വീട്ടിലുണ്ടാക്കിയ ഐസ്ക്രീം കഴിച്ച് പെണ്‍കുട്ടി മരിച്ചു; വിഷം ഉള്ളില്‍ചെന്ന് മരിച്ചതായി വിവരം: മരണത്തിൽ ദുരൂഹത; സംഭവം കാസര്‍ഗോഡ്
സ്വന്തം ലേഖകൻ
കാസര്‍ഗോഡ്: വീട്ടിലുണ്ടാക്കിയ ഐസ്ക്രീം കഴിച്ച് പെണ്‍കുട്ടി മരിച്ചു. കാസര്‍ഗോഡ് വെള്ളരിക്കുണ്ട് ബളാല്‍ അരീങ്കല്ലിലെ ആന്‍ മേരി (19) എന്ന പെണ്‍കുട്ടിയാണ് മരണപ്പെട്ടത്. ആന്‍ മേരിയുടെ പിതാവ് ബെന്നി, മാതാവ് ബെസി, സഹോദരന്‍ ആന്‍ബിന്‍ എന്നിവരെയും അവശ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിതാവ് ബെന്നിയുടെ ആരോഗ്യനില ഗുരുതരമാണ്. എലിവിഷം ഉള്ളില്‍ ചെന്നാണ് പെണ്‍കുട്ടി മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.
എന്നാല്‍ ഇത് എലിവിഷം തന്നെയാണോ എന്ന് മനസിലാക്കാന്‍ രാസപരിശോധനാ ഫലം കൂടി പുറത്തുവരാനുണ്ടെന്ന് പൊലീസ് അറിയിച്ചു. മാതാവും സഹോദരനും അപകടനില തരണം ചെയ്ത് ആശുപത്രി വിട്ടതായും പൊലീസ് പറയുന്നു. ഒരാഴ്ച മുമ്പാണ് ആന്‍മേരിയും സഹോദരനും വെള്ളരിക്കുണ്ടിലെ വീട്ടില്‍ ഐസ്‌ക്രീം ഉണ്ടാക്കിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇത് കഴിച്ച് തൊട്ടടുത്ത ദിവസമാണ് ആന്‍ മേരിക്ക് ഛര്‍ദ്ദിയും വയറുവേദനയും അനുഭവപ്പെട്ടത്. ആദ്യം വെള്ളരിക്കുണ്ടിലെ ആശുപത്രിയില്‍ ചികിത്സ തേടി. ഇതിന് മുമ്പ് ഇവര്‍ ചെറുപുഴയില്‍ ഒറ്റമൂലി ചികിത്സ നടത്തിയതായും വിവരമുണ്ട്. അച്ഛന്‍ ബെന്നിയെയും അമ്മ ബെസിയെയും സമാന ലക്ഷണങ്ങളുമായി ബുധനാഴ്ച രാത്രി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് സംഭവത്തില്‍ ദുരൂഹത ഉയര്‍ന്നത്.
ആന്‍ മേരിയും സഹോദരന്‍ ആല്‍ബിനും ചേര്‍ന്നാണ് ഐസ്ക്രീം ഉണ്ടാക്കിയത്. ഐസ്ക്രീമിന്റെ ചിത്രം സാമൂഹിക മാധ്യമം വഴി കൂട്ടുകാരിക്ക് കൈമാറിയിരുന്നു. ബെന്നിയും ആന്‍ മേരിയുമാണ് ഐസ്ക്രീം അധികവും കഴിച്ചതെന്നതാണ് അറിയാന്‍ കഴിയുന്നത്. പെണ്‍കുട്ടിയുടെ മരണ വിവരമറിഞ്ഞതോടെ ആന്‍മേരിയുടെ വീട് സീല്‍ ചെയ്തതായി വെള്ളരിക്കുണ്ട് പൊലീസ് വ്യക്തമാക്കി.