വിമാനത്തിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ച് രണ്ട് കിലോ സ്വർണ്ണം കടത്താൻ ശ്രമം ; എസ്. ഐ.യും വനിതാ സുഹൃത്തുമുൾപ്പെടെ ഒൻപത്‌പേർ ഡി.ആർ.ഐ കസ്റ്റഡിയിൽ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: വിമാനത്തിന്റെ സീറ്റിനടിയിൽ പേഴ്‌സിൽ ഒളിപ്പിച്ച് രണ്ട് കിലോ സ്വർണ്ണം കണ്ടെത്തി. സംഭവത്തിൽ വഞ്ചിയൂർ പൊലീസ് സ്റ്റേഷനിലെ എസ്.ഐ കബീറും വനിതാ സുഹൃത്തുമുൾപ്പെടെ ഒൻപത് പേരെ ഡി.ആർ.ഐ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെ മൂന്നിന് ദുബായിൽ നിന്നെത്തിയ എമിറേറ്റ്‌സ് വിമാനത്തിൽ നിന്നാണ് സ്വർണം പിടിച്ചത്. കബീറും ഇയാളുടെ സുഹൃത്തും സീറ്റിനടിയിൽ സ്ത്രീകളുടെ പേഴ്‌സിനുള്ളിൽ ബിസ്‌ക്കറ്റ് രൂപത്തിലാണ് സ്വർണ്ണം ഒളിപ്പിച്ചിരുന്നത്. രഹസ്യവിവരത്തെതുടർന്ന് ഡി.ആർ.ഐ കണ്ടെത്തിയത്.
പത്ത് പീസുകളാക്കിയാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. പ്രാഥമിക ചോദ്യം ചെയ്യലിൽ ആരും കുറ്റം സമ്മതിക്കാതിരുന്നതിനാൽ വിമാനത്തിൽ എസ്.ഐയും സുഹൃത്തും ഇരുന്ന നിരയിലുണ്ടായിരുന്ന ഒൻപത് പേരെയും ചോദ്യം ചെയ്യാനായി ഡി.ആർ.ഐ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. അതേസമയം കഴിഞ്ഞ രണ്ടാഴ്ചയായി എസ്.ഐ കബീർ അവധിയിലായിരുന്നുവെന്നും ഇയാളുടെ വിദേശയാത്രയെപ്പറ്റി അറിഞ്ഞിരുന്നില്ലെന്നും ഉന്നത പൊലീസദ്യോഗസ്ഥർ അറിയിച്ചു. ഡി.ആർ.ഐ ഓഫീസിൽ നിന്ന് ഔദ്യോഗികമായി ഇക്കാര്യം സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിൽ അറിയിച്ചതിനെതുടർന്ന് ശംഖുംമുഖം അസി. കമ്മിഷണറോട് സിറ്റി പൊലീസ് കമ്മിഷണർ റിപ്പോർട്ട് തേടിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം വഴി കോടികളുടെ സ്വർണക്കള്ളക്കടത്ത് നടത്തിയ കേസിൽ കസ്റ്റംസ് സൂപ്രണ്ടായിരുന്ന രാധാകൃഷ്ണനുൾപ്പെടെയുള്ളവർ പിടിയിലായശേഷം ഇതുവഴിയുളള കടത്ത് നിലച്ചിരിക്കുകയായിരുന്നു. വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ പ്രോഗ്രാം മാനേജർമാരായിരുന്ന പ്രകാശ് തമ്പി സുഹൃത്ത് വിഷ്ണു സോമസുന്ദരം എന്നിവരുൾപ്പെടെ രണ്ട് ഡസനോളം പേരെ ഡി.ആർ.ഐ പിടികൂടിയിരുന്നു. ഇതിൽ രാധാകൃഷ്ണനും വിഷ്ണു സോമസുന്ദരവും പ്രകാശ് തമ്പിയുമുൾപ്പെടെ ഉള്ളവർക്കെതിരെ കൊഫേപോസ നിയമപ്രകാരമുള്ള നടപടികളും സ്വീകരിച്ചിരുന്നു.
ഇതുമായി ബന്ധപ്പെട്ട് പിടിയിലായവരെ വിശദമായി ചോദ്യം ചെയ്യുന്നതിനൊപ്പം വിമാനത്തിനുള്ളിലെ സി.സി. ടി.വി ദൃശ്യങ്ങളുൾപ്പെടെ പരിശോധിച്ചശേഷമേ കള്ളക്കടത്തിന് പിന്നിൽ ആരാണെന്ന് ഉറപ്പിക്കാനാകൂവെന്ന് ഡി.ആർ.ഐ വെളിപ്പെടുത്തി