ബസില്‍ ഉറങ്ങിപ്പോയി; ശബരിമല തീര്‍ഥാടനത്തിനിടെ കാണാതായ ഒന്‍പത് വയസുകാരിയെ കണ്ടെത്തി മോട്ടോര്‍വാഹന വകുപ്പ് ; അച്ഛനും മുത്തശ്ശിക്കും ഒപ്പമാണ് നാലാംക്ലാസുകാരി ശബരിമലയിലേക്ക് എത്തിയത്

Spread the love

സ്വന്തം ലേഖകൻ

പത്തനംതിട്ട: ശബരിമല തീര്‍ഥാടനത്തിനിടെ കാണാതായ ഒന്‍പതു വയസ്സുകാരിയെ മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി ബന്ധുക്കളുടെ അടുത്തെത്തിച്ചു. കുടുംബത്തോടൊപ്പം യാത്ര ചെയ്ത കുട്ടി ബസ്സില്‍ ഉറങ്ങിപ്പോയതിനെത്തുടര്‍ന്നാണ് കാണാതായത്. പോലീസിന്റെ സഹായത്തോടെയാണ് കുട്ടിയെ കണ്ടെത്തിയത്. തമിഴ്‌നാട്ടില്‍നിന്ന് ശബരിമലയിലേക്ക് തീര്‍ഥാടനത്തിനെത്തിയവരായിരുന്നു സംഘം.

അച്ഛനും മുത്തശ്ശിയും ഉള്‍പ്പെടെ നാട്ടില്‍നിന്നുള്ള സംഘത്തോടൊപ്പമാണ് ഭവ്യ എന്ന നാലാംക്ലാസുകാരി ശബരിമലയിലേക്ക് പുറപ്പെട്ടത്. ബുധനാഴ്ച രാവിലെ പത്തിന് പമ്പയിലെത്തിയ സംഘം, ബസ്സിറങ്ങി നടന്നു. കുറച്ചുകഴിഞ്ഞപ്പോഴാണ് മകളെ കാണാനില്ലെന്ന് അച്ഛന് ബോധ്യപ്പെട്ടത്. തുടര്‍ന്ന് ബസ് നിര്‍ത്തിയിടത്ത് തിരികെയെത്തി അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബസ് പമ്പയില്‍ ആളെയിറക്കിയ ശേഷം നിലയ്ക്കലിലേക്ക് മടങ്ങിയിരുന്നു. ഇതോടെ പെണ്‍കുട്ടിയുടെ പിതാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് വിവരമറിയിച്ചതു പ്രകാരം മോട്ടോര്‍ വാഹനവകുപ്പ് ജീവനക്കാര്‍ ബസ്സിന്റെ നമ്പര്‍ സ്വീകരിച്ച് നിലയ്ക്കലിലെത്തി അന്വേഷിച്ചു. തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് അട്ടത്തോട്ടില്‍വെച്ച് തടഞ്ഞുനിര്‍ത്തി എന്നാല്‍ എല്ലാവരും പമ്പയില്‍ത്തന്നെ ഇറങ്ങിയെന്നായിരുന്നു ജീവനക്കാരുടെ മറുപടി.

ഇതോടെ ബസ്സിനകത്ത് കയറി പരിശോധിച്ചപ്പോള്‍ പിന്‍സീറ്റില്‍ ഉറങ്ങുന്ന നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തി. കുഞ്ഞിനെ കണ്ടുകിട്ടിയ കാര്യം പോലീസിലറിയിക്കാന്‍ കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ചെങ്കിലും മൊബൈല്‍ റേഞ്ചില്ലാത്തത് തിരിച്ചടിയായി. തുടര്‍ന്ന് വകുപ്പ് വാഹനത്തില്‍ കുഞ്ഞിനെ പോലീസ് കണ്‍ട്രോള്‍ റൂമിലെത്തിക്കുകയായിരുന്നു. എ.എം.വി.ഐ.മാരായ ആര്‍. രാജേഷ്, ജി. അനില്‍ എന്നിവരാണ് ബസ്സില്‍ കയറി പരിശോധന നടത്തിയത്.