play-sharp-fill
ഒരുകോടി രൂപയുടെ സ്വർണബാറുകളുമായി യുവാവ് പിടിയിൽ; രണ്ടരക്കിലോ തൂക്കമുള്ള സ്വർണബാറുകൾ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് കേബിൾ ടിവിയുടെ സെറ്റപ്പ് ബോക്‌സിൽ

ഒരുകോടി രൂപയുടെ സ്വർണബാറുകളുമായി യുവാവ് പിടിയിൽ; രണ്ടരക്കിലോ തൂക്കമുള്ള സ്വർണബാറുകൾ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് കേബിൾ ടിവിയുടെ സെറ്റപ്പ് ബോക്‌സിൽ


സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഒരുകോടി രൂപയുടെ സ്വർണബാറുകളുമായി യുവാവ് പിടിയിൽ. കേബിൾ ടി.വി.യുടെ സെറ്റപ്പ് ബോക്സുകളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഒരു കോടി രൂപ വിലയുള്ള രണ്ടരക്കിലോ തൂക്കമുള്ള സ്വർണബാറുകളുമായി വിമാനയാത്രക്കാരനെ പിടികൂടി. ദുബായിൽനിന്ന് വെള്ളിയാഴ്ച രാവിലെ 8.30-ന് തിരുവനന്തപുരത്തെത്തിയ എമിറേറ്റ്സ് വിമാനത്തിലെ യാത്രക്കാരനായ അമ്പലത്തറ സ്വദേശി മുഹമ്മദ് സുഹൈബി (21)നെയാണ് കസ്റ്റംസിന്റെ എയർ ഇന്റലിജൻസ് വിഭാഗം പിടികൂടിയത്. ഓരോ സെറ്റപ്പ് ബോക്സിലും 10 എണ്ണംവീതമാണ് സ്വർണ ബാറുകൾ ഒളിപ്പിച്ചുവെച്ചിരുന്നത്. ഇത്തരത്തിൽ 110 ഗ്രാം തൂക്കമുള്ള 20 സ്വർണബിസ്‌കറ്റുകളാണ് ഇയാളിൽനീന്നും കണ്ടെടുത്തത്.

കഴിഞ്ഞ ഒരാഴ്ച മുൻപ് സന്ദർശക വിസയിലാണ് ഇയാൾ ദുബായിലെത്തിയത്. അവിടെനിന്നു സ്വർണം കൊടുത്തയച്ചയാളെ ഇയാൾ വെളിപ്പെടുത്തിയിട്ടില്ലെന്ന് കസ്റ്റംസ് അധികൃതർ വ്യക്തമാക്കി. 10000 രൂപ കമ്മിഷൻ തുകയായി കിട്ടുമെന്നതിനെത്തുടർന്നാണ് സ്വർണം ഒളിപ്പിച്ചു കടത്തിയതെന്ന് ഇയാൾ ചോദ്യംചെയ്യലിൽ വെളിപ്പെടുത്തി. പിടികൂടിയ സ്വർണ ബിസ്‌കറ്റുകൾ കസ്റ്റംസിന്റെ വെയർഹൗസിലേക്കു മാറ്റി. കസ്റ്റംസ് ഇയാൾക്കെതിരെ കേസെടുത്തു. കസ്റ്റംസ് ഡെപ്യൂട്ടി കമ്മിഷണർ കൃഷ്ണേന്ദു രാജാ മിന്റുരാജ, അസിസ്റ്റന്റ് കമ്മിഷണർ സിനി, സൂപ്രണ്ടുമാരായ ജയരാജ്, ബിന്ദു, ഇൻസ്‌പെക്ടർമാരായ സോനു, ജോസഫ് എന്നിവരാണ് ഇയാളെ അറസ്‌റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group