
സ്വർണ്ണക്കടത്ത് കേസ്: സ്വപ്‌നയെയും സരിത്തിനെയും സഹായിച്ചത് ബി.എം.എസ് നേതാവ്; സ്വപ്‌നയ്ക്കു രക്ഷപെടാൻ കാർ നൽകിയതും ഇതേ നേതാവ്; ബി.എം.എസ് നേതാവിന്റെ വീട്ടിൽ റെയിഡ് നടത്താനൊരുങ്ങി കസ്റ്റംസ്; സി.പി.എമ്മിനു പിന്നാലെ ബി.ജെ.പിയും പ്രതിക്കൂട്ടിലേയ്ക്ക്
തേർഡ് ഐ ബ്യൂറോ
കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ ബാഗേജ് വിട്ടു നൽകുന്നതിനായി കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത് ബി.എം.എസ് നേതാവാണെന്ന കൃത്യമായ വിവരം പുറത്ത്. വ്യാഴാഴ്ച രാവിലെ ബി.എം.എസ് നേതാവിന്റെ വീട്ടിൽ കസ്റ്റംസ് പരിശോധന നടത്തിയതോടെയാണ് ഇദ്ദേഹത്തിന്റെ പങ്കും വിഷയത്തിൽ പുറത്തായത്. ഇതോടെ, സ്വർണ്ണക്കടത്ത് കേസിൽ സംസ്ഥാനം ഭരിക്കുന്ന സി.പി.എമ്മിനു പിന്നാലെ ബി.ജെ.പിയും പ്രതിക്കൂട്ടിലായി.
എന്നാൽ, വ്യാഴാഴ്ച രാവിലെ സ്വർണ്ണക്കടത്ത് കേസ് സംബന്ധിച്ചു വാർത്ത നൽകിയ മലയാള മനോരമ ദിനപത്രം ബി.എം.എസ് നേതാവിന്റെ പേരും വിശദാംശങ്ങളും മറച്ചു വച്ച ശേഷമാണ് വാർത്ത നൽകിയത്. ബി.എം.എസ് നേതാവാണ് എന്നു പോലും എഴുതാതെ ട്രേഡ് യൂണിയൻ നേതാവാണ് എന്നതായിരുന്നു വ്യാഴാഴ്ച രാവിലെയുള്ള മനോരമ വാർത്ത.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ സ്വർണ്ണക്കടത്ത് സംഘത്തിന്റെ ബാഗേജ് എത്തിയപ്പോൾ ആദ്യം വിളിച്ചത് ഈ ബി.എം.എസ് നേതാവാണ് എന്നതാണ് വിവരം. ഇതു സംബന്ധിച്ചുള്ള വിവരം കസ്റ്റംസ് ഉദ്യോഗസ്ഥരാണ് പുറത്തു വിട്ടത്. നയതന്ത്ര പരിരക്ഷയുള്ളതിനാൽ ബാഗേജ് എത്രയും വേഗം വിട്ടു നൽകണമെന്നും, ഇല്ലെങ്കിൽ പണിതെറിപ്പിക്കുമെന്നുമായിരുന്നു ബി.എം.എസ് നേതാവിന്റെ ഭീഷണി.
സ്വർണ്ണംക്കടത്തിയ പാഴ്‌സൽ പൊട്ടിച്ചു പരിശോധിക്കാൻ കസ്റ്റംസ് ഉദ്യോഗസ്ഥർ തയ്യാറായപ്പോൾ ഇവരെ ഭീഷണിപ്പെടുത്തുകയും സാധനങ്ങൾ തിരികെ അയക്കുന്നത് വിലക്കുകയും ചെയ്യുകയായിരുന്നു ഈ ബി.എം.എസ് നേതാവ് എന്ന സൂചനയും പുറത്തു വന്നിട്ടുണ്ട്. കള്ളക്കടത്ത് പുറത്തറിഞ്ഞതിനു പിന്നാലെ സ്വപ്‌ന സുരേഷിനെ സംസ്ഥാനം വിടാൻ സഹായിച്ചതും ഇതേ നേതാവാണ് എന്ന വിവരം ലഭിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ കാറിലാണ് സ്വപ്‌ന സംസ്ഥാനത്തിനു പുറത്തേയ്ക്കു കടന്നതെന്നും വിവരം ലഭിച്ചിട്ടുണ്ട്.
ഇതിനിടെ ഇദ്ദേഹത്തിന്റെ കൊച്ചിയിലെ വീടും പരിശോധനയ്ക്കു വിധേയമാക്കിയിട്ടുണ്ട്. കള്ളക്കടത്തിൽ സ്വപ്‌നയുടെ പ്രധാന പങ്കാളിയായ സന്ദീപ് നായർ ഇദ്ദേഹത്തിന്റെ വീട്ടിലെ നിത്യ സന്ദർശകനാണ് എന്ന വിവരവും പുറത്തു വന്നിട്ടുണ്ട്. ഉന്നത രാഷ്ട്രീയ ബന്ധവും സ്വാധീനവുമുള്ള നേതാവിനു കസ്റ്റംസ് ക്ലിയറൻസ് ഏജന്റുമാർക്കിടയിലും വലിയ സ്വാധീനമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരത്തെ യു.എ.ഇ കോൺസുലേറ്റിലേയ്ക്കുള്ള മുഴുവൻ പാഴ്‌സലുകളും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് പുറത്ത് എത്തിച്ചിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.