
അഡ്‌ലെയ്‌ഡ്: ലോകത്തിലെ പല രാജ്യങ്ങളും നേരിടുന്ന വലിയ വെല്ലുവിളിയാണ് ഇ-വേസ്റ്റ്. ഓരോ വർഷം കഴിയും തോറും ഇലക്രോണിക് മാലിന്യം കുന്നുകൂടുകയാണ്. 2022-ൽ ഏകദേശം 62 ദശലക്ഷം ടൺ ഇലക്‌ട്രോണിക് മാലിന്യമാണ് കണ്ടെത്തിയത് എങ്കിൽ, 2023ല്‍ ഇത് 82 ദശലക്ഷം ടണ്ണായി ഉയര്‍ന്നു. ഇത് കൊണ്ട് തന്നെ ആഗോളതലത്തില്‍ എല്ലാത്തരത്തിലും വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഇലക്‌ട്രോണിക് വേസ്റ്റുകള്‍ എങ്ങനെ സംസ്‌കരിക്കുമെന്ന കാര്യത്തില്‍ ലോകം തലപുകയ്ക്കുകയാണ്. ഇതിനിടെയൊരു ആശ്വാസ വാര്‍ത്ത വന്നിരിക്കുന്നു. പരിസ്ഥിതി സൗഹൃദമായ നൂതന സാങ്കേതികവിദ്യ വഴി ഇലക്‌ട്രോണിക് മാലിന്യങ്ങളില്‍ നിന്ന് സ്വര്‍ണം വേര്‍തിരിച്ചെടുക്കുന്ന രീതി ഗവേഷകർ കണ്ടെത്തിയിരിക്കുകയാണ്.
ഇ-വേസ്റ്റ് വിഭാഗത്തില്‍ വരുന്ന ഉപയോഗശൂന്യമായതോ ഉപേക്ഷിക്കപ്പെട്ടതോ ആയ സ്‌മാര്‍ട്ട്‌ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, സര്‍ക്യൂട്ട് ബോര്‍ഡുകള്‍ പോലുള്ള ഉപകരണങ്ങളില്‍ നിന്ന് സ്വര്‍ണം വേര്‍തിരിച്ചെടുക്കാന്‍ കഴിയുന്നതാണ് പുതിയ സാങ്കേതികവിദ്യ. സമാന ആശയം മുമ്പു ഉയര്‍ന്നുവന്നിരുന്നുവെങ്കിലും അന്ന് ഉപയോഗിച്ച സാങ്കേതികവിദ്യ പ്രകൃതിക്ക് ദേഷകരമായത് മറ്റൊരു വെല്ലുവിളിയായിരുന്നു.
ഓസ്‌ട്രേലിയയിലെ ഫ്ലിൻഡേഴ്‌സ് യൂണിവേഴ്‌സിറ്റിയിലെ ഒരു സംഘം ശാസ്ത്രജ്ഞരാണ് അയിരിൽ നിന്നും ഇലക്‌ട്രോണിക് മാലിന്യങ്ങളിൽ നിന്നും സ്വർണം വേർതിരിച്ചെടുക്കുന്നത്തിന് കൂടുതൽ സുരക്ഷിതവുമായ മാർഗം ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഗ്രീൻ കെമിസ്ട്രി, എഞ്ചിനീയറിംഗ്, ഭൗതികശാസ്ത്രം എന്നിവയിലെ ആശയങ്ങള്‍ സംയോജിപ്പിച്ച് പരമ്പരാഗത സ്വർണ ഖനനത്തിന്‍റെ വിഷാംശം കുറയ്ക്കാൻ സഹായിക്കുന്ന ഒരു രീതി വികസിപ്പിച്ചെടുക്കയായിരുന്നു ഗവേഷകര്‍. ‘നേച്ചർ സസ്റ്റൈനബിലിറ്റി’ ഇതുമായി ബന്ധപ്പെട്ട പഠനം പ്രസിദ്ധീകരിച്ചു. പുതിയ സ്വർണ-എക്‌സ്‌ട്രാക്ഷന്‍ സാങ്കേതികത ചെറുകിട സ്വർണ ഖനനത്തെ കുറഞ്ഞ വിഷാംശ മലിനീകരണമുള്ളതാക്കിമാറ്റും.
