
വത്തിക്കാൻസിറ്റി: 70,000ത്തോളം യുവജനങ്ങളെ സാക്ഷിയാക്കി കാർലോ അക്യൂട്ടീസ് വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ടു.
15 വർഷം മാത്രം ഭൂമിയില്‍ ജീവിച്ച് കംപ്യൂട്ടറിനെയും സാമൂഹ്യമാധ്യമങ്ങളെയും ആത്മീയതയുമായി ബന്ധിപ്പിച്ച് സഭാപ്രബോധനങ്ങള്‍ക്കും ജപമാലയ്ക്കും ഓണ്‍ലൈനിലൂടെ പ്രചാരം നല്‍കിയ ബാലനെ പോപ്പ് ലിയോ വിശുദ്ധരുടെ നിരയിലേക്ക് ഉയർത്തി.
കത്തോലിക്ക സഭയുടെ ചരിത്രത്തില്‍ വിശുദ്ധരുടെ നിരയിലേക്ക് എത്തുന്ന ആദ്യ കംപ്യൂട്ടർ പ്രതിഭകൂടിയാണ് കാർലോ. ഈ നൂറ്റാണ്ടിലെ ഏറ്റവും പ്രായം കുറഞ്ഞ വിശുദ്ധനും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
യുവജനങ്ങള്‍ക്കിടയില്‍ മില്ലേനിയല്‍ വിശുദ്ധനെന്ന് അറിയപ്പെടുന്ന കാർലോയുടെ വിശുദ്ധപദവി പ്രഖ്യാപനത്തിന് പതിനായിരക്കണക്കിന് യുവജനങ്ങളാണ് ലോകത്തിന്റെ വിവിധകോണുകളില്‍ നിന്ന് ഒഴുകിയെത്തിയത്.
‘നിങ്ങളെല്ലാവരും, നാമെല്ലാവരും ഒരുമിച്ച്, വിശുദ്ധരാകാൻ വിളിക്കപ്പെട്ടവരാണ്. സ്വർഗ്ഗം എപ്പോഴും നമ്മളെ കാത്തിരിക്കുന്നു. നാളെയെ സ്നേഹിക്കുക എന്നാല്‍ ഇന്ന് നമ്മളാല്‍ കഴിയുന്ന ഏറ്റവും മികച്ചത് നല്‍കുക എന്നതാണെന്ന് കാർലോ പറയാൻ ഇഷ്ടപ്പെട്ടിരുന്നു. പുതിയ വിശുദ്ധർ എല്ലാവർക്കും, പ്രത്യേകിച്ച് യുവജനങ്ങള്‍ക്ക്, നമ്മുടെ ജീവിതം പാഴാക്കാതെ, അവയെ സ്വർഗ്ഗത്തിലേക്ക് നയിക്കാനുള്ള ഒരു ക്ഷണമാണ്.’ പോപ്പ് ലിയോ പറഞ്ഞു.