
സ്വർണ്ണ കള്ളക്കടത്ത് ; പിന്നിൽ ഇടത് അഭിഭാഷക സംഘടന നേതാവ്
സ്വന്തംലേഖകൻ
തിരുവനന്തപുരം: വിമാനത്താവളത്തിലെ 8.5 കോടി രൂപയുടെ സ്വർണക്കടത്തിനു പിന്നിൽ സിപിഎം സംഘം. അഭിഭാഷകന്റെ നേതൃത്വത്തിലുള്ള വൻ സംഘമാണ് കള്ളക്കടത്തിനു പിന്നിലെന്ന് പോലീസിന് തെളിവു ലഭിച്ചു. ഇടതു അഭിഭാഷക സംഘടന നേതാവും ബാർ അസോസിയേഷൻ ഭാരവാഹിയുമായിരുന്ന അഡ്വ. ബിജു മോഹനൻ ഉൾപ്പെടെ വലിയൊരു റാക്കറ്റ് പിന്നിലുണ്ട്.തിരുവനന്തപുരം മേയർ വി കെ പ്രശാന്തിന്റെ അടുത്ത സൂഹൃത്താണ് ബിജു മോഹനൻ. ഇരുവരും ഒരേ ഓഫീസിലാണ് പ്രാക്ടീസ് ചെയ്തിരുന്നത്. നഗരസഭാ തെരഞ്ഞെടുപ്പിൽ ബിജുവിനേയും സ്ഥാനാർത്ഥിയായി പരിഗണിച്ചിരുന്നു. ഒരേ ഓഫീസിലെ രണ്ടു പേർ മത്സരിക്കേണ്ട എന്ന ധാരണയിൽ ബിജു പിന്മാറുകയായിരുന്നു. ബിജുവിന്റെ ഇടപാടുകളെക്കുറിച്ച പ്രശാന്തിന് അറിവുണ്ടായിരുന്നു എന്നാണ് സൂചന.ബിജുവും ഭാര്യയും തുടരെ തുടരെ ദുബായ് യാത്ര നടത്തിയിരുന്നു. യാത്രയിലെല്ലാം സ്വർണ്ണം കൊണ്ടു വന്നിരുന്നതായി ഭാര്യ മൊഴി നൽകിയിട്ടുണ്ട്. 25 കിലോ സ്വർണ്ണം കടത്തുന്നതിനിടെ കഴിഞ്ഞ ദിവസമാണ് തിരുമല സ്വദേശി സുനിലും കഴക്കൂട്ടം വെട്ടുറോഡ് സ്വദേശിനി സെറീനയും പിടിയിലായത്. ഇവരെ സ്വീകരിക്കാൻ അഡ്വ ബിജുവും സഹായി വിഷ്ണുവും വിമാനത്താവളത്തിനു പുറത്ത് നിന്നിരുന്നു.ഈ കള്ളക്കടത്തിന് പിന്നിൽ അഡ്വ.ബിജുവിന്റെ നിർദേശങ്ങളാണെന്ന് അറസ്റ്റിലായ സുനിൽകുമാറും സെറീനയും മൊഴി നൽകി. കാരിയർമാരെ പിടിച്ചതോടെ അപകടം മണത്ത അഭിഭാഷകൻ മുങ്ങി. ഇതിനെത്തുടർന്ന് ഇയാളെ കണ്ടെത്താൻ റവന്യൂ ഇന്റലിജൻസ് വിഭാഗം അന്വേഷണം തുടങ്ങി. സെറീനയും നേരത്തേ 10 തവണ സ്വർണം കടത്തിയിട്ടുണ്ടെന്ന് ഡിആർഐ കണ്ടെത്തി. മസ്‌കറ്റിൽ നിന്ന് 25 ബിസ്‌കറ്റുകളായി ബാഗിലൊളിപ്പിച്ചാണ് സ്വർണം കടത്തിയത്.പാചക വിദഗ്ധയും ഇടതു സഹയാത്രികയുമായ അഭിഭാഷകയുമായും ബിജുവിന് അടുത്ത ബന്ധം ഉണ്ടായിരുന്നുവെന്നും അവർക്ക് ഇടപാടിൽ പങ്കാളിത്തം ഉണ്ടോ എന്നതും അന്വേഷിക്കുന്നുണ്ട്.