
സ്വന്തം ലേഖകൻ
കോട്ടയം: സഹോദരനുമായി വഴക്കിട്ട് വീട്ടില്‍നിന്നു പിണങ്ങി ഇറങ്ങി കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന പെണ്‍കുട്ടിയെ രാത്രി മുഴുവന്‍ നടത്തിയ തെരച്ചിലിനു ശേഷം കണ്ടെത്തി. ഇന്നു രാവിലെ 6.45നാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.
വെള്ളാവൂര്‍ ഏറത്തുവടകര ആനക്കല്ല് പൂണിക്കാവ് സ്വദേശിനിയായ 17കാരിയാണ് സഹോദരനുമായി വഴക്കുണ്ടാക്കിയ ശേഷം രാത്രി വീടുവിട്ടിറങ്ങിയത്.
രാത്രി 7.30ന് ആനക്കല്ല് ഭാഗത്തു പെണ്‍കുട്ടി ഒറ്റയ്ക്കു നടന്നുവരുന്നതു കണ്ടു നാട്ടുകാര്‍ വിവരം തിരക്കിയതോടെ പെണ്‍കുട്ടി സമീപത്തെ കാടും പടര്‍പ്പും നിറഞ്ഞ തോട്ടത്തിലേക്കു ഓടി കയറുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടര്‍ന്നു നാട്ടുകാര്‍ വിവരം പോലീസില്‍ അറിയിച്ചു. അപ്പേഴേക്കും പെണ്‍കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് വീട്ടുകാർ മണിമല പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നു പോലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നു രാത്രിയില്‍ തെരച്ചില്‍ ആരംഭിച്ചു. ഇതിനു സമീപം പുഴയുള്ളതു ബന്ധുക്കളുടെയും നാട്ടുകാരുടെയും ആശങ്ക കൂട്ടിയിരുന്നു. കുറ്റാകൂരിരുട്ടിലേക്കാണ് പെണ്‍കുട്ടി ഓടിക്കയറിയത്.
രാത്രി ഒരു മണി വരെ തെരച്ചില്‍ നടത്തിയെങ്കിലും പെണ്‍കുട്ടിയെ കണ്ടെത്താന്‍ സാധിച്ചില്ല. ഇതോടെ തെരച്ചില്‍ അവസാനിപ്പിച്ച ശേഷം രാവിലെ പുനരാരംഭിക്കുകയായിരുന്നു.
ഇന്നു രാവിലെ തെരച്ചില്‍ തുടങ്ങിയ ഉടന്‍തന്നെ പെണ്‍കുട്ടിയെ കണ്ടെത്തുകയും ചെയ്തു. വഴക്കുണ്ടാക്കിയ ശേഷം പെണ്‍കുട്ടിയുടെ വീട്ടില്‍നിന്നു രണ്ടു കിലോമീറ്ററോളം ദൂരത്തേക്കു നടക്കുകയായിരുന്നു. തുടര്‍ന്നാണ് വെളിച്ചമില്ലാത്ത തോട്ടത്തില്‍ കയറി ഒളിച്ചത്.