സ്വർണ്ണം വിമാനത്താവളത്തിൽ പിടികൂടുമെന്നായപ്പോൾ ബാഗേജ് അയച്ച സ്ഥലത്തേക്ക് തന്നെ തിരിച്ചയക്കാൻ കസ്റ്റംസ് അസി.കമ്മീഷണർക്ക് അറ്റാഷെയുടെ കത്ത് ; സ്വർണ്ണക്കടത്ത് കേസിൽ യുഎഇ കോൺസുലേറ്റ് അറ്റാഷെയുടെ പങ്കിനെ കുറിച്ചുള്ള കൂടുതൽ തെളിവുകൾ പുറത്ത്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: രാജ്യത്തെ നടുക്കിയ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് യു.എ.ഇ കോൺസുലേറ്റ് അറ്റാഷെ റാഷിദ് ഖാമിസ് അൽ അസ്മിയ്ക്കുള്ള പങ്കിന്റെ കൂടുതൽ തെളിവുകൾ പുറത്ത്.
സ്വർണം വിമാനത്താവളത്തിൽ വച്ച് കസ്റ്റംസ് അധികൃതർ പിടികൂടുമെന്ന് ഉറപ്പായപ്പോൾ ബാഗേജ് അയച്ച സ്ഥലത്തേക്ക് തന്നെ തിരിച്ചയക്കാൻ ആവശ്യപ്പെട്ട് അറ്റാഷെ എയർ കോർഗോ വിഭാഗത്തിലെ കസ്റ്റംസ് അസി.കമ്മീഷണർക്ക് സന്ദേശം അയച്ചിരുന്നതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്വർണ്ണം പിടികൂടുന്ന ജൂലായ് മൂന്നിന് 1.42നാണ് ഇമെയിൽ സന്ദേശം വന്നത്. അറ്റാഷെയുടെ ആവശ്യപ്രകാരം സ്വപ്‌നയാണ് കത്ത് തയ്യാറാക്കി അറ്റാഷെയ്ക്ക് ഇമെയിൽ സന്ദേശമായി അയക്കുന്നത്.
ഈ ഇമെയിൽ സന്ദേശം അറ്റാഷെ കസ്റ്റംസ് അസി.കമ്മീഷണർക്ക് പിന്നീട് അയച്ച് നൽകുകയായിരുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം.
അതിനിടെ, പാഴ്‌സൽ അയക്കാൻ ഫൈസൽ ഫരീദിനെ ചുമതലപ്പെടുത്തിയത് അറ്റാഷെയാണെന്ന് വ്യക്തമാക്കുന്ന കത്തും കസ്റ്റംസിനു ലഭിച്ചിട്ടുണ്ട്.
കേസിൽ പ്രതികളുടെ മൊഴികൾ പുറത്തുവന്നതോടെ അദ്ദേഹം ഞായറാഴ്ച ഡൽഹി വഴി യു.എ.ഇയിലേക്ക് മടങ്ങിപ്പോയിരുന്നു. അറ്റാഷെയുമായി അന്വേഷണ സംഘത്തിന് കൂടിക്കാഴ്ചയ്ക്ക് അവസരം നൽകണമെന്ന് കേന്ദ്രസർക്കാർ യു.എ.ഇ നയതന്ത്ര കാര്യാലയത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിന് പിന്നാലെയാണ് ഔദ്യോഗിക പദവി ഉപയോഗിച്ച് ഇയാൾ മടങ്ങുന്നത്.