
ഗിർ വനങ്ങളിലെ സിംഹങ്ങൾ കൂട്ടത്തോടെ ചാകുന്നു: ഒരാഴ്ചക്കിടെ ചത്തത് 21 എണ്ണം; അപൂർവ്വ രോഗം
സ്വന്തം ലേഖകൻ
ഗിർ: മൂന്നാഴ്ചയ്ക്കുള്ളിൽ ഗിർ വനത്തിൽ ചത്ത സിംഹങ്ങളുടെ എണ്ണം 21 ആയി ഉയർന്നു. കഴിഞ്ഞ രണ്ടുദിവസത്തിനുള്ളിലാണ് രണ്ടെണ്ണം ചത്തത്. അവശനിലയിലായ 33 സിംഹങ്ങളെ നിരീക്ഷണ കേന്ദ്രത്തിലാക്കിയിട്ടുണ്ട്. നിശ്ചിതസ്ഥലത്ത് ആധിപത്യം നേടുന്നതിന് സിംഹങ്ങൾ ഏറ്റുമുട്ടുമ്പോഴുള്ള പരിക്കുകൾമൂലമാണ് മരണമെന്ന് വനംവകുപ്പ് അവകാശപ്പെടുന്നു. എന്നാൽ, അമ്രേലി ജില്ലയിലെ ദൽഖാനിയ റേഞ്ചിലാണ് കൂടുതൽ മരണങ്ങളുമെന്നത് ദുരൂഹതയേറ്റുന്നു. ഇതിനിടെ ചത്ത അഞ്ച് സിംഹങ്ങളുടെ മൃതദേഹ പരിശോധനയിൽ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 64 സംഘങ്ങളാണ് ക്ഷീണിതരായ സിംഹങ്ങളെ കണ്ടെത്തുന്നതിന് സെപ്റ്റംബർ 24 മുതൽ ഗിർ വനമേഖലയിൽ തിരച്ചിൽ നടത്തുന്നത്.
അമ്രേലി, ഗിർ സോമനാഥ്, ജുനഗഢ്, ഭാവനഗർ ജില്ലകളിൽ 1800 ചതുരശ്ര കിലോമീറ്ററിലാണ് ഗിർ വനങ്ങൾ വ്യാപിച്ചുകിടക്കുന്നത്. അവസാനം 2015-ൽ നടന്ന കണക്കെടുപ്പിൽ 523 സിംഹങ്ങളുണ്ട്. ഇത് 2010-ലെക്കാൾ 27 ശതമാനം അധികമാണ്. വർഷം തോറും അഞ്ചുശതമാനം എന്ന നിരക്കിൽ ഇവ കൂടിവരുന്നുവെന്നാണ് മുഖ്യ വനപാലകൻ ജി.കെ. സിൻഹ സെപ്റ്റംബർ 21-ന്റെ പത്രസമ്മേളനത്തിൽ അറിയിച്ചത്. അതനുസരിച്ച് ഇപ്പോൾ 600 എണ്ണമെങ്കിലും ഉണ്ടാകണം. എന്നാൽ, വനംമന്ത്രി ഗണപത് വസാവ പറഞ്ഞത് 500 എണ്ണത്തിനെയേ ഇതുവരെ കണ്ടെത്താനായിട്ടുള്ളൂ എന്നാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