സ്‌മാര്‍ട്ട്‌ഫോണുകളുടെ ആന്തരീകഘടകങ്ങളിലും സിപിയുവിലാണ് കൂടുതലായും സ്വര്‍ണം ഉപയോഗിക്കുന്നത്. കൂടാതെ, ബോണ്ടിംഗ് വയറുകളിലും കോണ്‍ടാക്റ്റുകള്‍ക്കുള്ള പ്ലേറ്റിംഗിലും സ്വര്‍ണം ഉപയോഗിക്കുന്നുണ്ട്. നിലവില്‍ ഇത്രയും കാലം സ്വര്‍ണം വേര്‍തിരിച്ചെടുത്തിരുന്നത് വലിയ അളവില്‍ മലിനീകരണം ഉണ്ടാക്കുന്ന പ്രക്രിയകളിലൂടെയായിരുന്നു. സ്വര്‍ണം വേര്‍തിരിക്കാന്‍ സാധാരണയായി ഉപയോഗിക്കുന്ന സയനൈഡ് ലവണങ്ങളും മെര്‍ക്കുറി ലോഹവും മണ്ണിലേക്കും ജലസ്രോതസുകളിലേക്കും വ്യാപിക്കുക വഴി ദീര്‍ഘകാല പരിസ്ഥിതി നാശത്തിന് കാരണമായിരുന്നു.
വിഷാംശം നിറഞ്ഞ വസ്തുക്കൾ അടങ്ങിയിരിക്കുന്നതിനാലും അനുചിതമായി പുനരുപയോഗം ചെയ്യുമ്പോൾ വിഷ രാസവസ്തുക്കൾ ഉത്പാദിപ്പിക്കാൻ സാധ്യതയുള്ളതിനാലും ഇ-മാലിന്യത്തെ അപകടകരമായ മാലിന്യമായാണ് പൊതുവെ കണക്കാക്കുന്നത്. ഈ വിഷവസ്തുക്കളിൽ പലതും മനുഷ്യന്‍റെ ആരോഗ്യത്തിന് ഹാനികരമാണ്. ഡയോക്സിനുകൾ, ലെഡ്, മെർക്കുറി എന്നിവ പൊതുജനാരോഗ്യത്തിന് ഭീഷണിയായ രാസവസ്തുക്കളില്‍ ഉള്‍പ്പെടുന്നു. സയനൈഡ്, മെര്‍ക്കുറി പോലുള്ള അതീവ വിഷാംശമുള്ള രാസവസ്തുക്കള്‍ ഒഴിവാക്കിക്കൊണ്ട് സ്വര്‍ണം വേര്‍തിരിച്ചെടുക്കാനുള്ള പുതിയ രീതിയാണ് ഇപ്പോള്‍ ഗവേഷകര്‍ വികസിപ്പിച്ചെടുത്തിട്ടുള്ളത് എന്നതാണ് വലിയ പ്രത്യേകത. അയിരില്‍നിന്ന് മാത്രമല്ല ഉപേക്ഷിക്കപ്പെട്ട ഫോണുകള്‍, സര്‍ക്യൂട്ട് ബോര്‍ഡുകള്‍ തുടങ്ങിയ ഇലക്ട്രോണിക് മാലിന്യങ്ങളില്‍നിന്ന് സ്വര്‍ണം വേര്‍തിരിച്ചെടുക്കാന്‍ ഈ രീതിയിലൂടെ സാധിക്കും. ട്രൈക്ലോറോയിസോസയനോറിക് ആസിഡ് (TCCA) ഉപയോഗിച്ചാണ് ഇത് സാധ്യമാകുന്നത്.