ചിക്കമഗളൂരുവിൽ ശ്രീനന്ദയെ കാണാതായിട്ട് 3 ദിവസം കടന്നു പോയി; കുട്ടിയ്ക്കായി തിരച്ചിൽ ഇന്നും തുടരും

Spread the love

കർണാടകത്തിലെ ചിക്കമഗളുരുവിൽ വിനോദസഞ്ചാരത്തിനു പോയി കാണാതായ പതിനഞ്ചുകാരി ശ്രീനന്ദക്കായുള്ള തെരച്ചിൽ ഇന്നും തുടരും. കുട്ടിയെ കാണാതായ മാണിക്യധാര വെള്ളച്ചാട്ടത്തോട് ചേർന്നുള്ള ചെങ്കുത്തായ മേഖലകളിൽ ഇറങ്ങിയുള്ള പരിശോധന ഇന്നും തുടരും. കുട്ടിയെ തട്ടിക്കൊണ്ടുപോയിട്ടുണ്ടാകാം എന്ന ഗുരുതര ആരോപണം മാതാപിതാക്കൾ ഉന്നയിച്ചിട്ടുള്ള സാഹചര്യത്തിൽ ആ ദിശയിലും അന്വേഷണം ഉണ്ടാകും. ശ്രീനന്ദയെ കാണാതായിട്ട് 60 മണിക്കൂറിലേറെ പിന്നിട്ട് കഴിഞ്ഞു. കുട്ടിയെ കണ്ടെത്താനാകും എന്ന പ്രതീക്ഷയിൽ ചിക്കമഗളുരുവിൽ തന്നെ തുടരുകയാണ് മാതാപിതാക്കൾ.

video
play-sharp-fill

ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് പാലക്കാട് കടമ്പഴിപ്പുറത്ത് നിന്ന് 40 അംഗ സംഘത്തിനൊപ്പം എത്തിയ ശ്രീനന്ദയെ കാണാതാകുന്നത്. ബാബാ ബുധൻ ഗിരിയിലെ മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപത്ത് നിന്നുമാണ് കാണാതായത്. പൊലീസ്, വനംവകുപ്പ്, അഗ്നിരക്ഷാ സേന എന്നിവർ ഉൾപ്പെടുന്ന 100 അംഗ സ്പെഷ്യൽ ടാസ്ക് ഫോഴ്സാണ് ഇപ്പോൾ തിരച്ചിൽ നടത്തുന്നത്. ചെങ്കുത്തായ ഇറക്കങ്ങളിലും കൊക്കകളിലും പരിശോധന നടത്താൻ തെർമൽ ഡ്രോണുകൾ ഉപയോഗിച്ചു. എന്നാൽ ഇന്നലെ രാത്രി വൈകി നടത്തിയ പരിശോധനയിലും ഫലമുണ്ടായില്ല.