
പനാജി: നവംബർ 20 മുതല്‍ 28 വരെ നടക്കുന്ന ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ ഇന്ത്യൻ പനോരമാ വിഭാഗത്തില്‍ മലയാളത്തില്‍ നിന്ന് നാലു ചിത്രങ്ങള്‍ ഇടം നേടി.
ആടുജീവിതം, മഞ്ഞുമ്മല്‍ ബോയ്‌സ്, ഭ്രമയുഗം, ലെവല്‍ക്രോസ് എന്നിവയാണ് മലയാളത്തില്‍ നിന്ന് ഇന്ത്യൻ പനോരമയിലെ ഫീച്ചർ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. രണ്‍ദീപ് ഹൂഡ സംവിധാനം ചെയ്ത് നായകവേഷത്തിലെത്തിയ സ്വതന്ത്ര വീർസവർക്കർ ആണ് ഇന്ത്യൻ പനോരമയിലെ ഉദ്ഘാടന ചിത്രം.
384 ചിത്രങ്ങളില്‍ നിന്നാണ് ഫീച്ചർ വിഭാഗത്തിലെ 25 സിനിമകള്‍ തിരഞ്ഞെടുത്തത്. നോണ്‍ ഫീച്ചർ വിഭാഗത്തിലെ ചിത്രങ്ങള്‍ തിരഞ്ഞെടുത്തത് 262 എണ്ണത്തില്‍ നിന്നുമാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഘർ ജൈസാ കുഛ് ആണ് ഇന്ത്യൻ പനോരമയിലെ നോണ്‍ ഫീച്ചർ വിഭാഗത്തിലെ ഉദ്ഘാടന ചിത്രം.
തമിഴില്‍ നിന്ന് ജിഗർതണ്ട ഡബിള്‍ എക്സും തെലുങ്കില്‍ നിന്ന് കല്‍ക്കി 2898 എ .ഡി എന്നിവയും പ്രദർശിപ്പിക്കും.
ഇതില്‍ മുഖ്യധാരാ സിനിമാ വിഭാഗത്തിലാണ് മഞ്ഞുമ്മല്‍ ബോയ്സും കല്‍ക്കിയും ഉള്‍പ്പെട്ടിരിക്കുന്നത്. വിക്രാന്ത് മാസി നായകനായ 12ത്ത് ഫെയില്‍ എന്ന ചിത്രവും ഈ പട്ടികയിലുണ്ട്.
അതേസമയം നോണ്‍ ഫീച്ചർ വിഭാഗത്തില്‍ മലയാളത്തില്‍ നിന്നുള്ള ചിത്രങ്ങളില്ല. നടൻ മനോജ് ജോഷിയുടെ നേതൃത്വത്തിലുള്ള 12 അംഗങ്ങളാണ് ഇന്ത്യൻ പനോരമ ഫീച്ചർ ഫിലിം വിഭാഗത്തിലെ സിനിമകള്‍ തിരഞ്ഞെടുത്തത്.ഓസ്ട്രേലിയയില്‍നിന്നുള്ള ചിത്രങ്ങളാണ് കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ പ്രദർശിപ്പിക്കുക. ഏഴ് ചിത്രങ്ങളായിരിക്കും ഈ വിഭാഗത്തില്‍ പ്രദർശിപ്പിക്കുക.