
റാന്നി : ജോലിക്ക് നിന്ന വീട്ടിൽ നിന്നും സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ യുവതി അറസ്റ്റിലായി. വലിയകുളം പുത്തൻപുരയിൽ വീട്ടിൽ സിന്ധു (40) ആണ് അറസ്റ്റിലായത്. ചെത്തോങ്കര കുന്നുംപുറത്ത് പുത്തൻകാവിൽ റേച്ചൽ മാത്യുവിൻ്റെ വീട്ടിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ടാണ് യുവതിയെ റാന്നി പോലീസ് പിടികൂടിയത്. വീട്ടിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന 12 പവനോളം ആഭരണങ്ങൾ കാൺമാനില്ലെന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു .തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതി പോലീസിൻ്റെ പിടിയിലായത്. ആഭരണങ്ങൾ റാന്നിയിലെ ഒരു ധനകാര്യസ്ഥാപനത്തിൽ പണയം വെച്ചതായി കണ്ടെത്തി. ജൂൺ 14 മുതൽ ഈ വീട്ടിൽ യുവതി ജോലി ചെയ്തിരുന്നു. വീട്ടുകാർ ജോലിക്കുപോയ സമയങ്ങളിൽ ആഭരണങ്ങൾ കവർന്ന ശേഷം ധനകാര്യസ്ഥാപനത്തിൽ പണയം വെച്ച് യുവതി അഞ്ച് ലക്ഷം രൂപ കൈക്കലാക്കി എന്ന് പോലീസ് പറഞ്ഞു. എസ്ഐ ശ്രീജിത്ത് ജനാർദ്ദനൻ, സി പി ഒ മാരായ എൽ.ടി ലിജു, സൂര്യ , റാഫി, മീരാൻ, സലാം ഷാനവാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്