19-ാം വയസ്സില്‍ ബിജെപിക്കാരനായി രാജഗോപാലിന്റെ അതിവിശ്വസ്തന്‍; ‘ജോര്‍ജ് കുര്യൻ വെള്ളം കോരുന്നവരെയും വിറക് വെട്ടുന്നവരെയും അവഗണിക്കുന്നു’ എന്ന നോബിള്‍ മാത്യുവിന്റെ പ്രയോഗത്തിന് പാർട്ടി നൽകിയ മറുപടി പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള സസ്‌പെന്‍ഷൻ, ബിജെപിയെ ‘വര്‍ഗ്ഗീയ പാര്‍ട്ടി’ എന്ന് മുദ്രകുത്തി രാഷ്ട്രീയമായി ഒറ്റപ്പെടുത്തിയ കാലഘട്ടങ്ങളിലെല്ലാം ക്രൈസ്തവ വിഭാഗങ്ങളെ പാര്‍ട്ടിയോട് അടുപ്പിക്കാന്‍ ശ്രമിച്ച വ്യക്തി, പരിവാറുകാര്‍ക്ക് ആരാണ് ജോര്‍ജ് കുര്യന്‍?

Spread the love

കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനെ എന്‍ഡിഎ സ്ഥാനാര്‍ഥിയാക്കിയതിനെതിരെ പരസ്യമായി രംഗത്തെത്തി ന്യൂനപക്ഷ മോര്‍ച്ച ദേശീയ ഉപാധ്യക്ഷന്‍ നോബിള്‍ മാത്യു.

video
play-sharp-fill

ജോര്‍ജ് കുര്യന്‍ വലിയ നേതാവല്ലെന്നും പാര്‍ട്ടിക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും നോബിള്‍ മാത്യു ആരോപിച്ചു. തോല്‍ക്കാന്‍ പോകുന്ന ആളിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ മടിയാണ്. പാര്‍ട്ടിക്ക് വേണ്ടി കഷ്ടപ്പെടുന്നവരെയും വെള്ളം കോരുന്നവരെയും വിറക് വെട്ടുന്നവരെയും പുറത്തുനിര്‍ത്തിക്കൊണ്ടുള്ള രാഷ്ട്രീയ നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്നും നോബിള്‍ മാത്യു ആരോപിച്ചു. ഇതിന് പിന്നാലെ സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ നോബിള്‍ മാത്യുവിനെ ബിജെപിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. സ്ഥാനാർഥി പട്ടികക്കെതിരായ പ്രതികരണങ്ങളിൽ ആണ് നടപടി.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറാണ് അച്ചടക്ക നടപടി സ്വീകരിച്ചത്. ബിജെപി കേരളത്തില്‍ രാഷ്ട്രീയമായി വലിയ വെല്ലുവിളികള്‍ നേരിട്ടിരുന്ന കാലത്ത്, സംഘപരിവാര്‍ പ്രസ്ഥാനത്തിലൂടെ വളര്‍ന്നുവന്ന ജോര്‍ജ് കുര്യനെപ്പോലൊരു നേതാവിനെതിരെ നോബിള്‍ മാത്യു നടത്തിയ പരാമര്‍ശങ്ങളാണ് ബിജെപി കേന്ദ്രങ്ങളെ ചൊടിപ്പിച്ചത്. എബിവിപിയിലൂടെ കോളേജ് കാലത്ത് സംഘപരിവാര്‍ രാഷ്ട്രീയത്തിലെത്തിയ ജോര്‍ജ് കുര്യന്‍, ഒ. രാജഗോപാല്‍ കേന്ദ്രമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ ഒഎസ്ഡിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ബിജെപിയെ വര്‍ഗ്ഗീയമായി മുദ്രകുത്തി രാഷ്ട്രീയമായി ഒറ്റപ്പെടുത്താന്‍ ശ്രമിച്ച കാലഘട്ടങ്ങളില്‍ പാര്‍ട്ടിയുടെ സംഘടനാ സംവിധാനത്തില്‍ ഉറച്ചുനിന്ന നേതാവാണ് അദ്ദേഹം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

