play-sharp-fill
ഡിപ്ലോമാറ്റിക് ബാഗേജിലൂടെ സ്വർണ്ണം കടത്താമെന്ന പദ്ധതി ആദ്യം ഉണ്ടാക്കിയത് കെ.ടി റമീസ് ; ലോക്കറിൽ നിന്നും ലഭിച്ച ഒരു കോടി രൂപയുടെ നിക്ഷേപം അടുത്തിയിടെ ഒരു ഡീലിന് ലഭിച്ച പ്രതിഫലമെന്നും സ്വപ്‌നയുടെ മൊഴി

ഡിപ്ലോമാറ്റിക് ബാഗേജിലൂടെ സ്വർണ്ണം കടത്താമെന്ന പദ്ധതി ആദ്യം ഉണ്ടാക്കിയത് കെ.ടി റമീസ് ; ലോക്കറിൽ നിന്നും ലഭിച്ച ഒരു കോടി രൂപയുടെ നിക്ഷേപം അടുത്തിയിടെ ഒരു ഡീലിന് ലഭിച്ച പ്രതിഫലമെന്നും സ്വപ്‌നയുടെ മൊഴി

സ്വന്തം ലേഖകൻ

തിരുവനന്തപുരം : രാജ്യത്തെ നടുക്കിയ സ്വർണ്ണക്കടത്ത് കേസിലെ മുഖ്യകണ്ണിയായ സ്വപ്‌ന സുരേഷിന്റെ മൊഴിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. വിമാനത്താവളം വഴി നയതന്ത്രബാഗിൽ സ്വർണം കടത്താമെന്ന പദ്ധതി ആദ്യം ഉണ്ടാക്കിയത് കെ ടി റമീസെന്ന് സ്വപ്ന സുരേഷ് മൊഴി നൽകി.

സ്വർണക്കടത്തിന്റെ പ്രധാന ആസൂത്രകർ റമീസും സന്ദീപുമാണ്. റമീസും സന്ദീപും ആദ്യം ദുബായിൽ വച്ചാണ് കാണുന്നത് ഇതിന് ശേഷം ഇരുവരും ചേർന്ന് സ്വർണക്കടത്തിനുള്ള പദ്ധതികൾ തയ്യാറാക്കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ നടപടികൾക്കെല്ലാം ശേഷമാണ് സരിത്തിനെയും പിന്നീട് സ്വപ്നയെയും സ്വർണ്ണക്കടത്ത് റാക്കറ്റിലേക്ക് എത്തിക്കുന്നത്. ഇവരിലൂടെയാണ് നയതന്ത്രബാഗിൽ ആർക്കും സംശയം തോന്നാത്ത വിധം സുരക്ഷിതമായി സ്വർണം കടത്താമെന്ന പദ്ധതി കെ ടി റമീസ് രൂപീകരിക്കുകയായിരുന്നെന്നും കസ്റ്റംസിന് സ്വപ്ന സുരേഷ് നൽകിയ മൊഴിയിൽ പറയുന്നു.

അതേസമയം, സ്വപ്ന സുരേഷ് കള്ളക്കടത്തിനൊപ്പം നിരവധി വൻകിട റിയൽ എസ്റ്റേറ്റ് ബിസിനസ് സംരംഭങ്ങളിലും ഇടനിലക്കാരിയായെന്ന് തെളിയിക്കുന്ന രേഖകൾ കസ്റ്റംസ് അധികൃതർക്ക് ലഭിച്ചിട്ടുണ്ട്.

 

സ്വപ്നയുടെ ലോക്കറിൽ നിന്ന് ലഭിച്ച ഒരു കോടി രൂപയുടെ നിക്ഷേപം അടുത്തിടെ നടന്ന ഒരു ഡീലിന് ലഭിച്ച പ്രതിഫലമാണെന്നാണ് സ്വപ്ന മൊഴി നൽകിയിരിക്കുന്നത്.

തിരുവനന്തപുരത്തെ രണ്ട് ബാങ്ക് ലോക്കറുകളിൽ നിന്നായി ഏതാണ്ട് 1.05 കോടി രൂപയും ഏകദേശം 123 പവൻ, അതായത് ഒരു കിലോയോളം സ്വർണാഭരണങ്ങളുമാണ് കണ്ടെത്തിയിട്ടുള്ളത്. സ്വർണം വിവാഹസമ്മാനം ലഭിച്ചതാണെന്നാണ് സ്വപ്ന മൊഴി നൽകിയിരിക്കുന്നത്.

ആദ്യത്തെ വിവാഹം കഴിഞ്ഞപ്പോൾ അഞ്ച് കിലോ സ്വർണമുണ്ടായിരുന്നെന്നും വീടുപണിക്കായി കുറച്ച് വിറ്റെന്നുമാണ് സ്വപ്ന പറയുന്നത്. എന്നാലിത് കസ്റ്റംസ് അധികൃതർ പൂർണ്ണമായും മുഖവിലയ്ക്ക്‌ എടുത്തിട്ടില്ല.

സ്വർണക്കടത്തിൽ പങ്കാളിത്തമുള്ള മറ്റു പേരുകൾ സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവർ വെളിപ്പെടുത്തി. മൊഴികളുടെ അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും എൻഐഎ വ്യക്തമാക്കിയിട്ടുണ്ട്.

ഈ മൊഴികളുടെ അടിസ്ഥാനത്തിലാകും എൻഐഎ ശിവശങ്കറിനെ തിങ്കളാഴ്ച രണ്ടാമത് ചോദ്യം ചെയ്യുന്നത്. നിലവിൽ സ്വപ്നയും സന്ദീപും സരിത്തുമടക്കം കേസിലെ പ്രധാന പ്രതികളെ എല്ലാം എൻഐഎ കോടതി അടുത്തമാസം 21 വരെ റിമാൻഡ് ചെയ്തിരിക്കുകയാണ്.