
സ്വർണ്ണക്കടത്ത് കേസിൽ കീഴടങ്ങിയ ജലാലിന്റെ കാറിന്റെ മുൻസീറ്റിനടിയിൽ രഹസ്യ അറകൾ ; സ്വർണ്ണക്കടത്തിനിറങ്ങിയത് കോഴി ഫാം നഷ്ടത്തിലായതോടെ
സ്വന്തം ലേഖകൻ
കൊച്ചി: രാജ്യത്തെ നടുക്കിയ സ്വർണക്കടത്ത് കേസിൽ കീഴടങ്ങിയ ജലാലിന്റെ കാറിൽ മുൻസീറ്റിനിടയിൽ രഹസ്യ അറകൾ. കേസിൽ കീഴടങ്ങിയ ജലാലിന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയ കാറിലാണ് സ്വർണക്കടത്തിന് സജ്ജീകരിച്ചിരിക്കുന്ന രീതിയിലുള്ള പ്രത്യേക അറകളുള്ളത്.
ജലാലിന്റെ ഉടമസ്ഥതയിലുള്ള കാറാണിത്. കാറിന്റെ മുൻസീറ്റിനടിയിലാണ് പ്രത്യേക അറയുള്ളത്. ഇതിലാണ് സ്വർണം കടത്തിയിരുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വർഷങ്ങളായി കേരള പൊലീസും കസ്റ്റംസും തിരയുന്ന പിടികിട്ടാപ്പുള്ളിയാണ് ജലാൽ. നേരത്തെ മൂവാറ്റുപുഴയിൽ കോഴി ഫാം നടത്തിയിരുന്ന ജലാൽ അത് നഷ്ടത്തിലായതോടെയാണ് സ്വർണക്കടത്തിലേക്ക് എത്തുന്നത്.
സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് ഇയാൾ നേരത്തെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും പിടിയിലായിരുന്നെങ്കിലും അതിന് ശേഷവും സ്വർണക്കടത്ത് തുടർന്ന് വരികെയായിരുന്നു.
ഇന്നലെയാണ് മറ്റ് രണ്ട് പേർക്കൊപ്പമെത്തി കസ്റ്റംസ് ഓഫീസിൽ ഇയാൾ കീഴടങ്ങിയത്.
തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ നിലവിൽ കസ്റ്റഡിയിലുള്ള റമീസുമായി ജലാലിന് അടുത്ത ബന്ധമുണ്ടെന്ന് കസ്റ്റംസ് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു.
സ്വർണ്ണക്കടത്ത് കേസ് അന്വേഷണം തന്നിലേക്കും നീങ്ങിയതോടെയാണ് ജലാൽ കഴിഞ്ഞ ദിവസം നേരിട്ട് കീഴടങ്ങാൻ എത്തിയത്.