എന്നാല്‍, നരേന്ദ്ര മോദി കേന്ദ്രത്തില്‍ അധികാരത്തിലെത്തിയതിന് ശേഷം മാത്രം ബിജെപിയിലേക്ക് ചേക്കേറിയ വ്യക്തിയാണ് നോബിള്‍ മാത്യുവെന്ന് ബിജെപി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. അധികാരം കണ്ട് പാര്‍ട്ടിയിലെത്തിയവര്‍ക്ക് ജോര്‍ജ് കുര്യന്റെ പാരമ്പര്യമോ അദ്ദേഹം പാര്‍ട്ടിക്കുവേണ്ടി സഹിച്ച ത്യാഗങ്ങളോ മനസ്സിലാകില്ലെന്നാണ് വിമര്‍ശനം. കാഞ്ഞിരപ്പള്ളിയില്‍ ജോര്‍ജ് കുര്യന് 20,000 വോട്ട് പോലും കിട്ടില്ലെന്നും അദ്ദേഹം ‘വെള്ളം കോരുന്നവരെയും വിറക് വെട്ടുന്നവരെയും’ അവഗണിക്കുന്നുവെന്നുമുള്ള നോബിളിന്റെ പ്രസ്താവന അച്ചടക്കലംഘനമായാണ് നേതൃത്വം കാണുന്നത്.

 

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഗ്രൂപ്പ് പോര് നടന്നുവെന്നും രാജീവ് ചന്ദ്രശേഖറിന്റെ താല്പര്യങ്ങള്‍ ഇതില്‍ പ്രതിഫലിച്ചിട്ടുണ്ടെന്നും നോബിള്‍ മാത്യു ആരോപിച്ചിരുന്നു. എന്നാല്‍, പാര്‍ട്ടിക്ക് വലിയ വേരോട്ടമുള്ള ക്രൈസ്തവ മേഖലകളില്‍ ജോര്‍ജ് കുര്യനെപ്പോലൊരു സമുന്നതനായ നേതാവിനെ രംഗത്തിറക്കുന്നത് ഗുണകരമാകുമെന്ന വിലയിരുത്തലിലാണ് ബിജെപി. അച്ചടക്കത്തിന് മുന്‍ഗണന നല്‍കുന്ന പാര്‍ട്ടിയില്‍, മുതിര്‍ന്ന നേതാവിനെ അപമാനിക്കുന്നത് അനുവദിക്കാനാവില്ലെന്ന വ്യക്തമായ സന്ദേശമാണ് നോബിള്‍ മാത്യുവിനെതിരായ സസ്‌പെന്‍ഷന്‍ നല്‍കുന്നത്.

 

ആരാണ് ജോര്‍ജ് കുര്യന്‍

 

കേരളത്തില്‍ ബിജെപിക്ക് അധികാരമെന്നത് സ്വപ്നം മാത്രമായിരുന്ന കാലത്ത്, നിന്ദയും പരിഹാസവും സഹിച്ച്‌ പാര്‍ട്ടിക്കുവേണ്ടി അടിത്തറയിട്ട പാരമ്പര്യമാണ് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്റേത്. എന്നാല്‍, കേന്ദ്രത്തില്‍ അധികാരം വന്നപ്പോള്‍ മാത്രം ബിജെപിയിലേക്ക് ചേക്കേറിയ നോബിള്‍ മാത്യുവിനെപ്പോലൊരു നേതാവ്, ജോര്‍ജ് കുര്യനെ പരസ്യമായി അപമാനിച്ചതിനെ ബിജെപി നേതൃത്വം ഗൗരവമായാണ് കാണുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് നോബിള്‍ മാത്യുവിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.

