിന്റെ ജനല്‍ തകര്‍ത്താണ് സ്വര്‍ണം മോഷ്ടിച്ചത്. ശബ്ദം കേട്ടുണര്‍ന്ന ബിജു കൈയില്‍ പിടിച്ചെങ്കിലും, വിടുവിച്ച് കള്ളന്‍ രക്ഷപ്പെട്ടു. കേസും പുകിലുമായി നാളുകള്‍ പിന്നിട്ടെങ്കിലും കള്ളനെ കിട്ടിയില്ല.

മറ്റൊരു കേസന്വേഷണത്തിനിടയില്‍ ചേര്‍ത്തല എസ്‌ഐ, ശൂരനാട് സ്വദേശി സുബേറെന്ന കള്ളനെ പിടികൂടിയപ്പോള്‍ മുന്‍പ് നടത്തിയ മോഷണങ്ങള്‍ അയാള്‍ ഏറ്റുപറഞ്ഞു. അതില്‍ ബിജുവിന്റെ സ്വര്‍ണവും പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മോഷ്ടിച്ച സ്വര്‍ണം കായംകുളം റെയില്‍വേ കോളനിയിലെ ഒരു താമസക്കാരന് വിറ്റെന്നായിരുന്നു മൊഴി. പിറ്റേന്ന് കള്ളനെയുംകൊണ്ട് പോലീസ് വേലശേരി വീട്ടിലെത്തി. മഴയുള്ള രാത്രിയില്‍ ജനലിലൂടെ മോഷ്ടിച്ച സ്വര്‍ണത്തിന്റെ കാര്യം മണിമണിപോലെ കള്ളന്‍ പറഞ്ഞു.

സംഭവം ഉറപ്പിച്ചതോടെ റെയില്‍വേ കോളനിയിലെത്തിയ പോലീസ്, സ്വര്‍ണം പിടിച്ചെടുത്ത് കോടതിയില്‍ സമര്‍പ്പിച്ചു. രണ്ടുമാസം കഴിഞ്ഞ് കള്ളന്‍ ജയില്‍ചാടി. അതോടെ അന്വേഷണവും കോടതിവ്യവഹാരവും നീണ്ടു. വീണ്ടും കള്ളന്‍ പോലീസിന്റെ വലയില്‍ വീണു. പിന്നീട് വര്‍ഷങ്ങള്‍ നീണ്ട കോടതിവിസ്താരം പൂര്‍ണമാക്കി കള്ളന് ശിക്ഷ വിധിച്ചു.

കള്ളന്‍ ജയില്‍വാസം തുടങ്ങി കാലങ്ങള്‍ കഴിഞ്ഞപ്പോള്‍, ബിജുവിനെത്തേടി ഒരു സമന്‍സെത്തി. അതാകട്ടെ, കൃത്യം 21 വര്‍ഷമായ ശ്രീകൃഷ്ണജയന്തിയുടെ തലേന്ന്. നഷ്ടപ്പെട്ട സ്വര്‍ണം ഉടനെ ഏറ്റെടുക്കണമെന്നായിരുന്നു കോടതിയുടെ അറിയിപ്പ്.