play-sharp-fill
തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ്; ഒരാള്‍ കൂടി കസ്റ്റഡിയില്‍: സംഭവത്തിന് തീവ്രവാദബന്ധമെന്ന് എന്‍ഐഎ റിമാന്‍ഡ് റിപ്പോര്‍ട്ട്

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ്; ഒരാള്‍ കൂടി കസ്റ്റഡിയില്‍: സംഭവത്തിന് തീവ്രവാദബന്ധമെന്ന് എന്‍ഐഎ റിമാന്‍ഡ് റിപ്പോര്‍ട്ട്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: നയതന്ത്ര ബാ​ഗിലൂടെ സ്വര്‍ണം കടത്തിയ കേസില്‍ ഒരാള്‍ കൂടി കസ്റ്റഡിയില്‍. ഹംസദ് എന്നയാളെയാണ് കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്. അതേസമയം, കേസിലെ പ്രതിയായ ഫൈസല്‍ ഫരീദിന്റെ സഹായി എന്ന് കരുതുന്ന റബിന്‍സിന്റെ പാസ്പോര്‍ട്ട് കണ്ടുകെട്ടാനുള്ള നടപടി കസ്റ്റംസ് ആരംഭിച്ചു. സ്വര്‍ണം അയക്കാന്‍ ഫൈസലിനെ സഹായിച്ചത് റബിന്‍സാണെന്ന് കസ്റ്റംസ് നേരത്തെ കണ്ടെത്തിയിരുന്നു.


കേസിലെ രണ്ടാംപ്രതി സ്വപ്‌ന സുരേഷ് കള്ളക്കടത്തിലൂടെ നേടിയ സമ്പത്ത് ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിച്ചതായി ദേശീയ അന്വേഷണ ഏജന്‍സി സൂചിപ്പിച്ചത് പുതിയ വിവാദത്തിന് കളമൊരുക്കി. സ്വപ്‌ന സുരേഷിനെയും നാലാംപ്രതി സന്ദീപ് നായരെയും ഇന്നലെ എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ സമര്‍പ്പിച്ച കസ്റ്റഡി റിപ്പോര്‍ട്ടിലാണ് ഇക്കാര്യമ വ്യക്തമാക്കിയത്. സ്വപ്നയ്‌ക്ക് ബാങ്കുകളിലും മറ്റിടപാടുകളിലുമായി വന്‍ സാമ്പത്തിക നിക്ഷേപമുണ്ടെന്നും, കള്ളക്കടത്തിലൂടെ ലഭിച്ച സമ്പത്ത് പലമാര്‍ഗങ്ങളിലൂടെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്കു ഫണ്ട് ചെയ്യാന്‍ ഉപയോഗിച്ചതായി സംശയിക്കുന്നുവെന്നും കസ്റ്റഡി റിപ്പോര്‍ട്ടില്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പണമെത്തിക്കാന്‍ സ്വര്‍ണക്കടത്ത് ഉപയോഗിച്ചതായി എന്‍ഐഎ കണ്ടെത്തിയെന്നാണ് സൂചന . സ്വര്‍ണം കടത്തിയതില്‍ മുഖ്യ കണ്ണി മലപ്പുറം സ്വദേശി കെ ടി റമീസ് ആണെന്നും സ്വപ്ന സുരേഷും സന്ദീപ് നായരും കുറ്റം സമ്മതിച്ചതായും എന്‍ഐഎ വ്യക്തമാക്കി. കനകമല തീവ്രവാദ കേസിലെ പോലെ ടെലിഗ്രാം ആപ്പ് വഴിയാണ് ആശയവിനിമയം നടന്നത്. സ്വര്‍ണ്ണക്കടത്തിലെ സാമ്പത്തിക ബന്ധങ്ങള്‍ക്ക് പിന്നിലാണ് തീവ്രവാദത്തിനുള്ള മുഖ്യസ്ഥാനം.

കേരളത്തിലും ഡല്‍ഹിയിലുമടക്കം കത്തിപ്പടർന്ന സിഎഎ വിരുദ്ധ സമരങ്ങള്‍ക്കും സ്വര്‍ണ്ണക്കടത്ത് പണത്തിന്റെ സ്വാധീനമുണ്ടെന്നാണ് വിലയിരുത്തൽ. തെളിവെടുപ്പിനിടെ കണ്ടെത്തിയ ഡിജിറ്റല്‍ വീഡിയോ റെക്കോര്‍ഡറില്‍ നിര്‍ണായകവിവരങ്ങളുള്ളതായാണ് എന്‍ഐഎ സംഘം പറയുന്നത്. രണ്ടാം പ്രതി സ്വപ്ന സുരേഷിന്റേയും നാലാം പ്രതി സന്ദീപ് നായരുടേയും കസ്റ്റഡി നീട്ടണമെന്ന് എന്‍ഐഎ ആവശ്യപ്പെട്ടു. സ്വപ്നയുടെ പണമിടപാടുകളും സ്വര്‍ണ നിക്ഷേപങ്ങളും മറ്റും എന്‍ഐഎ പരിശോധിച്ചുവരുകയാണ്.

അതേസമയം എന്‍ഐഎയുടെ ആരോപണങ്ങള്‍ വസ്തുത വിരുദ്ധമാണെന്ന് ആരോപിച്ച്‌ ജാമ്യഹര്‍ജിയുമായി വീണ്ടും സ്വപ്ന സുരേഷ് കോടതിയെ സമീപിച്ചു.യുഎഇ കോണ്‍സുലേറ്റ് പ്രതിനിധിയുമായി സ്വപ്‌ന സുരേഷ് നടത്തിയ ചാറ്റുകള്‍ എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. സ്വര്‍ണം കസ്റ്റംസ് തടഞ്ഞതുമുതല്‍ പിടിയിലാകുന്നത് വരെ സ്വപ്‌നയും സന്ദീപും ടെലിഗ്രാം വഴി ആശയവിനിമയം നടത്തിയിരുന്നു. പ്രധാനപ്പെട്ട പല സന്ദേശങ്ങളും ഡിലീറ്റ് ചെയ്തിട്ടുണ്ട്. ഇത് കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.