 

1980-ല്‍ ജനസംഘത്തില്‍ നിന്ന് ബിജെപി രൂപീകൃതമായപ്പോള്‍, കേവലം 19 വയസ്സുള്ളപ്പോള്‍ തന്നെ താമരക്കൊടി നെഞ്ചേറ്റിയ നേതാവാണ് ജോര്‍ജ് കുര്യന്‍. മധ്യകേരളത്തിലെ യാഥാസ്ഥിതിക ക്രൈസ്തവ കുടുംബത്തില്‍ നിന്നുള്ള ഒരു യുവാവ് അന്ന് ബിജെപിയില്‍ ചേരുന്നത് വലിയ വിമര്‍ശനങ്ങള്‍ക്കും ഒറ്റപ്പെടുത്തലുകള്‍ക്കും കാരണമായിരുന്നു. എങ്കിലും വെല്ലുവിളികള്‍ അതിജീവിച്ച്‌ അദ്ദേഹം പാര്‍ട്ടിക്കൊപ്പം നിന്നു. എബിവിപിയിലൂടെ തുടങ്ങി യുവമോര്‍ച്ചയുടെ ദേശീയ ഭാരവാഹിത്വത്തിലും, പിന്നീട് ഒ. രാജഗോപാലിന്റെ ഒഎസ്ഡിയായും ഒക്കെ പ്രവര്‍ത്തിച്ച്‌ പടിപടിയായാണ് അദ്ദേഹം നേതൃനിരയിലേക്ക് ഉയര്‍ന്നത്. ബിജെപിയെ ‘വര്‍ഗ്ഗീയ പാര്‍ട്ടി’ എന്ന് മുദ്രകുത്തി രാഷ്ട്രീയമായി ഒറ്റപ്പെടുത്തിയ കാലഘട്ടങ്ങളിലെല്ലാം ക്രൈസ്തവ വിഭാഗങ്ങളെ പാര്‍ട്ടിയോട് അടുപ്പിക്കാന്‍ ജോര്‍ജ് കുര്യന്‍ നടത്തിയ ശ്രമങ്ങള്‍ നിസ്തുലമാണ്.

 

മറുവശത്ത്, കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം മാത്രം ബിജെപിയിലേക്ക് എത്തിയ നേതാവാണ് നോബിള്‍ മാത്യു. പാര്‍ട്ടിയുടെ കഷ്ടകാലത്ത് വിയര്‍പ്പൊഴുക്കിയ പാരമ്പര്യമില്ലാത്ത ഇത്തരമൊരു നേതാവ്, ദശകങ്ങളായി പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്കായി പ്രയത്‌നിച്ച ജോര്‍ജ് കുര്യനെ ‘വെള്ളം കോരുന്നവരും വിറക് വെട്ടുന്നവരും’ എന്ന് വിളിച്ച്‌ ആക്ഷേപിച്ചത് ബിജെപി അണികള്‍ക്കിടയില്‍ വലിയ പ്രതിഷേധമുണ്ടാക്കി. കാഞ്ഞിരപ്പള്ളിയില്‍ ജോര്‍ജ് കുര്യന് സ്വാധീനമില്ലെന്നും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഗ്രൂപ്പ് കളി നടന്നുവെന്നുമുള്ള നോബിളിന്റെ ആരോപണം സ്വന്തം അധികാരമോഹത്തില്‍ നിന്നുള്ളതാണെന്ന് പാര്‍ട്ടി വിലയിരുത്തുന്നു.

 

മുതിര്‍ന്ന നേതാവിനെതിരെ പരസ്യമായ വിദ്വേഷ പ്രചാരണം നടത്തിയ നോബിള്‍ മാത്യുവിനെതിരെ നടപടിയെടുക്കാന്‍ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഒട്ടും വൈകിച്ചില്ല. പാര്‍ട്ടിക്ക് വലിയ പ്രതീക്ഷയുള്ള കാഞ്ഞിരപ്പള്ളിയില്‍ ജോര്‍ജ് കുര്യനെപ്പോലൊരു സമുന്നതനായ നേതാവിനെ അംഗീകരിക്കാതെ, സ്വന്തം താല്പര്യങ്ങള്‍ക്കായി പാര്‍ട്ടിയെ പൊതുമധ്യത്തില്‍ നാണംകെടുത്താന്‍ നോബിള്‍ ശ്രമിച്ചുവെന്നാണ് കുറ്റപത്രം. പാരമ്പര്യമുള്ള നേതാക്കളെ തള്ളിപ്പറയുന്നവര്‍ക്ക് ബിജെപിയില്‍ സ്ഥാനമില്ലെന്ന വ്യക്തമായ സന്ദേശമാണ് ഈ സസ്‌പെന്‍ഷനിലൂടെ നേതൃത്വം നല്‍കുന്നത്.