
പത്താം ക്ലാസ്സ് വിദ്യാർഥികളുടെ സത്യസന്ധതക്ക് നൂറില്‍ നൂറ് മാര്‍ക്ക്; കളഞ്ഞുകിട്ടിയ സ്വര്‍ണചെയിൻ ഉടമക്ക് തിരികെ നല്‍കി വിദ്യാർത്ഥികൾ; ചെയിൻ സ്കൂളിലെ അധ്യാപികയുടേത് എന്നറിഞ്ഞപ്പോൾ ഇരട്ടി സന്തോഷം
സ്വന്തം ലേഖകൻ
ഇടുക്കി: കളഞ്ഞു കിട്ടിയ സ്വര്‍ണചെയിന്‍ തിരികെ നല്‍കി മാതൃകയായി വിദ്യാര്‍ഥികള്‍. മുണ്ടക്കയം മുപ്പത്തിനാലാംമൈല്‍ സെന്റ് ആന്റണീസ് ഹൈസ്കൂളിലെ വിദ്യാര്‍ഥികളാണ് കളഞ്ഞു കിട്ടിയ സ്വര്‍ണ ചെയിനുമായി മുണ്ടക്കയം പൊലീസ് സ്റ്റേഷനില്‍ എത്തിയത്.എന്നൽ ചെയിൻ തങ്ങളുടെ അധ്യാപികയുടെ ആണെന്ന് അറിഞ്ഞപ്പോൾ സന്തോഷം ഇരട്ടിയായി.
പത്താം ക്ലാസ് വിദ്യാര്‍ഥികളായ ജോര്‍ജി ടി. ബിനോയി, അഭിഷേക് പി. ബിജു, എല്‍വിന്‍ ആഷ്ലി, ജോയല്‍ ജോഷി എന്നിവരാണ് സത്യസന്ധതക്ക് നൂറില്‍ നൂറ് മാര്‍ക്കും നേടി ശ്രദ്ധേയരായിരിക്കുന്നത്.സ്കൂളിലെ തന്നെ അധ്യാപികയായ ദീപാ ജേക്കബിന്റെതായിരുന്നു സ്വര്‍ണ ചെയിന്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്കൂള്‍ വിട്ട് മുണ്ടക്കയത്തേക്കു മടങ്ങി വരുംവഴിയാണ് ഈ വിദ്യാര്‍ഥികള്‍ക്ക് കല്ലേപാലത്തില്‍ വച്ച് സ്വര്‍ണ്ണ ചെയിന്‍ കളഞ്ഞു കിട്ടുന്നത്. മുക്കുപണ്ടമാണെന്നു കരുതി ആദ്യം വലിച്ചെറിയാന്‍ മുതിര്‍ന്നെങ്കിലും പിന്നീട് സ്വര്‍ണമാണോയെന്ന് മറ്റുള്ളവരോട് ചോദിച്ചു. സ്വര്‍ണമാണെന്നു മനസിലായതോടെ പിന്നെ ഒട്ടും വൈകിയില്ല.നേരെ മുണ്ടക്കയം പൊലീസ് സ്റ്റേഷനിലേക്ക്. ഒടുവില്‍ സ്വര്‍ണചെയിന്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്കൂളിലെ തന്നെ യുപി വിഭാഗം അധ്യാപികയായ ദീപാ ജേക്കബിന്റേതാണെന്ന് കണ്ടെത്തി.
വഴിയില്‍ ചെയിന്‍ നഷ്ടപ്പെട്ടെന്നു കാണിച്ച് അധ്യാപിക തലേദിവസം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ചെയിൻ നല്‍കാന്‍ കഴിഞ്ഞതിന്റെ സന്തോഷം കുട്ടികൾക്കും ചെയിൻ തിരികെ കിട്ടിയതോടോപ്പം ജോലി ചെയ്യുന്ന സ്കൂളിലെ വിദ്യാര്‍ഥികളുടെ സത്യസന്ധതയും അധ്യാപികയ്ക്ക് ഇരട്ടി സന്തോഷമാണ് നൽകുന്നത്.