
ഗോഡ്‌സെയുടെ പിറന്നാൾ ആഘോഷിച്ച ആറ് ഹിന്ദുമഹാസഭാ പ്രവർത്തകർ പിടിയിൽ
സ്വന്തംലേഖകൻ
മഹാത്മാഗാന്ധിയുടെ കൊലയാളി നാഥുറാം ഗോഡ്‌സെയുടെ പിറന്നാൾ ആഘോഷിച്ച ആറ് ഹിന്ദുമഹാസഭാ പ്രവർത്തകർ പിടിയിൽ. ഗുജറാത്തിലെ സൂറത്തിൽ ലിംബായത്ത് മേഖലയിലുള്ള സൂര്യമുഖി ഹനുമാൻ ക്ഷേത്രത്തിലായിരുന്നു പിറന്നാളാഘോഷം.അഖില ഭാരതീയ ഹിന്ദു മഹാസഭയുടെ പ്രവർത്തകനായ ഹിരൺ സുമ്ര എന്നയാളാണ് പരിപാടി സംഘടിപ്പിച്ചത്. ഇയാൾ തന്നെയാണ് ഈ ക്ഷേത്രത്തിലെ പൂജാരി. പതിനഞ്ചോളം യുവാക്കൾ പരിപാടിയിൽ പങ്കെടുത്തു. സ്ഥലത്തെ ലോക്കൽ ചാനലിലെ ക്യാമറാമാനെയും ഇവർ ക്ഷണിച്ചു വരുത്തിയിരുന്നു.ക്ഷേത്രത്തിൽ ചുറ്റുവിളക്ക് വെച്ചായിരുന്നു പിറന്നാളാഘോഷം. മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയുമുണ്ടായി. ഇതെല്ലാം ചാനൽ സംപ്രേഷണം ചെയ്തു. പരിപാടിയുടെ വീഡിയോ ക്ലിപ്പുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തു.സുമ്രയെയും മറ്റ് അഞ്ചുപേരെയും സൂറത്ത് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കലാപശ്രമത്തിനും ഇരുവിഭാഗങ്ങൾ തമ്മിൽ സ്പർദ്ദയുണ്ടാക്കാൻ ശ്രമിച്ചതിനും ദേശീയൈക്യത്തെ തകർക്കുവിധം പ്രവർത്തിച്ചതിനുമാണ് കേസ്സെടുത്തിട്ടുള്ളത്.മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്തിയ ഗോഡ്‌സെ ഹിന്ദുമഹാസഭാ പ്രവർത്തകനായിരുന്നു.